സ്വകാര്യ നഴ്സിങ് കോളജ് പ്രവേശനം: നിർണായക ചർച്ച ഇന്ന്, തർക്കം സർവത്ര; വേണം അടിയന്തര പരിഹാരം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളജുകളിലെ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം നീക്കാനുള്ള നിർണായക ചർച്ച ഇന്ന് 11ന് മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ നടക്കും. സ്വകാര്യ മേഖലയിലെ 119 കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശന തർക്കമാണു പരിഹരിക്കേണ്ടത്. ചർച്ചയിൽ വിട്ടുവീഴ്ചയും അടിയന്തര നടപടികളും ഉണ്ടായില്ലെങ്കിൽ പ്രവേശനം സമയത്തു നടക്കില്ല. കോളജുകളിൽ കേരള നഴ്സിങ് കൗൺസിൽ നടത്തുന്ന പരിശോധനയുടെ കാര്യത്തിലും തീരുമാനമുണ്ടാകണം.
വിവിധ വിഷയങ്ങളിൽ നിലപാടുകൾ ഇങ്ങനെ:
ജിഎസ്ടി തർക്കം
സർക്കാർ: 2 അസോസിയേഷനുകളുടെ നേതൃത്വത്തിൽ 82 കോളജുകളിലേക്കു നടത്തിയ ഏകജാലക പ്രവേശനത്തിനു വിദ്യാർഥികളിൽ നിന്ന് അപേക്ഷാ ഫോമിനായി 1000 രൂപ വാങ്ങിയിരുന്നു. ഇതിനു 2017 മുതൽ 18% ജിഎസ്ടി നൽകണം.
അസോസിയേഷനുകൾ: 2017 മുതലുള്ള കുടിശിക 4 കോടി രൂപയാകും. അതു നൽകാനാവില്ല. ഇനി മുതൽ നികുതി നൽകാം. കുടിശിക എഴുതിത്തള്ളിയില്ലെങ്കിൽ ഏകജാലക പ്രവേശനം ഉപേക്ഷിക്കും. സർക്കാരിനു വിട്ടുകൊടുത്ത 50% സീറ്റ് തിരിച്ചെടുക്കാനും മടിക്കില്ല.
വിദ്യാർഥികൾ: 2 അസോസിയേഷനുകളിൽ അപേക്ഷിച്ചാൽ 82 കോളജുകളിൽ പ്രവേശന സാധ്യത ഉണ്ടായിരുന്നു. മെറിറ്റിൽ, തലവരി ഇല്ലാതെയായിരുന്നു പ്രവേശനം. ഏകജാലകം ഇല്ലെങ്കിൽ ഓരോ കോളജിലും വെവ്വേറെ അപേക്ഷിക്കേണ്ടി വരും. മെറിറ്റ് ഉണ്ടാകില്ല. തലവരി വാങ്ങാനും സാധ്യത.
ആരോഗ്യ സർവകലാശാലഅഫിലിയേഷൻ
ആരോഗ്യ സർവകലാശാല: അഫിലിയേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മെഡിക്കൽ, നഴ്സിങ് ഉൾപ്പെടെയുള്ള കോളജുകളിൽ നിന്നു സർവകലാശാല നേരത്തേ ഈടാക്കിയിരുന്ന വിവിധ ഫീസുകൾക്ക് ജിഎസ്ടി ഇനത്തിൽ 2017 മുതലുള്ള 28 കോടി രൂപ നൽകണമെന്നു ധനവകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. അതിനാൽ, ജിഎസ്ടിയിൽ കോളജുകളുടെ വിഹിതം നൽകാമെന്ന് സത്യവാങ്മൂലം നൽകാത്തവർക്ക് അഫിലിയേഷൻ ഇല്ലെന്നാണു സർവകലാശാലയുടെ നിബന്ധന. മാനേജ്മെന്റുകൾ: സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് സത്യവാങ്മൂലം നൽകില്ല.
സംസ്ഥാന നഴ്സിങ് കൗൺസിൽ അഫിലിയേഷൻ
നഴ്സിങ് കൗൺസിൽ: അഫിലിയേഷൻ നൽകുന്നതിനു മുന്നോടിയായി കൗൺസിൽ അംഗങ്ങൾ ഉൾപ്പെടുന്ന സമിതി കോളജുകൾ പരിശോധിക്കും. അവകാശം തടയുന്നതിനെതിരെ കോടതിയെ സമീപിക്കും. അതിൽ തീരുമാനം വരുന്നതുവരെ അഫിലിയേഷൻ നൽകില്ല.
മാനേജ്മെന്റുകൾ: കൗൺസിൽ അംഗങ്ങൾ ഉൾപ്പെടുന്ന സമിതി പാടില്ല, കോളജ് അധ്യാപകർ ഉൾപ്പെടുന്ന സമിതി മതി. കൗൺസിൽ അംഗങ്ങൾ പരിശോധനയുടെ പേരിൽ കോളജ് ഭരണത്തിൽ അനാവശ്യമായി ഇടപെടുന്നു.
ആരോഗ്യ വകുപ്പ്: കൗൺസിൽ അംഗങ്ങൾ പരിശോധനയ്ക്കു പോകരുത്.
സിംഗിൾ മാനേജ്മെന്റ് മെറിറ്റ്
അസോസിയേഷനുകൾ: ഒറ്റയ്ക്കൊറ്റയ്ക്കു പ്രവേശനം നടത്തുന്ന 37 കോളജുകൾ ഉണ്ട്. അവർ മെറിറ്റ് നോക്കുന്നില്ല. തലവരി വാങ്ങുന്നതായി ആക്ഷേപം ഉണ്ട്. ഈ കോളജുകളിലും പ്രവേശനത്തിന് ഏകജാലക രീതി ഏർപ്പെടുത്തണം.
പ്രോസ്പെക്ടസ്
പ്രവേശന മേൽനോട്ട സമിതി: സർവകലാശാലയുടെയും കൗൺസിലിന്റെയും അഫിലിയേഷൻ ഇല്ലാത്ത കോളജുകളുടെ പ്രോസ്പെക്ടസ് അംഗീകരിക്കില്ല. ഇതില്ലാതെ പ്രവേശനം നടത്താനാകില്ല.