ADVERTISEMENT

ഒരു കാഴ്ചയിൽ അപ്പുറത്തു നിൽക്കുന്നയാളെ മനസ്സിലാക്കിയെന്ന് അഹങ്കരിക്കുന്ന പലരുമുണ്ട്. അവരുടെ ഓരോ ചലനങ്ങളും പ്രവർത്തികളും മുൻവിധിയോടെ മാത്രം വിലയിരുത്തുന്നവരാണ് നമ്മിൽപ്പലരും. എന്നാൽ ജീവിതത്തിലൊരു പ്രശ്നം വരുമ്പോൾ മാലാഖമാരെന്നു കരുതിയവർ കൈവിടുകയും വില്ലന്മാരെന്നു കരുതിയവർ സഹായിക്കുകയും ചെയ്ത എത്രയെത്ര അനുഭവങ്ങൾ നമുക്ക് സ്വന്തമായുണ്ട്. ബെംഗളൂരു നഗരത്തിൽ ആദ്യമായി ജോലിക്കെത്തിയ സമയത്തുണ്ടായ ദുരനുഭവത്തിൽ കൈത്താങ്ങായ സ്ഥാപനമുടമയുടെ കഥ വർക്ക് എക്സ്പീരിയൻസ് എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് ബിൻസൺ ജോസഫ്. 

‘‘ഇന്ദിരാ നഗർ ഫസ്റ്റ് സ്റ്റേജിൽ വണ്ടിയിറങ്ങിയ ഞാൻ ആദ്യം ചെയ്തത് പാന്റ്സിന്റെ കീശയിൽ  കയ്യിട്ട് പണമടങ്ങിയ കവർ അവിടെ ഉണ്ടോ എന്ന് പരിശോധിക്കുക യായിരുന്നു. ഞെട്ടലിന്റെ ഒരു തണുപ്പ് ഉള്ളിലൂടെ കയറിപ്പോയി. പോക്കറ്റടിക്ക പ്പെട്ടിരിക്കുന്നു എന്ന ബോധ്യം വന്നപ്പോഴേക്കും കയറേണ്ട നീലയും വെള്ളയും  നിറമുള്ള 137 യശ്വന്ത്പുര - ഇന്ദിരാനഗർ ബസ് മുന്നോട്ടുരുണ്ടുതുടങ്ങിയിരുന്നു. ഒന്നുരണ്ടുനിമിഷം അമ്പരന്നുനിന്ന ശേഷം അതിന്റെ പിന്നാലെയോടി ഒരുവിധത്തിൽ തിരിച്ചുകയറി. വർഷങ്ങളായി 137-ലാണ് ഞാൻ ഇന്ദിരാനഗറിലേക്ക് ജോലിക്കും തിരിച്ച് യശ്വന്ത്പുരയിലുള്ള താമസസ്ഥലത്തേക്കും യാത്ര ചെയ്തിരുന്നത്. ഇരുഭാഗത്തേക്കുമുള്ള ആ രണ്ടുമണിക്കൂർ യാത്രകൾ ഒരു ദിവസം പോലും മടുപ്പിക്കുന്നതായിരുന്നില്ല. വശങ്ങളിലെമ്പാടുമുള്ള കാഴ്ചകൾ, ജീവിതങ്ങൾ, പുതുതായി പരിചയപ്പെടുന്ന മുഖങ്ങൾ, സുഹൃത്തുക്കളായി മാറിയ ബസ് ജീവനക്കാർ എന്നിങ്ങനെ 137-ലെ  യാത്രയിൽ സമയംകൊല്ലികൾ ഒരുപാടുണ്ടായിരുന്നു.

