ADVERTISEMENT

തിരുവനന്തപുരം: എ.പി.ജെ  അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബിരുദ പരീക്ഷകളുടെ  ഫലം പ്രസിദ്ധീകരിച്ചു. 2015 ൽ പ്രവർത്തനം ആരംഭിച്ച സർവ്വകലാശാലയിലെ ആറാം  ബി.ടെക് ബാച്ചിന്റെയും നാലാം  ആർക്കിടെക്ചർ ബാച്ചിന്റെയും മൂന്നാം ബി എച് എം സി ടി (ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി) ബാച്ചിന്റെയും, രണ്ടാം ബി ഡെസ് (ബാച്‌ലർ ഓഫ് ഡിസൈൻ) ബാച്ചിന്റെയും ഫലമാണ് പ്രസിദ്ധീകരിച്ചത്. ബി.ടെക് പരീക്ഷയിൽ 53.03% വിജയശതമാനം നേടിയപ്പോൾ ബി ആർക്, ബി എച് എം സി ടി, ബി ഡെസ് ബാച്ചുകൾക്ക് യഥാക്രമം 71.28, 73.13, 65.79 വിജയശതമാനമാണ് ലഭിച്ചത്.

ജൂൺ ആദ്യവാരം അവസാനിച്ച എട്ടാം സെമസ്റ്റർ ബിടെക് പരീക്ഷയുടെ ഫലം സർവകലാശാല ജൂൺ 22-ന് പ്രസിദ്ധീകരിച്ചു. കൂടാതെ, മുൻ സെമസ്റ്ററുകളിലെ സപ്ലിമെൻ്ററി പരീക്ഷകളുടെ ഫലവും രണ്ട് മാസം മുമ്പ് പ്രസിദ്ധീകരിച്ചു.  ചിട്ടയോടുള്ള ശ്രമങ്ങളുടെ ഫലമായാണ് കൃത്യസമയത്ത് ഫലം പ്രസിദ്ധീകരിക്കാൻ സർവകലാശാലക്ക് സാധിച്ചത്.

ബിടെക് പരീക്ഷാഫലം
36 എഞ്ചിനീയറിങ് ബ്രാഞ്ചുകളിലായി 30,923 വിദ്യാർഥികളാണ് 2020-21 അക്കാദമിക വർഷത്തിൽ ബിടെക് പ്രവേശനം നേടിയത്. ഇതിൽ 1039 വിദ്യാർഥികൾ (3.57%) പഠനം നിർത്തിയിരുന്നു. 
128 എഞ്ചിനീയറിങ് കോളേജുകളിലായി പരീക്ഷയെഴുതിയ 27,000 വിദ്യാർത്ഥികളിൽ 14,319 വിദ്യാർത്ഥികൾ വിജയിച്ചു; വിജയശതമാനം 53.03.  
(2019-ൽ 36.5%, 2020-ൽ 46.5%, 2021-ൽ 51.86%, 2022-ൽ 50.47% എന്നിങ്ങനെയായിരുന്നു ബി ടെക് വിജയശതമാനം. കഴിഞ്ഞ വർഷം വിജയശതമാനം 55.6% ആയിരുന്നു.) 

പരീക്ഷയെഴുതിയ 10,229 പെൺകുട്ടികളിൽ 6,921 പേർ വിജയിച്ചതോടെ പെൺകുട്ടികളിലെ വിദ്യാർഥികളുടെ വിജയ ശതമാനം 67.66% ആണ്. 16,771 ആൺകുട്ടികൾ പരീക്ഷ എഴുതിയതിൽ 7,398 പേർ വിജയിച്ചു. വിജയ ശതമാനം 44.11%.  പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ, പരീക്ഷ എഴുതിയ 1,012 വിദ്യാർഥികളിൽ 262 പേർ (25.89%) വിജയിച്ചു. ലാറ്ററൽ എൻട്രി വിഭാഗത്തിൽ, 2,487 വിദ്യാർഥികളിൽ 1,181 പേർ (47.49%) ബി ടെക് ബിരുദം നേടി.

9 ന് മുകളിൽ സി ജി പി എ ഉള്ള വിദ്യാർഥികളുടെ എണ്ണം 1117 ആണ്. സർക്കാർ, സർക്കാർ-എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിങ്, സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലെ വിജയശതമാനം യഥാക്രമം 71.91, 75.94, 59.76, 43.39 എന്നിങ്ങനെയാണ്.എൻബിഎ അക്രെഡിറ്റേഷൻ ഉള്ള 58 കോളേജുകളിൽ പരീക്ഷയെഴുതിയ 9,198 വിദ്യാർഥികളിൽ 5,671 പേർ വിജയിച്ചു. 61.65 ആണ് വിജയശതമാനം. ഇത് സംസ്ഥാന ശരാശരിയേക്കാൾ 9.94 ശതമാനം കൂടുതലാണ്.

ബി.ടെക് ഹോണേഴ്‌സ് 
നാലാം സെമസ്റ്റർ വരെ എട്ടിന് മുകളിൽ ഗ്രേഡ് നേടുകയും തുടർന്ന് നാല് അധിക വിഷയങ്ങൾ പഠിച്ച് അധികമായി 20 ക്രെഡിറ്റുകൾ നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്കാണ് ബിടെക് ഓണേഴ്‌സ് നൽകുന്നത്. ഈ വർഷം 462 വിദ്യാർഥികളാണ് ബിടെക് ഓണേഴ്സ് ബിരുദത്തിന് അർഹരായത്.

ബി ടെക് മൈനർ 
യൂണിവേഴ്സിറ്റി ‘‘മൈനർ ഇൻ എൻജിനീയറിങ്’’ നടപ്പിലാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ബിടെക് ബാച്ചാണിത്.  ഈ വർഷം 1126 വിദ്യാർഥികൾ ബി.ടെക് മൈനർ ബിരുദത്തിന് അർഹരായി. ഓണേഴ്‌സും മൈനറും ഒരുമിച്ചു നേടിയത് 135 വിദ്യാർഥികളാണ്.

ഉയർന്ന സ്‌കോർ ലഭിച്ച വിദ്യാർഥികൾ
ടികെഎം കോളജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥിനിയായ ബീമ ജിഹാൻ (9.95 സിജിപിഎ),  ബാർട്ടൺ ഹില്ലിലെ എൻജിനീയറിങ് കോളേജിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിങ് വിദ്യാർഥിനി അപർണ എസ്. (9.88 സി ജി പി എ) ടികെഎം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനീയറിങ് വിദ്യാർഥിനി അശ്വതി ഇ, (9.87 സി ജി പി എ) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയവർ.

ഉയർന്ന വിജയശതമാനം ലഭിച്ച കോളേജുകൾ
ഏറ്റവും കൂടുതൽ വിദ്യാർഥികളെ പ്രവേശിപ്പിച്ച, പ്രധാന എൻജിനീയറിങ് (Core engineering) പഠന മേഖലകൾ പ്രധാനം ചെയ്യുന്ന കോളേജുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള കോളേജുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ മാനദണ്ഡങ്ങളിലൂടെ ഏറ്റവും ഉയർന്ന വിജയശതമാനമുള്ള ആദ്യത്തെ അഞ്ച് കോളേജുകൾ ഇവയാണ്:

കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം (88.34%)
ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ (76.65%)
ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം (76.59%)
എൻഎസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാലക്കാട് (76.16%)
എംഎ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോതമംഗലം (74.88%)

ബി ആർക് 
യൂണിവേഴ്സിറ്റിയിലെ നാലാമത്തെ ആർക്കിടെക്ചർ ബാച്ച് 71.28 ശതമാനം വിജയമാണ് കൈവരിച്ചത്. കഴിഞ്ഞ വർഷത്തെ 53.45% ൽ നിന്ന് ഗണ്യമായ വർധനവ് ഈ വർഷം നേടാനായി. 2019-20 അധ്യയന വർഷത്തിൽ 8 കോളേജുകളിലായി 430 വിദ്യാർഥികൾ പ്രവേശനം നേടി. ഇതിൽ 383 പേർ പത്താം സെമസ്റ്റർ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യുകയും 273 പേർ വിജയിക്കുകയും ചെയ്തു. ബി ആർക്കിൽ ഏറ്റവും ഉയർന്ന വിജയശതമാനമുള്ള കോളേജുകൾ ഇവയാണ്:

1. കോളേജ് ഓഫ് എൻജിനീയറിങ് തൃശൂർ (92.5%)
2. കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (91.18%)
3. ടികെഎം കോളേജ് ഓഫ് എൻജിനീയറിങ് (84.29%)

പരീക്ഷയെഴുതിയ 143 ആൺകുട്ടികളിൽ 90 പേർ വിജയിച്ചു. വിജയ ശതമാനം: 62.94%. രജിസ്റ്റർ ചെയ്ത 240 പെൺകുട്ടികളിൽ 183 പേരാണ് വിജയിച്ചത്. വിജയശതമാനം 76.23%. എസ്‌സി/എസ്ടി വിദ്യാർത്ഥികളിൽ 17 ൽ പരീക്ഷ എഴുതിയതിൽ 10 പേർ വിജയിച്ചു. വിജയശതമാനം 58.82%.  

ബി എച്ച് എം സി ടി
നിലവിൽ, ബി എച്ച് എംസിടി രണ്ട് കോളേജുകളിലാണ് വാഗ്ദാനം ചെയ്യുന്നത്: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയിലും കെഎംസിടി കോളേജ് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയിലും. ഈ രണ്ട് കോളേജുകളിലായി 84 വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചു. 67 വിദ്യാർഥികൾ എട്ടാം സെമസ്റ്റർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തു. ഇവരിൽ 49 പേർ വിജയിച്ചു. വിജയ ശതമാനം: 73.13.

ബി ഡെസ് 
സർവകലാശാലയുടെ രണ്ടാം ബി ഡെസ് ബാച്ചിന്റെ വിജയശതമാനം 65.79 ആണ്. നിലവിൽ ബി ഡെസ് പഠനം തിരുവനന്തപുരം കോളേജ് ഓഫ് ആർക്കിടെക്ചറിൽ മാത്രമാണുള്ളത്. ഇവിടെ 47 വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചു. ഇതിൽ 38 വിദ്യാർഥികൾ എട്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യുകയും 25 വിദ്യാർഥികൾ പരീക്ഷയെഴുതുകയും ചെയ്തു.

സർട്ടിഫിക്കറ്റുകൾ പോർട്ടൽ വഴി 
വിജയികളായ  വിദ്യാർഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും പരീക്ഷാ ഫലപ്രഖ്യാപനത്തോടൊപ്പം തന്നെ ഡിജിറ്റൽ മാതൃകയിൽ, പരീക്ഷാ കോൺട്രോളറുടെ ഇ-ഒപ്പോടെ  വിദ്യാർഥികളുടെ പോർട്ടലിൽ ലഭ്യമായി കഴിഞ്ഞു.   വിദ്യാർഥികൾക്ക് സ്വന്തം പോർട്ടലിൽ നിന്നും ഈ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുവാൻ കഴിയും. 

ഡിഗ്രി സെർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിലേക്ക്
ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ജൂൺ 28 മുതൽ സ്വീകരിച്ചു തുടങ്ങും. ഡിഗ്രി സെർട്ടിഫിക്കറ്റുകൾ  ഡിജിറ്റൽ രൂപത്തിൽ ഡിജിലോക്കറിൽ ലഭ്യമാക്കും.  

സർവകലാശാല സ്‌കൂളുകൾ ഈ വർഷം മുതൽ 
നൂതന എൻജിനീയറിങ് മേഖലകളിൽ നാല് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ തുടങ്ങാനുള്ള എഐസിറ്റിഇ അനുമതി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയ്ക്ക് ലഭിച്ചു. സർവകലാശാലയുടെ സ്കൂളുകളുടെ പ്രവർത്തനത്തിന്റെ ആദ്യപടിയായിട്ടാണ് ഈ കോഴ്സുകൾ തുടങ്ങുന്നത്. പിഎച്ച്ഡി,പോസ്റ്റ്‌ ഡോക്ടറൽ കോഴ്സുകളും ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. വരും വർഷങ്ങളിൽ വൈവിധ്യമാർന്ന കോഴ്സുകൾ ആരംഭിക്കാനുള്ള പദ്ധതികളാണ് സർവകലാശാല തയാറാക്കുന്നത്.

 ഈ വർഷം ആരംഭിക്കുന്ന കോഴ്സുകൾ ഇവയാണ്: 
എംടെക്-  ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി
എംടെക്- എംബെഡെഡ്ഡ് സിസ്റ്റംസ് ടെക്നോളജി
എംടെക്-ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്
എംടെക്- മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി

വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ ഡോ. വിനോദ് കുമാർ ജേക്കബ്, സിൻഡിക്കേറ്റ് അംഗം ഡോ ബി എസ് ജമുന, പരീക്ഷാ കൺട്രോളർ ഡോ. ആനന്ദ രശ്മി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

English Summary:

A.P.J Abdul Kalam Technical University Releases Graduation Exam Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com