അഡ്മിഷൻ റദ്ദാക്കിയാൽ മുഴുവൻ ഫീസും തിരികെ; ഉന്നതവിദ്യാഭ്യാസ പ്രവേശനം: മാനദണ്ഡം പുതുക്കി യുജിസി
Mail This Article
ന്യൂഡൽഹി ∙ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ അഡ്മിഷൻ റദ്ദാക്കുകയോ പിൻവലിക്കുകയോ ചെയ്താൽ അടച്ച ഫീസ് തിരികെ നൽകണമെന്നു യുജിസി നിർദേശിച്ചു. നിശ്ചിത കാലയളവിനുള്ളിലാണ് അഡ്മിഷൻ റദ്ദാക്കുന്നതെങ്കിൽ മുഴുവൻ ഫീസും തിരികെ നൽകണം. കഴിഞ്ഞ വർഷങ്ങളിലും യുജിസി സമാനനിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡം യുജിസി പുതുക്കി പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ 30നുള്ളിലാണു പ്രവേശനം റദ്ദാക്കുകയോ സ്ഥാപനം മാറുകയോ ചെയ്യുന്നതെങ്കിൽ ഫീസ് മുഴുവൻ തിരികെ നൽകണം. ഒക്ടോബർ 31നുള്ളിലാണെങ്കിൽ പ്രൊസസിങ് ഫീസായി 1000 രൂപയിൽ താഴെ മാത്രം ഈടാക്കാം.ഒക്ടോബർ 31നു ശേഷവും പ്രവേശന നടപടികൾ തുടരുന്ന സ്ഥാപനമാണെങ്കിൽ ഫീസ് റീഫണ്ട് അനുവദിക്കണമെന്നാണു നിർദേശം. ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശന നടപടി അവസാനിക്കുന്നതിനു 15 ദിവസം മുൻപാണ് അഡ്മിഷൻ പിൻവലിക്കുന്നതെങ്കിൽ മുഴുവൻ ഫീസും റീഫണ്ട് നൽകണം. 15 ദിവസത്തിൽ താഴെയാണെങ്കിൽ 90 % റീഫണ്ട് നൽകണം. അവസാന ദിവസം കഴിഞ്ഞു 15 ദിവസത്തിനുള്ളിലാണെങ്കിൽ 80 ശതമാനവും 30 ദിവസത്തിനുള്ളിലാണെങ്കിൽ 50 ശതമാനവും റീഫണ്ട് അനുവദിക്കണമെന്നാണു നിർദേശം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രമല്ല, പ്രവേശന നടപടികൾക്കായി രൂപീകരിച്ച കൺസോർഷ്യങ്ങൾ, കമ്മിറ്റികൾ, അസോസിയേഷനുകൾ എന്നിവയ്ക്കെല്ലാം ഈ നിർദേശം ബാധകമാകുമെന്നും യുജിസി വ്യക്തമാക്കി.