ദ്വിവത്സര എംഎസ്‌സി നഴ്സിങ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
Mail This Article
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ കോഴിക്കോട്, കണ്ണൂർ സർക്കാർ നഴ്സിങ് കോളജുകളിലെ 146 സീറ്റുകളിലെയും സ്വാശ്രയ കോളജുകളിലെ സർക്കാർ സീറ്റുകളിലെയും ദ്വിവത്സര എംഎസ്‌സി നഴ്സിങ് പ്രവേശനത്തിന് 26ന് രാത്രി 11.59 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷാഫീ 1050 രൂപയും ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം 525 രൂപ. ജനറൽ ക്വോട്ടയിൽ അപേക്ഷിക്കുന്നവർ സർവീസ് ക്വോട്ടയിലും ശ്രമിക്കുന്നപക്ഷം 1050 രൂപ കൂടുതലടയ്ക്കണം.
പഠനശാഖകൾ: മെഡിക്കൽ സർജിക്കൽ / കമ്യൂണിറ്റി ഹെൽത്ത് / ചൈൽഡ് ഹെൽത്ത് / ഒബ്‌സ്‌ടെട്രിക്‌സ് & ഗൈനക്കോളജി / മെന്റൽ ഹെൽത്ത് നഴ്സിങ്.
പ്രവേശനയോഗ്യത : 55% മാർക്കോടെ ബിഎസ്‌സി നഴ്‌സിങ്ങും (റഗുലർ / പോസ്റ്റ് ബേസിക്) കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ റജിസ്ട്രേഷനും ഒരു വർഷത്തെ നിർദിഷ്‌ട സേവനപരിചയവും. പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതി. പ്രായം: 2024 ജൂലൈ 18ന് 46 കവിയരുത്. സർവീസ് ക്വോട്ടക്കാർക്ക് 49 വരെയാകാം.
എൻട്രൻസ് പരീക്ഷ : തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ 2 മണിക്കൂർ ഓൺലൈൻ ടെസ്റ്റ് നടത്തും. 200 മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾ. തെറ്റിനു മാർക്കു കുറയ്ക്കും. സർവീസ് വിഭാഗവും എൻട്രൻസെഴുതണം. ബിഎസ്‌സി നഴ്സിങ് നിലവാരത്തിൽ എല്ലാ വിഷയങ്ങളും ഉൾപ്പെട്ട ചോദ്യങ്ങൾ കാണും. സിലബസ്– സൂചന പ്രോസ്പെക്ടസിൽ. ഫീസ് : സർക്കാർ കോളജിൽ വാർഷികഫീസ് ഏകദേശം 35,300 രൂപ. ഡിപ്പോസിറ്റ് 4630 രൂപ പുറമേ. സ്വാശ്രയ കോളജിലെ സർക്കാർ സീറ്റിൽ ഒന്നര ലക്ഷവും. സർക്കാർ കോളജ് വിദ്യാർഥികൾക്കു സ്‌റ്റൈപൻഡുണ്ട്.
പ്രവേശനത്തിൽ സാമുദായിക / ഭിന്നശേഷി സംവരണമുണ്ട്. സ്വകാര്യ സ്വാശ്രയ കോളജ്/സീറ്റ് ലിസ്റ്റ് പിന്നീട്. സർവീസ് ക്വോട്ടക്കാർക്കുളള നിർദേശങ്ങളടക്കം കുടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റിലെ പ്രോസ്‌പെക്‌ടസും വിജ്ഞാപനവും നോക്കുക. സംശയപരിഹാരത്തിനു ഫോൺ: 0471- 2525300.