ADVERTISEMENT

വടകര ∙ സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി ശാരിക എ.കെ. ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് ഈ സ്വപ്നനേട്ടം സ്വന്തമാക്കിയത്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സല്യൂട്ട് ഐഎഎസ് അക്കാദമിയുടെ സ്ഥാപകനും എഴുത്തുകാരനും മോട്ടിവേഷനൽ സ്പീക്കറുമായ ഡോ. ജോബിൻ എസ്.കൊട്ടാരം ആരംഭിച്ച ‘പ്രോജക്ട് ചിത്രശലഭം’ എന്ന പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അപകടത്തിൽ ശരീരം ഭാഗികമായി തളർന്ന് വീൽചെയറിലായ ഷെറിൻ ഷഹാനയ്ക്കും ‘ചിത്രശലഭം’ പദ്ധതി വഴി ലഭിച്ച പരിശീലനത്തിൽ കഴിഞ്ഞ വർഷം സിവിൽ സർവീസ് ലഭിച്ചിരുന്നു.

ശാരികയ്ക്ക് ഇടതുകൈയിലെ മൂന്ന് വിരലുകൾ മാത്രമേ ചലിപ്പിക്കാൻ കഴിയൂ. ഈ പരിമിതി അതിജീവിച്ചാണ് ശാരികയുടെ നേട്ടം. വടകര കീഴരിയൂർ എരേമ്മൻ കണ്ടി ശശിയുടേയും രാഖിയുടേയും മകളാണ്. പ്ലസ് ടു വിദ്യാർഥിനിയായ ദേവിക സഹോദരിയാണ്. 2024 ലെ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി. തുടർന്ന്  ജനുവരി 30ന് ഡൽഹിയിൽ നടന്ന ഇന്റർവ്യൂവിൽ മികവ് തെളിയിച്ചു. ഓൺലൈൻ ആയും തിരുവനന്തപുരത്ത് നേരിട്ടുമായിരുന്നു പരിശീലനം.

ഇന്ത്യയിൽ മൂന്നു കോടിയോളം ഭിന്നശേഷിക്കാരുണ്ട്. എന്നാൽ സിവിൽ സർവീസ് അടക്കമുള്ള നേതൃരംഗത്ത് അവരുടെ പ്രാതിനിധ്യം വളരെ കുറവാണ്. ഇത് കണക്കിലെടുത്ത് ഭിന്ന ശേഷിക്കാരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ എത്തിക്കുന്നതിനാണ് മൂന്നു വർഷം മുൻപ് ഡോ. ജോബിൻ എസ് കൊട്ടാരം ‘പ്രൊജക്റ്റ്‌ ചിത്രശലഭം’ ആരംഭിച്ചത്. പ്രതിസന്ധികളോടും ജീവിതാവസ്‌ഥകളോടും പടവെട്ടി ശാരിക എ. കെ സിവിൽ സർവീസിലെത്തുമ്പോൾ അത് ഈ അധ്യാപകനും സംതൃപ്തിയുടെ നിമിഷമായി മാറുകയാണ്.

English Summary:

Trailblazer on Wheels: Sharika A.K. Defies Cerebral Palsy to Crack Indian Civil Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com