പ്ലസ് വൺ: രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു
Mail This Article
തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒഴിവുകളനുസരിച്ചു പുതുക്കി നൽകിയ 12,041 അപേക്ഷകളിൽ 9385 പേർക്കാണ് അലോട്മെന്റ് ലഭിച്ചത്. 2656 പേരാണ് ശേഷിക്കുന്നത്. രണ്ടാം അലോട്മെന്റിനായി എല്ലാ ജില്ലകളിലുമായി 33,849 സീറ്റുകൾ ബാക്കിയുണ്ടായിരുന്നെങ്കിലും ഇതിൽ ഭൂരിപക്ഷവും വേണ്ടത്ര അപേക്ഷകർ ശേഷിക്കാത്ത തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ്. മലപ്പുറത്തും കാസർകോട്ടുമായി അനുവദിച്ച 138 അധിക താൽക്കാലിക ബാച്ചുകൾ കൂടി ഉൾപ്പെടുത്തിയാണു രണ്ടാം അലോട്മെന്റ് നൽകിയത്.
120 അധിക ബാച്ചുകൾ അനുവദിച്ച മലപ്പുറത്ത് ശേഷിക്കുന്ന 6528 അപേക്ഷകരിൽ 6196 പേർക്കും രണ്ടാം സപ്ലിമെന്ററി അലോട്മെന്റിൽ സീറ്റ് ലഭിച്ചെന്നാണു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നത്. 18 ബാച്ച് അധികമായി അനുവദിച്ച കാസർകോട്ട് 916 അപേക്ഷകരിൽ 775 പേർക്ക് അലോട്മെന്റ് ലഭിച്ചു. സീറ്റ് ക്ഷാമമുള്ള മറ്റു ജില്ലകളായ പാലക്കാട് 1873 അപേക്ഷകരിൽ 649 പേർക്കും കോഴിക്കോട് 1244ൽ 775 പേർക്കുമേ ഈ അലോട്മെന്റിൽ ഇടം ലഭിച്ചിട്ടുള്ളൂ. ഈ ജില്ലകളിൽ അധിക ബാച്ചുകൾ അനുവദിച്ചിരുന്നില്ല. അലോട്മെന്റ് ലഭിച്ചവർ ഇന്നും തിങ്കളാഴ്ചയുമായാണു സ്കൂളുകളിൽ പ്രവേശനം നേടേണ്ടത്. പ്രവേശനം പൂർത്തിയായ ശേഷമുള്ള സീറ്റൊഴിവ് അനുസരിച്ചാകും മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് വേണോ എന്നു തീരുമാനിക്കുക.