ഹയർസെക്കൻഡറി ഭിന്നശേഷി കുട്ടികൾക്ക് സ്ക്രൈബിനെ ലഭിക്കും ; 8,9 ക്ലാസ് പരീക്ഷ പുനഃക്രമീകരിച്ചു
Mail This Article
കൊച്ചി: ഭിന്നശേഷിക്കാരായ ഹയർസെക്കൻഡറി വിദ്യാർഥികൾക്കു പരീക്ഷയെഴുതാൻ സ്ക്രൈബിനെ (പരീക്ഷാ സഹായി) ലഭിക്കില്ലെന്ന പ്രതിസന്ധിക്കു പരിഹാരം. ഇവർക്കു സ്ക്രൈബ് ആയി നിശ്ചയിച്ച 8,9 ക്ലാസുകാർക്ക് ഹയർസെക്കൻഡറി പരീക്ഷാ ദിനങ്ങളിൽ തന്നെ നിശ്ചയിച്ചിരുന്ന വാർഷിക പരീക്ഷകൾ വിദ്യാഭ്യാസ അധികൃതർ പുനഃക്രമീകരിച്ചു. മലയാള മനോരമ 18ന് പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ തീരുമാനം. ഇരു പരീക്ഷകളും മാർച്ച് 1 മുതൽ 27 വരെ തീയതികളിൽ ഏതാണ്ട് ഒരേ സമയത്തു തന്നെ നടത്താനുള്ള മുൻതീരുമാനം ഭിന്നശേഷിക്കാരായ വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു.
പുനഃക്രമീകരിച്ച ടൈംടേബിൾ പ്രകാരം 8, 9 ക്ലാസുകളുടെ പരീക്ഷകൾ ഉച്ചയ്ക്കു ശേഷം 1.30 മുതൽ നടത്തും. രാവിലെ 9.30 മുതലാണു ഹയർസെക്കൻഡറി പരീക്ഷകൾ. ഇതിനു പുറമെ, കൂടുതൽ സൗകര്യാർഥം മറ്റു ചില പരീക്ഷകളുടെ ദിവസങ്ങളിലും മാറ്റം വരുത്തി. ഹയർസെക്കൻഡറി പരീക്ഷയില്ലാത്ത 27–ാം തീയതിയിലെ ഒൻപതാം ക്ലാസ് ബയോളജി പരീക്ഷ രാവിലെ 10 മുതൽ മുൻനിശ്ചയപ്രകാരം തന്നെ നടത്താനും തീരുമാനിച്ചു.
ഭിന്നശേഷി മേഖലയിലെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഇൻക്ലൂസീവ് പേരന്റ് അസോസിയേഷനും ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനും പരീക്ഷകൾ ഒരുമിച്ചു നടത്താനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. മനോരമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ കേസെടുക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു.