ADVERTISEMENT

തിരുവനന്തപുരംസംസ്ഥാനത്ത് ഇതുവരെ വിവിധ ക്വോട്ടകളിലായി പ്ലസ് വൺ പ്രവേശനം നേടിയത് 3,76,382 പേർ. ഇതിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയത് 2,92,911 പേരാണ്. ആദ്യ സപ്ലിമെന്ററി അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനത്തിന് ശേഷം 24,432 സീറ്റുകളാണ് മെറിറ്റിൽ ശേഷിക്കുന്നതെങ്കിലും ഇതിൽ ഭൂരിപക്ഷവും സീറ്റ് ക്ഷാമമില്ലാത്ത തെക്കൻ–മധ്യ കേരള ജില്ലകളിലാണ്.

കൂടുതൽ സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറത്ത് 1,170 സീറ്റുകൾ മാത്രമാണ് മെറിറ്റിൽ ബാക്കിയെങ്കിലും 120 താൽക്കാലിക ബാച്ചുകൾ കൂടി അനുവദിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 995 മെറിറ്റ് സീറ്റ് ശേഷിക്കുന്ന കാസർകോട്ടും 18 താൽക്കാലിക ബാച്ചുകൾ അനുവദിച്ചിട്ടുണ്ട്. ഏതെല്ലാം സ്കൂളുകളിലാണ് ബാച്ചുകൾ എന്നു വ്യക്തമാക്കുന്ന ഉത്തരവ് അടുത്ത ദിവസമിറങ്ങും. അതേസമയം, സീറ്റ് പ്രശ്നമുള്ള പാലക്കാട് 1,107 സീറ്റുകളും കോഴിക്കോട് 1,068 സീറ്റുകളുമാണ് ശേഷിക്കുന്നത്. സപ്ലിമെന്ററിയിലെ ആദ്യ അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം 9ന് പൂർത്തിയായെങ്കിലും അതിന്റെ കണക്കുകളോ ഇനി എത്ര അപേക്ഷകർ ശേഷിക്കുന്നുണ്ടെന്ന വിവരമോ പൊതു വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സാധാരണ ഓരോ ഘട്ടത്തിലെയും പ്രവേശനം പൂർത്തിയായി അടുത്ത ദിവസം ഏകജാലക വെബ്സൈറ്റ് വഴി തന്നെ പരസ്യപ്പെടുത്തുന്ന കണക്കാണ് ഇത്തവണ പൂഴ്ത്തിയത്. പകരം ഇതുവരെ ഓരോ ക്വോട്ടയിലും ആകെ പ്രവേശനം നേടിയവരുടെയും അൺ എയ്ഡഡ് സ്കൂളുകളിലടക്കം ശേഷിക്കുന്ന സീറ്റുകളുടെയും എണ്ണം മാത്രം ഇന്നലെ രാത്രിയോടെ പ്രസിദ്ധീകരിക്കുകയായിരുന്നു. അൺ എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാനത്തൊട്ടാകെ 32,424 സീറ്റുകളാണ് ശേഷിക്കുന്നത്. മെറിറ്റ് സീറ്റുകളിലേക്ക് എത്ര അപേക്ഷകർ ശേഷിക്കുന്നുവെന്ന കണക്ക് പുറത്ത് വന്നാൽ ആവശ്യത്തിന് സീറ്റ് ബാക്കിയുണ്ടോ എന്നത് വ്യക്തമാകുമെന്നതിനാൽ വിവാദം ഒഴിവാക്കാനാണ് ഈ രഹസ്യസ്വഭാവമെന്ന് ആരോപണം ഉയരുന്നുണ്ട്.

മെറിറ്റ്– 292911, സ്പോർട്സ് –4719, കമ്യൂണിറ്റി–21388, മാനേജ്മെന്റ്–35130, പട്ടിക ക്ഷേമ വകുപ്പിന്റെ മോഡൽ റസിഡൻഷ്യൽ സ്കൂൾ– 922, അൺ എയ്ഡഡ് സ്കൂൾ– 21312 എന്നിങ്ങനെയാണ് ഇതുവരെ വിവിധ ക്വോട്ടകളിലായി പ്രവേശനം നേടിയവരുടെ എണ്ണം.

English Summary:

Kerala Plus One Admissions: 24,432 Merit Seats Left as Public Education Department Keeps Details Under Wraps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com