ADVERTISEMENT

ന്യൂഡൽഹി ∙ നീറ്റ് യുജി പരീക്ഷയിൽ 61 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിലബസ് കുറച്ചതാണെന്ന് ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) സുപ്രീം കോടതിയിൽ വ്യക്തമാക്കി. നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്ന ഹർജികളെ എതിർത്തുകൊണ്ട് നൽകിയ സത്യവാങ്മൂലത്തിലാണ് ഇതടക്കം പരാമർശിക്കുന്നത്.

സിലബസ് കുറച്ചത് വിദ്യാർഥികൾക്ക് പ്രധാന പാഠ്യവിഷയങ്ങളിൽ ശ്രദ്ധ നൽകാനും കോവിഡ് പ്രതിസന്ധി മൂലമുള്ള സമ്മർദം മറികടക്കാനുമാണെന്ന് എൻടിഎ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 മുതൽ 25% വരെ സിലബസ് കുറച്ചു. ചില സെന്ററുകളിൽ പരീക്ഷയെഴുതിയവർക്ക് മാത്രം ഉയർന്ന മാർക്ക് ലഭിച്ചുവെന്ന ആരോപണവും എൻടിഎ തള്ളി. ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച 100 പേരുടെ താരതമ്യവും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 56 നഗരങ്ങളിലെ 95 സെന്ററുകളിലായി പരീക്ഷ എഴുതിയവർക്കാണ് ഉയർന്ന സ്കോർ ലഭിച്ചത്.

പരീക്ഷയിലെ ക്രമക്കേട് ഒറ്റപ്പെട്ട സംഭവങ്ങളാണ്. പട്നയിലും ഗോധ്‍രയിലും മാത്രമാണിവയുണ്ടായത്. അതുകൊണ്ടു തന്നെ പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാകും. വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വർധനയാണ് ഉയർന്ന പെർസന്റൈലിനുള്ള മറ്റൊരു കാരണം. കഴിഞ്ഞ വർഷം 20.38 ലക്ഷം പേരാണ് എഴുതിയത്. ഇത്തവണ 23.33 ലക്ഷമായി. ഇത്തവണത്തെ ഉയർന്ന കട്ട്–ഓഫ് മാർക്ക് വിദ്യാർഥികളുടെ മത്സരക്ഷമതയുടെയും പ്രകടനത്തിന്റെയും തെളിവാണ്. ഒരു ചോദ്യത്തിന് 2 ശരിയുത്തരങ്ങൾ ഓപ്ഷനായി നൽകിയത് പരീക്ഷയെ ബാധിച്ചിട്ടില്ല. ഒന്നിലേറെ ഓപ്ഷനുകൾ ശരിയാകുന്ന സന്ദർഭങ്ങളിൽ അതിലേതെങ്കിലുമൊന്ന് എഴുതിയാൽ 4 മാർക്ക് ലഭിക്കുമെന്ന് ഇൻഫർമേഷൻ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും എൻടിഎ കോടതിയെ അറിയിച്ചു.

English Summary:

NTA Attributes Full Marks in NEET UG to Reduced Syllabus – Supreme Court Informed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com