സംസ്ഥാനത്തെ ഹയർ സെക്കൻഡറി പാഠ്യപദ്ധതിയും പരിഷ്കരിക്കുന്നു
Mail This Article
തിരുവനന്തപുരം : ഒന്നര പതിറ്റാണ്ടിനു ശേഷം സംസ്ഥാനത്തെ ഹയർ സെക്കൻഡറി പാഠ്യ പദ്ധതിയും പരിഷ്ക രിക്കുന്നു. ഹയർ സെക്കൻഡറിയിയിലും വൊക്കേഷനൽ ഹയർ സെക്കൻഡറിയിലും സംസ്ഥാന ഏജൻസിയായ എസ്‌സിഇആർടിയുടെ പാഠപുസ്തകങ്ങൾ 2025–26 അധ്യയന വർഷം മുതൽ പുതുക്കുകയാണ് ലക്ഷ്യം. ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര ഏജൻസിയായ എൻസിഇആർടിയുടെ പാഠപുസ്തകങ്ങളാണ് കേരളത്തിലും ഉപയോഗിക്കുന്നത്. ഇതിൽ സാമൂഹിക ശാസ്ത്ര വിഷയങ്ങളിലെ എൻസിഇആർടി പാഠപുസ്തകങ്ങൾ ഒഴിവാക്കി പുതിയവ കേരളത്തിൽ തയാറാക്കും. ഈ പുസ്തകങ്ങളിൽ കേന്ദ്രം രാഷ്ട്രീയ താൽപര്യത്തോടെ ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലും നടത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇക്കണോമിക്സ്, ജ്യോഗ്രഫി എന്നീ വിഷയങ്ങളിലും സ്വന്തം പാഠപുസ്തകങ്ങൾ തയാറാക്കാനുള്ള നീക്കം.
നിലവിൽ ഈ വിഷയങ്ങളിൽ, കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി സപ്ലിമെന്ററി പാഠപുസ്തകം തയാറാക്കി കേരളം പഠിപ്പിക്കുന്നുണ്ട്. അത് അടുത്ത അധ്യയന വർഷവും തുടരും. അടുത്ത വർഷം എൻസിഇആർടിയും പാഠപുസ്തകങ്ങൾ പൂർണമായും പരിഷ്കരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ ഇടപെടലിനു സാധ്യതയുള്ള സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ സ്വന്തം പുസ്തകം തയാറാക്കാൻ ശ്രമം. എൻസിഇആർടി പാഠപുസ്തകങ്ങൾക്ക് റോയൽറ്റി ഇനത്തിൽ വർഷവും നൽകേണ്ട തുകയും കുറയ്ക്കാനാകും. ദേശീയ പ്രവേശന പരീക്ഷകളിലടക്കം അടിസ്ഥാനം എൻസിഇആർടി സിലബസ് ആയതിനാൽ ശാസ്ത്ര വിഷയങ്ങളിൽ ആ പാഠപുസ്തകങ്ങൾ തന്നെ ഇവിടെയും തുടരും.
ജൂണിൽ തന്നെ പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ ആരംഭിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഭാഷ വിഷയങ്ങൾ, കൊമേഴ്സ്, അക്കൗണ്ടൻസി, കംപ്യൂട്ടർ സയൻസ്, ഗാന്ധിയൻ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലാണ് എസ്‌സിഇആർടി പാഠപുസ്തകങ്ങളുള്ളത്. ശിൽപശാല സംഘടിപ്പിച്ച് പാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം നൽകിയ ശേഷമാകും പുസ്തകം തയാറാക്കലിലേക്കു കടക്കുകയെന്ന് എസ്‌സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് പറഞ്ഞു.