പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ രാഷ്ട്രീയം വേണ്ടെന്ന് ശുപാർശ
Mail This Article
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജിലും വെറ്ററിനറി സർവകലാശാലയിലും ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കരുതെന്നു ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് അന്വേഷണ കമ്മിഷന്റെ ശുപാർശ.
സംസ്ഥാനത്തെ കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിച്ചതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ വെറ്ററിനറി സർവകലാശാലയുടെ കീഴിലെ കോളജുകളിൽ കർശനമായി നടപ്പാക്കണമെന്നും വിദ്യാർഥികൾ നിയമം കയ്യിലെടുക്കുന്നത് കർശനമായി തടയണമെന്നും ശുപാർശയിൽ പറയുന്നു.വെറ്ററിനറി കോളജ് ഹോസ്റ്റൽ മുറിയിൽ രണ്ടാം വർഷ വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശുപാർശകൾ. ഗവർണർ ആരിഫ് മുഹമ്മദ്ഖാനു ജസ്റ്റിസ് ഹരിപ്രസാദ് റിപ്പോർട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
ക്യാംപസിലെ ആൾക്കൂട്ട വിചാരണയ്ക്കെതിരെ കർശന നടപടിയെടുക്കണം. സർവകലാശാലാ നിയമ പ്രകാരം വൈസ് ചാൻസലർ (വിസി) ചുമതലകൾ നിറവേറ്റണം. ഏതു തരത്തിലുള്ള റാഗിങ്ങിനോടും സ്ഥാപനത്തിന് ദയയുണ്ടാകില്ലെന്ന സന്ദേശം വിദ്യാർഥികൾക്ക് നൽകണം.സർവകലാശാലയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ റജിസ്ട്രാർ വിവേചനാധികാരം ഉപയോഗിക്കണം.– ശുപാർശകളിൽ പറയുന്നു.