മലപ്പുറത്ത് കൂടുതൽ പ്ലസ് വൺ ബാച്ച്: തീരുമാനം ഇന്ന്
Mail This Article
തിരുവനന്തപുരം ∙ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ മലപ്പുറം ജില്ലയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കുന്ന കാര്യം മന്ത്രിസഭാ യോഗം ഇന്നു തീരുമാനിക്കും. സർക്കാർ സ്കൂളുകളിൽ മാത്രമാകും താൽക്കാലിക ബാച്ചുകൾ അനുവദിക്കുക; കൂടുതലും ഹ്യുമാനിറ്റീസ് ആയിരിക്കുമെന്നാണു സൂചന.
കാസർകോട്ടും ഏതാനും താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതു സർക്കാരിന്റെ പരിഗണനയിലാണ്. മെറിറ്റ് സീറ്റിൽ കാര്യമായി കുറവുണ്ടെങ്കിലും പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അധിക ബാച്ചിനു സാധ്യത കുറവാണ്. മലപ്പുറത്ത് എവിടെയൊക്കെ എത്ര ബാച്ചുകൾ അനുവദിക്കണമെന്നു താലൂക്ക് അടിസ്ഥാനത്തിൽ പഠിച്ച രണ്ടംഗ ഉദ്യോഗസ്ഥ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
സപ്ലിമെന്ററി ഘട്ടത്തിലെ ആദ്യ അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നലെ അവസാനിച്ചു. 89 മെറിറ്റ് സീറ്റുകൾ മാത്രമാണ് മലപ്പുറത്തു ശേഷിക്കുന്നത്. സംസ്ഥാനത്താകെ 22,729 അപേക്ഷകൾ ഇപ്പോഴും പുറത്താണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 222 പേരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഇവർ കൂടുതൽ ഓപ്ഷൻ ഉൾപ്പെടുത്താതെ അപേക്ഷ നൽകിയതു മൂലമാണിങ്ങനെ സംഭവിച്ചതാണെന്നാണു സർക്കാർ വാദം.
താൽക്കാലിക ബാച്ചുകൾ ഉൾപ്പെടെ പരിഗണിച്ചാകും രണ്ടാം സപ്ലിമെന്ററി അലോട്മെന്റ്. താഴ്ന്ന ഓപ്ഷനിൽ സപ്ലിമെന്ററി അലോട്മെന്റ് ലഭിച്ചവരും സ്ഥിര പ്രവേശനം നേടിയില്ലെങ്കിൽ പുറത്താകുന്ന സാഹചര്യമാണ്. അതുകൊണ്ട് തന്നെ പുതിയ ബാച്ചുകൾ വൈകി അനുവദിക്കുമ്പോൾ കൂടുതൽ മെറിറ്റ് ഉള്ളവർക്ക് അർഹമായി ലഭിക്കേണ്ടിയിരുന്ന അവസരം നഷ്ടപ്പെടുമെന്ന പരാതിയുണ്ട്.