“ഏനായിത്തു സാർ?”
എന്ത് പറ്റിയെന്ന് പരിചയമുണ്ടായിരുന്ന കണ്ടക്ടർ. ബസിലേക്ക് തിരിച്ചുകയറിയ എന്റെ വിളറിയ മുഖവും അപകടഭാവവും കണ്ട് അയാൾ തിങ്ങിനിറഞ്ഞുനിന്നിരുന്ന ആൾക്കാരുടെയിടയിലൂടെ എന്റെയടുത്തേക്ക് വരാൻ ശ്രമിച്ചുകൊണ്ടിരുന്നു.
“പിക് പോക്കറ്റ്… പിക് പോക്കറ്റ്…” ഞാൻ ഉറക്കെ ഇടറിപ്പറഞ്ഞു. ബസിന്റെ വേഗതകുറഞ്ഞു.
“അദ് എഷ്ട്ടൂ?” എത്ര കാശ് ഉണ്ടായിരുന്നു എന്ന് ചോദിച്ച് കണ്ടക്ടർ അടുത്തുവന്നുനിന്നു. ചുറ്റുമുള്ള ആൾക്കാരൊ ക്കെ എന്റെ മുഖത്തേക്ക് തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
ഞാൻ ഏകദേശം എത്ര തുകയാണ് നഷ്ടപ്പെട്ടതെന്ന് പറഞ്ഞു.
“ഓ ഹവുതാ?” കണ്ടക്ടർ കണ്ണുമിഴിച്ചു. ചുറ്റുമുള്ളവർ ‘അയ്യോ പാവം’ എന്ന രീതിയിൽ സഹതപിക്കുന്നുണ്ടായിരുന്നു. കുറച്ചു നിമിഷങ്ങൾ നിശബ്ദമായി കടന്നുപോയി. പിന്നെ കണ്ടക്ടർ എന്നോട് ഡോക്ടർ രോഗിയോട് ഇനി പ്രതീക്ഷയ്ക്കു വകയില്ലെന്നു പറയുന്നതുപോലെ പറഞ്ഞു:
“അദു കളദു ഹോഗിതേ സാർ…”  പോയി, അതിനി നോക്കണ്ടെന്ന്. അപ്പോഴേക്കും ചിന്മയാ മിഷൻ ഹോസ്പിറ്റലിന്റെ മുൻപിലെത്തിയ ബസ് നിർത്താൻ കണ്ടക്ടർ വിളിച്ചു പറഞ്ഞു. പതിവില്ലാത്ത സ്റ്റോപ്പിൽ നിർത്തിത്തന്ന 137-ൽനിന്നും ഇറങ്ങിയ ഞാൻ ആകെ തളർന്ന് ജോലിസ്ഥലത്തേക്ക് നടന്നു.
എന്റെ ഒരു മാസത്തെ കഠിനാധ്വാനത്തിന്റെ വേതനവും ഏതോ കള്ളന്റെ ഒരു നിമിഷത്തെ പ്രതിഫലവും ഏകദേശം തുല്യം. തലേന്ന് കിട്ടിയ മാസശമ്പളത്തിൽ നിന്നും മുറിവാടകയുടെ പങ്കുമാത്രമേ എടുത്തിട്ടുള്ളൂ. ബാക്കിമുഴുവനും ബാങ്കിലിടാൻ തിരിച്ചുകൊണ്ടുവന്നതാണ്. ഇന്ദിരാ നഗറിൽത്തന്നെയുള്ള വിജയ ബാങ്കിലാണ് എന്റെ അക്കൗണ്ട്. എടിഎം സർവീസുകളുടെ തുടക്കകാലമാണ്. കുറേശ്ശേ ആവശ്യത്തിനുള്ള തെടുത്ത് അടുത്ത ശമ്പളംവരെ എനിക്ക് ജീവിക്കാനുള്ള പണം പോയിരിക്കുന്നു. ഇനി ഞാനെന്തുചെയ്യും? കടുത്ത വിഷമത്തോടെ ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട് ഇന്ദിരാ നഗറിലെ മനോഹരമായ തെരുവിലുള്ള ഓഫിസിലേക്കു പോകുമ്പോൾ ചുറ്റുമുള്ളതൊന്നും ഞാൻ കണ്ടും കേട്ടുമില്ല.

ബാംഗ്ലൂരിലെ ചെറിയ ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഐഡന്റിറ്റി കാർഡുകളും അനുബന്ധസാധനങ്ങളും നിർമ്മിച്ചു വിതരണം ചെയ്യുന്ന ഒരിടം. IT പ്രസ്ഥാനങ്ങൾ അനുദിനം മുളയ്ക്കുകയും കൺമുമ്പിൽ വളർന്നുയരുകയും ചെയ്തിരുന്ന രണ്ടായിരാമാണ്ടുകളുടെ തുടക്കകാലം. വെറും പത്തിൽത്താഴെമാത്രം സ്ഥിരം ജോലിക്കാരെ അവിടെയുണ്ടായിരുന്നുള്ളൂ. കന്നഡിഗരും തമിഴരും തെലുങ്കരുമടങ്ങുന്ന നിർമ്മാണപ്രവർത്തി കൾക്കായുള്ളവരും മാർക്കറ്റിംഗിനായുള്ള ഒരുത്തരേന്ത്യനും. അവിടെ ജോലിക്കായെത്തുന്ന ആദ്യത്തെ മലയാളിയാ യിരിന്നു ഞാൻ. പിന്നെയുണ്ടായിരുന്നത് കമ്പനിയുടെ ഉടമയായിരുന്നു. അയാളെക്കുറിച്ച് ഓർത്തപ്പോഴാണല്ലോ ഇതെഴുതിത്തുടങ്ങിയത്. എന്റെ ബന്ധുവായ ബാബുവാണ് പുള്ളിയുടെ ബൈക്കിന്റെ പിന്നിലിരുത്തി ഇന്റർവ്യൂവിനു കൊണ്ടുപോയത്. ബാബുവിന്റെ എയർ കണ്ടീഷൻ ജോലിക്കിടയിൽ എന്നെയൊന്നു റെക്കമെന്റ് ചെയ്താലോ എന്ന് തോന്നിയതാണ് നിമിത്തം. കംപ്യൂട്ടറുമായി ബന്ധപ്പെട്ടതാണെന്നല്ലാതെ എന്താണവിടുത്തെ ജോലിയെന്ന് ബാബുവിനും ഒരു നിശ്ചയമില്ല. ചുമ്മാ ഒരു ശ്രമം.

ഓഫീസ്‌റൂമിന്‌ പുറത്തുള്ള ഹാളിൽ ചെറിയൊരു ചങ്കിടിപ്പോടെ ബാബുവിനൊപ്പം കാത്തിരുന്നു. കുറച്ചു മുറികൾ മാത്രമുള്ള ഒരു കെട്ടിടമായിരുന്നു അത്. മുകളിലത്തെ നിലയിലാണ് കമ്പനിയുടമ താമസിക്കുന്നതെന്ന് ബാബു പറഞ്ഞിരുന്നു. വിയർത്തുതുടങ്ങിയ എന്റെ കൈയ്യിൽ നിറംനരച്ച ഒരു പ്ലാസ്റ്റിക് ഫോൾഡറുണ്ട്. അതിനുള്ളിൽ ബയോഡാറ്റയുടെ ഒരടുക്ക് കോപ്പികളും പത്താം ക്ലാസ്മുതൽ സോഫ്റ്റ്‌വെയർ കോഴ്‌സുവരെയുള്ളവയുടെ സർട്ടിഫിക്കറ്റുകളുമുണ്ടായിരുന്നു.

മുകളിലത്തെ താമസസ്ഥലത്തുനിന്നും ഉടമയിറങ്ങിവന്ന് ബാബുവിനെ അഭിവാദ്യംചെയ്ത് ഓഫീസിനകത്തേക്ക് കയറിപ്പോയി. പിന്നെ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. കാഴ്ചയിലൊരു ഭീകരൻ. സിനിമയിലെ വില്ലന്മാരെപോലെ. ആറടിയിലേറെ ഉയരമുണ്ട്. ആവശ്യത്തിലധികം വണ്ണവും. പരുക്കൻ ഭാവത്തിനു പിന്തുണകൊടുത്തുകൊണ്ട് മുഖം നിറയെ വസൂരിക്കുഴികൾ. പരുങ്ങിനിന്ന എന്നോട് ഇംഗ്ലീഷിൽ പറഞ്ഞതിൽ മുഴുവനൊന്നും അന്ന് മനസ്സിലായില്ലെങ്കിലും ഇന്ന് ഓർത്തെടുക്കാൻ കഴിയുന്നതിങ്ങനെയാണ്. :- 

“ബയോഡാറ്റാ തരൂ”
വെപ്രാളത്തോടെ ഫോൾഡറിൽനിന്ന് ബയോഡാറ്റയുടെ കോപ്പികളിലൊന്ന് കിള്ളിയെടുത്ത് മേശപ്പുറത്തുവച്ചു. ഒറ്റപ്പേജിൽ തീർത്ത ഒരു ‘കലാസൃഷ്ടി’യായിരുന്നു അത്. ഇരിട്ടിയിലെ ഒരു ഡിറ്റിപി സെന്ററിൽനിന്നും കാശുകൊടുത്തു ചെയ്യിച്ചതാണ്. കാലാകാലങ്ങളായി ആരൊക്കെയോ സൃഷ്ടിച്ചെടുത്ത ഫോർമാറ്റിലേക്ക് എന്റെ പേരുവിവരങ്ങളും വിദ്യാഭ്യാസയോഗ്യതകളും പൊലിപ്പിച്ചുചേർത്ത് അച്ചടിച്ചെടുത്ത കുറെ അക്ഷരങ്ങൾ. തൊട്ടുപിറകെ ഫോൾഡറിൽനിന്ന് സർട്ടിഫിക്കറ്റുകളും തപ്പിയെടുത്തു മേശപ്പുറത്തുവെച്ചു.

“സർട്ടിഫിക്കറ്റൊന്നും എനിക്ക് കാണണ്ട.”
അയാൾ അവയൊന്നാകെ തിരിച്ചുനീക്കിവച്ചു. ഞാൻ സംശയത്തോടെ അതെല്ലാമെടുത്ത് തിരികെ ഫോൾഡറിലേക്കു തിരുകി. ഫോൾഡറിൽ ബാക്കിയുണ്ടായിരുന്ന ബയോഡാറ്റയുടെ കോപ്പികൾ ജീവിതത്തിലതുവരെ നേടിയ വിദ്യാഭാസത്തിന്റെ തെളിവുകളെനോക്കി പരിഹസിച്ചിരിക്കാം. സർട്ടിഫിക്കറ്റുകളുടെ മനസ്സുനൊന്തിട്ടുമുണ്ടാവാം. ബയോഡാറ്റ തിരക്കിട്ടുവായിച്ചുതീർത്ത് അയാൾ പരുക്കമായി പറഞ്ഞു:

“ഇവിടെ സോഫ്റ്റ്‌വെയർ ജോലിയൊന്നുമില്ല. ഇവിടുത്തെ ജോലിയുടെ എക്സ്‌പീരിയൻസും നിനക്കില്ല. നിനക്ക് കമ്പ്യൂട്ടർ അറിയാവുന്നതുകൊണ്ട് ട്രെയിനിങ് തരാം. മാസം ഇത്ര (വളരെ ചെറിയ ഒരു തുക പറഞ്ഞു) ശമ്പളം തരും. മര്യാദക്കൊക്കെ നിൽക്കാമെങ്കിൽ നാളെത്തന്നെ സ്റ്റാർട്ട് ചെയ്തോ.”

അന്തംവിട്ട എന്റെ മനസ്സ് ഒന്ന് കുഴഞ്ഞുമറിഞ്ഞു. അയാൾ സർട്ടിഫിക്കറ്റുകൾ   പരിശോധിക്കാതിരുന്നപ്പോൾത്തന്നെ പ്രതീക്ഷ ഉപേക്ഷിച്ചതാണ്. പക്ഷേ ജോലി ഉറപ്പായ സന്തോഷത്തിന്റെ അതേയളവിൽ നിരാശയും പൊന്തിവന്നു. വളരെ കുറഞ്ഞ ശമ്പളമേ കിട്ടാൻ പോകുന്നുള്ളൂ. മാസങ്ങളായി ഈ മഹാനഗരത്തിൽ തൊഴിലന്വേഷിച്ചു നടക്കുന്നു. ഒരു പള്ളിപ്പെരുന്നാളിന്റെ നോട്ടീസുകളുടെയത്ര യെണ്ണം ബയോഡാറ്റകൾ പല കമ്പനികളിലായി വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. നാട്ടിൽനിന്നും കൊണ്ടുവന്ന കാശൊക്കെ തീരാറായി. ബന്ധുവായ തോമസിന്റെ കരുണയിലാണ് കാശുകൊടുക്കാതെ ഉറങ്ങാനൊരിടം സൂക്ഷിച്ചിരിക്കുന്നത്. തിരിച്ചെങ്ങാനും നാട്ടിലേക്കു പോകുകയെന്നത് വലിയ നാണക്കേടാകും. അത്ര നല്ല നിലയ്ക്കല്ല കാര്യങ്ങൾ പോകുന്നത്. മെച്ചപ്പെട്ട ഒരു ജോലി വഴിയേ കണ്ടുപിടിക്കാം. അങ്ങനെ എന്റെ ഗത്യന്തരമില്ലായ്മ ബഹുമാനം പുരട്ടിയ ചില വാക്കുകളെ പുറത്തേക്കു വിട്ടു:

“ഞാൻ റെഡിയാണ് സാർ”

പിറ്റേ രാവിലെ നേരത്തെതന്നെ കമ്പനിയിലെത്തി. കാർപോർച്ച് ഉപയോഗിക്കുന്നത് സ്ക്രീൻപ്രിന്റിങ് ജോലികൾക്കുവേണ്ടിയാണ്. അവിടെ ദീപക് എന്ന നേർത്തുമെലിഞ്ഞ ചെറുപ്പക്കാരൻ പശനിറഞ്ഞ നിറങ്ങളുമായി അന്നത്തെ മല്ലുപിടുത്തം തുടങ്ങാനൊരുങ്ങുന്നു. തലേന്നാൾ നിന്ന ഹാളിൽത്തന്നെ ഞാൻ ചെന്ന് കാത്തുനിന്നു. അസംബ്ലിങ് ജോലികൾ ചെയ്യുന്ന മൂർത്തി എന്ന മധ്യവസ്കനെയും പ്രൊഡക്ടുകൾ കമ്പനികളിൽ ഡെലിവറി ചെയ്യുന്ന സെന്തിലിനെയുമൊക്കെ പരിചയപ്പെട്ടു. മുതലാളി വന്നതോടൊപ്പം ഇവരൊക്കെ തങ്ങളുടെ ജോലികളിലേക്ക് ഭയത്തോടെ വലിഞ്ഞുപോകുന്നത് ഞാൻ അതിശയത്തോടെ ശ്രദ്ധിച്ചു. അയാൾ എല്ലായിടത്തും നിറഞ്ഞുനിന്ന് അന്നു ചെയ്യേണ്ട ജോലികൾക്കു നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു. എന്തോ തെറ്റുചെയ്തതിന് ശാസിക്കുന്നതു പോലെയായിരുന്നു അത്. ആ ഹാളിലെ വസ്തുക്കളൊക്കെ നിശ്ചലമായിരിക്കുന്നത് അയാളെ പേടിച്ചിട്ടായിരിക്കുമെന്ന് എനിക്കുതോന്നി. എനിക്ക് ശ്വാസംമുട്ടിത്തുടങ്ങി.

“നീ എന്റെകൂടെ വരൂ”

അടുത്ത കനത്തശബ്ദം എന്നോടായിരുന്നു. അടച്ചിട്ട ഒരു മുറിയിയുടെ വാതിലിനുമുന്നിൽ അയാൾ ഷൂസുകൾ അഴിച്ചുവച്ചു. എനിക്കുള്ള ആദ്യനിർദ്ദേശമാണ് അതെന്നു പെട്ടെന്നുതന്നെ മനസ്സിലാക്കി അതുപോലെതന്നെചെയ്തു. വാതിൽ തുറന്ന അയാളുടെ പിന്നാലെ കയറി. എയർ കണ്ടീഷണറിന്റെ തണുപ്പ് കനപ്പിച്ച ആ മുറിയിൽ രണ്ടു കംമ്പ്യൂട്ടറുകളും ഒരു ഫോട്ടോ സ്കാനറും ദീർഘചതുരത്തിലുള്ള ഒരു ഫാർഗോ ബ്രാൻഡിലുള്ള പ്രിന്ററും വിജി എന്ന് പേരുള്ള മെലിഞ്ഞ ഒരു തെലുങ്കൻ ചെറുപ്പക്കാരനുമുണ്ടായിരുന്നു. മുതലാളിയെക്കണ്ട് ചെറുപ്പക്കാരൻ ഭവ്യതയോടെ തൊഴുതുനിന്നു.

“ഇത് ബിൻസൺ. നീ ചെയ്യുന്ന ജോലിയെല്ലാം ഇവനെയും പഠിപ്പിക്കണം. നീയിതെല്ലാം പെട്ടെന്ന് പഠിച്ചെടുത്തോണം.”

അയാൾ ഞങ്ങൾ രണ്ടുപേരോടും ആജ്‌ഞാപിച്ചു. പിന്നെ വാതിൽ വലിച്ചുതുറന്ന് പുറത്തേക്കുപോയി. ഭിത്തിയിലേക്ക് പിടിപ്പിച്ചിരിക്കുന്ന ഇരുമ്പിന്റെ ഡോർ ക്ലോസർ ഞരങ്ങിക്കൊണ്ട് വാതിലിനെ അമർത്തിയടച്ചു.

ഇപ്പോഴും എനിക്കേറ്റവും പ്രിയപ്പെട്ട അഡോബ് ഫോട്ടോഷോപ് എനിക്ക് പരിചയപ്പെടുത്തിയത് വിജിയാണ്. പല കമ്പനികളിൽനിന്നും വരുന്ന നിരവധി പാസ്പോർട്ട് സൈസ് ഫോട്ടോകൾ സ്കാൻചെയ്ത് ഫോട്ടോഷോപ്പിൽ കൊണ്ടുവരും. പിന്നെ നിശ്ചിതവലിപ്പത്തിൽ ക്രോപ്പ് ചെയ്ത്, കുറച്ചു ടച്ചപ്പൊക്കെ കൊടുത്ത് പ്രിന്റിന് തയാറാക്കണം. ഈ സമയം രണ്ടാമത്തെ കംമ്പ്യുട്ടറിൽ വിജി ഐഡന്റിറ്റി കാർഡ് സോഫ്ട്‍വെയറിൽ ഫോട്ടോയിലെ ആളുടെ വിവരങ്ങൾ തയാറാക്കി വച്ചിട്ടുണ്ടാകും. പിന്നീട് ഫാർഗോ ഐഡന്റിറ്റി കാർഡ് പ്രിന്ററിൽ കട്ടിയുള്ള പ്ലാസ്റ്റിക് കാർഡിലേക്ക് പ്രിന്റ് ചെയ്‌തെടുക്കും. വളരെ വിലയേറിയ പ്രിന്റ് ഹെഡ്ഡുള്ള പ്രിന്ററിൽ മഞ്ഞ, മജന്ത, സിയാൻ, കറുപ്പ് തുടങ്ങിയ നാലു നിറങ്ങളും സുതാര്യമായ ഒന്നും ചേർന്ന വലിയ റിബൺറോളുകൾ ഉപയോഗിച്ചായിരുന്നു കാർഡുകളിലേക്ക് പല ഡിസൈനുകൾ പകർത്തുന്നത്. മുൻപ് വിജി ഒറ്റയ്ക്കായിരുന്നു ഈ ജോലികളൊക്കെ ചെയ്തിരുന്നത്. തിങ്കൾ മുതൽ ശനിവരെ രാവിലെ ഒൻപതു മുതൽ വൈകിട്ട് ഏഴിനുശേഷം നിർദ്ദേശിച്ച പണി എപ്പോൾ തീരുന്നുവോ അപ്പോൾ വരെയായായിരുന്നു ഞങ്ങളുടെ ജോലിസമയം.

ആ തണുത്ത റൂമിലായിരുന്നു പിന്നീട് കുറച്ചുവർഷത്തേക്ക് എന്റെ വരണ്ട ജീവിതം. ചെയ്തിരുന്ന ജോലികളെല്ലാം എന്നെ പഠിപ്പിച്ചിട്ട് കുറച്ചുമാസങ്ങൾക്കകം വിജി അവിടെനിന്നു ‘രക്ഷപെട്ടു’. മുതലാളിയുടെ കർശനമായ ഇടപെടലുകളും ശാസനകളും വിജിയെ മടുപ്പിച്ചുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പിന്നീട് ഞാൻ മാത്രമായി കുറേക്കാലം. എപ്പോഴും തിരക്ക്. പതിനായിരക്കണക്കിന് ഫോട്ടോകളിലെ മുഖങ്ങൾ സ്കാനറിൽ കയറിയിറങ്ങി ഡിജിറ്റൽ രൂപത്തിലേക്ക് കൂടുമാറി. മനോഹരമായ കാർഡുകളിൽ പതിഞ്ഞുചേർന്ന് പിന്നെയവ ഉടമസ്ഥരുടെ യടുത്തേക്ക് ഗമയോടെ തിരിച്ചുപോയി. ഇതിനിടയിൽ അബദ്ധങ്ങളൊക്കെ പറ്റും. ചിലപ്പോൾ ഫോട്ടോകൾ മാറിപ്പോകും. ടൈപ്പ് ചെയ്യുമ്പോൾ അക്ഷരത്തെറ്റ് വരും. പ്രിന്റ് ചെയ്തയച്ച കാർഡുകൾ തിരിച്ചുവരും. ഇതിനൊക്കെ മുതലാളിയുടെവക ഉഗ്രൻ വഴക്കുകേൾക്കേണ്ടിയുംവരും. വല്ലപ്പോഴൊക്കെ പ്രിന്റ് റിബണുകൾ പൊട്ടിപ്പോകുമ്പോഴും പ്രിൻറർ ഹെഡുകൾ കേടാകുമ്പോഴും കണ്ണുപൊട്ടുന്ന ചീത്ത പറയുന്ന അയാളോട് കടുത്ത ദേഷ്യം തോന്നും.

വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ജോലിക്കാരുടെ എണ്ണം കൂടി. ആന്ധ്രാക്കാരനായ കൃഷ്ണ എന്നെ സഹായിക്കാൻ വന്നു. കൂട്ടുകാരായ റോയിയും മുരളിയുമൊക്കെ സഹപ്രവർത്തകരായി കൂടെച്ചേർന്നു. എല്ലാ സെക്ഷനുകളിലും കൂടുതൽ ആൾക്കാരായി. കമ്പനി വളർന്നുവന്നു. എല്ലാം മാറിയിട്ടും മുതലാളിയുടെ പരുക്കൻ പെരുമാറ്റത്തിനുമാത്രം കുറവൊന്നുമുണ്ടായില്ല.

എനിക്ക് ഇടക്കിടക്ക് തരക്കേടില്ലാതെ ശമ്പളം കൂട്ടിത്തരാറുണ്ടായിരുന്നു. കഷ്ടപ്പാടുനിറഞ്ഞ ആറുദിവസത്തെ ജോലിക്കുശേഷം ഞായറാഴ്ചയാകും. അന്ന് അതുവരെയുള്ള മടുപ്പുമറന്നാഘോഷിക്കും. പിന്നെ അടുത്ത ആറു ദിവസങ്ങൾ. മൊത്തത്തിലങ്ങനെ തിരക്കിൽ മുങ്ങിനടന്നപ്പോൾ പുതിയൊരു ജോലിയന്വേഷിക്കുന്ന കാര്യമൊക്കെ ഞാൻ അലസതയിൽ ഉപേക്ഷിച്ചുകളഞ്ഞു.

മാസത്തിലെ അവസാനത്തെ നാളിലാണ് ശമ്പളം തരിക. വൈകിട്ട് ജോലിസമയം തീരാറാകുമ്പോൾ അക്കൗണ്ടന്റ് വന്നു പേരുവിളിക്കും. അപ്പോൾ മുതലാളിയുടെ ഓഫിസിലേക്കു ചെല്ലണം. അവിടെ ഒട്ടും സന്തോഷമില്ലാത്ത മുഖത്തോടെയിരിക്കുന്നു അയാളുടെ മേശക്കുമുന്നിൽ ഭവ്യതയോടെ നിൽക്കും. അപ്പോൾ നോട്ടുകൾവച്ച വെളുത്ത കവർ നമ്മുടെ നേരെ നീട്ടിത്തരും. അങ്ങനെ ഒരു ദിവസം കിട്ടിയ, ആ മാസത്തിലെ കഠിനാധ്വാനത്തിന്റെ കൂലിയാണ് 137 ബസിലെ സീറ്റിൽനിന്നെണീറ്റ് സ്റ്റോപ്പിലിറങ്ങുന്നതിനിടയിൽ ആരോ എന്റെ പോക്കറ്റിൽനിന്നും മോഷ്ടിച്ചെടുത്തത്.

ജോലിക്കെത്തിയ എനിക്ക് ഒരുന്മേഷവുമുണ്ടായിരുന്നില്ല. അടുപ്പമുള്ളവരോടുമാത്രം ഞാൻ കാര്യം പറഞ്ഞു. ബസിലെ മറ്റു യാത്രക്കാർ ചെയ്തതുപോലെ അവരും സഹതപിച്ചു. ഏതൊരു ദിവസത്തെയുംപോലെ അന്നത്തെ പകലിലും എല്ലാവരും തിരക്കുകളിലേക്ക് തിരിയുകയായി. ഞാനും എങ്ങനെയൊക്കെയോ ജോലിചെയ്യുകയാണ്. ആരോടെങ്കിലും കടം വാങ്ങണമെന്നൊക്കെയോർത്ത് ആ ദിനംമുഴുവൻ അസ്വസ്ഥതപ്പെട്ടു. സന്ധ്യയായപ്പോൾ അക്കൗണ്ടന്റ് ശ്രീനിവാസൻ എന്നോട് മുതലാളിയെ കണ്ടിട്ടേ പോകാവൂ എന്ന് അറിയിച്ചിട്ടുപോയി. ഏതോ മിസ്റ്റേക്കിനുള്ള വഴക്ക് എന്റെ തലയിലിടാനായിരിക്കും. ആകെ മരച്ചിരിക്കുന്ന എനിക്ക് ഇനി എന്തോന്ന് സംഭവിക്കാൻ. ഞാൻ അയാളുടെ ഓഫീസിലേക്ക് നടന്നു. പുള്ളിക്കാരൻ കംമ്പ്യൂട്ടറിൽ എന്തോ വായിക്കുന്നു.

“സർ” ഞാൻ ക്ഷീണിച്ച സ്വരത്തിൽ അഭിവാദ്യം ചെയ്തു.
“എന്താ രാവിലെ ബസിൽ സംഭവിച്ചത്?” മുതലാളി എന്നെ നോക്കാതെ തന്നെ ചോദിച്ചു.

അയാൾ ആരോ പറഞ്ഞ് കാര്യങ്ങളറിഞ്ഞിരിക്കുന്നു. ഞാൻ പോക്കറ്റടിക്കപ്പെട്ട വിവരം  വിശദമായി പറഞ്ഞു. തലേന്നാൾ കിട്ടിയ ശമ്പളം ബാങ്കിലിടാൻ കൊണ്ടുവന്നതാണെന്നും സീറ്റിൽ ഇരിക്കുമ്പോളെല്ലാം അത് പോക്കറ്റിൽ ത്തന്നെ ഉണ്ടായിരുന്നെന്നും  ബസിൽനിന്നിറങ്ങുമ്പോൾ പറ്റിയതാണെന്നുമൊക്കെ കേൾക്കുന്നതിനിടയിൽ  അയാൾ മേശവലിപ്പ് തുറന്ന് ഒരു കടലാസുകഷ്ണം എടുത്ത് എന്റെനേരെ നീട്ടി.

“നിനക്ക് ബുദ്ധിമുട്ടുണ്ടെന്നറിയാം. ഇതുവച്ചോളൂ.”

അതു വാങ്ങി വായിച്ചുനോക്കി. എന്റെ പേരിലെഴുതിയ ഒരു ചെക്കായിരുന്നു അത്. കാശെഴുതിയ ഭാഗം ശ്രദ്ധിച്ചു വായിച്ചു. തലേന്നു കിട്ടിയ അതേ ശമ്പളത്തുക അതിൽ എഴുതിയിട്ടുണ്ടായിരുന്നു. ഞെട്ടലിലായിപ്പോയി. എന്റെ മനസ്സുനിറഞ്ഞു. കണ്ണുകൾ ചെറുതായൊന്ന് നനഞ്ഞു. പിന്നെ ഹൃദയത്തിൽനിന്നുമുള്ള എന്റെ നന്ദിയോടൊപ്പം  പറഞ്ഞു:

“സർ ഞാൻ കുറച്ചു രൂപ അതിൽനിന്നും വാടകക്കായി എടുത്തിരുന്നു. ബാക്കിയാണ് പോക്കറ്റടിച്ചുപോയത്. ഇത്രയും നഷ്ടപ്പെട്ടിട്ടില്ല.” 

“അത് സാരമില്ല, വച്ചോളൂ. അടുത്ത മാസംമുതൽ ഞാൻ എല്ലാവർക്കും ക്യാഷിനുപകരം ചെക്ക് കൊടുക്കാമെന്നു വിചാരിക്കുന്നു.” 

അദ്ദേഹം (‘അയാൾ’ എന്നിനി ഞാൻ പറയില്ല) അത് പറഞ്ഞു വീണ്ടും കംമ്പ്യൂട്ടറിലേക്കു തിരിഞ്ഞു. ഞാൻ മുറിവിട്ടിറങ്ങി.

ഇന്നലെ വരെ ഞാനറിഞ്ഞ ആളെയല്ല തൊട്ടുമുമ്പേ കണ്മുന്നിൽ കണ്ടത്. രാവിലെ ജോലിയിലേക്ക് വന്ന ഞാനല്ല തിരിച്ചുപോകുന്നതും. എല്ലാക്കാലവും ഓർത്തുവെക്കാൻ കാലം ചില നന്മകൾ നമുക്ക് കയ്യിൽവച്ചുതരുന്നു. ഉറങ്ങാൻ തയാറെടുക്കുന്ന തെരുവിലൂടെ ആഹ്ലാദത്തോടെ ബസ് സ്റ്റോപ്പിലേക്ക് ഞാൻ നടന്നു. യശ്വന്ത്പുരയിലേക്കുള്ള അടുത്ത 137 വരാറായിട്ടുണ്ട്’’.

English Summary:

Binson Joseph Shares his Work Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com