ഈ വർഷം മുതൽ സ്കൂൾ ഒളിംപിക്സ്; ശാസ്ത്രമേള ആലപ്പുഴയിൽ
Mail This Article
ആലപ്പുഴ∙ സംസ്ഥാന സ്കൂൾ കായിക മേളകൾക്കു പുറമേ ഈ വർഷം മുതൽ 4 വർഷത്തിലൊരിക്കൽ സ്കൂൾ ഒളിംപിക്സ് സംഘടിപ്പിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളും ഗെയിംസ് ഇനങ്ങളും ചേർത്താണു സ്കൂൾ ഒളിംപിക്സ് നടത്തുന്നത്. ഒക്ടോബർ 18 മുതൽ 5 ദിവസങ്ങളിലായി നടക്കുന്ന പ്രഥമ സ്കൂൾ ഒളിംപിക്സിന് എറണാകുളം വേദിയാകും. 41 ഇനങ്ങളിലായി രണ്ടു ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കും.
സംസ്ഥാന സ്കൂൾ ശാസ്ത്രമേള നവംബർ 14 മുതൽ 17 വരെ ആലപ്പുഴയിൽ നടത്തും അയ്യായിരത്തോളം ശാസ്ത്ര പ്രതിഭകൾ പങ്കെടുക്കും. സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
∙ എല്ലാ വർഷവും പാഠപുസ്തക പരിഷ്കരണം പരിഗണനയിൽ
പാഠപുസ്തകങ്ങൾ എല്ലാ വർഷവും പരിഷ്കരിക്കുന്നത് ആലോചിക്കുന്നുണ്ടെന്നു മന്ത്രി ശിവൻകുട്ടി. വർഷങ്ങൾക്കു ശേഷമാണ് ഇത്തവണ പാഠപുസ്തകങ്ങൾ പരിഷ്കരിച്ച് ഇറക്കിയത്. എഐ പോലുള്ള നവീന സാങ്കേതികവിദ്യകൾ ഉണ്ടാകുമ്പോൾ അതേക്കുറിച്ചു പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് എല്ലാ വർഷവും പരിഷ്കരിക്കുന്ന കാര്യം ആലോചിക്കുന്നത്.