നീറ്റ് യുജി: കേരളത്തിൽനിന്ന് യോഗ്യത നേടിയവർ കൂടി
Mail This Article
ന്യൂഡൽഹി ∙ ജൂൺ 4നു നീറ്റ് യുജി ഫലം പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽനിന്നുള്ള 4 പേർ ഉൾപ്പെടെ 67 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഇതിൽ 6 പേർ ഗ്രേസ് മാർക്കിന്റെ പിൻബലത്തിലാണു റാങ്ക് സ്വന്തമാക്കിയത്. ഗ്രേസ് മാർക്ക് ലഭിച്ചവർക്കു വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ 6 പേർ ഒഴിവായി. പുനഃപരീക്ഷയിലും ഇവർക്കാർക്കും മുഴുവൻ മാർക്കും നേടാനായില്ല. ഒരു ചോദ്യത്തിനു 2 ഉത്തരമെന്ന തീരുമാനം ഒഴിവാക്കിയതോടെ 44 പേർക്കും ഒന്നാം റാങ്ക് നഷ്ടപ്പെട്ടു.
നീറ്റ്–യുജിയിൽ യോഗ്യത നേടിയവരുടെ എണ്ണത്തിലും കുറവുണ്ടായി. പരീക്ഷയെഴുതിയ 23,33,297 പേരിൽ 13,15,853 പേരാണ് അന്തിമ ഫലത്തിൽ യോഗ്യത നേടിയിരിക്കുന്നത്. നേരത്തേ അതു 13,16,268 പേരായിരുന്നു. എന്നാൽ, കേരളത്തിൽനിന്നു യോഗ്യത നേടിയവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായി. 32 പേരാണ് അധികമായി പുതിയ പട്ടികയിൽ ഉൾപ്പെട്ടത്. കേരളത്തിലെ 1,44,811 പേർ റജിസ്റ്റർ ചെയ്തവരിൽ 1,36,974 പേർ പരീക്ഷയെഴുതി. ഇതിൽ 86,713 പേർ യോഗ്യത നേടി. ജൂൺ 4നു പ്രസിദ്ധീകരിച്ച ആദ്യ പട്ടികയിൽ 86,681 പേരാണ് ഉൾപ്പെട്ടിരുന്നത്.
ജനറൽ വിഭാഗത്തിൽ 50 പെർസന്റൈലാണു കട്ട് ഓഫ് പരിധി. 720 നും 162 നും ഇടയിൽ മാർക്കു നേടിയവർ യോഗ്യത നേടി. കഴിഞ്ഞ വർഷം 720–137 ആയിരുന്നു കട്ട് ഓഫ് പരിധി. കൗൺസലിങ് ഉടൻ ആരംഭിക്കുമെന്നാണു വിവരം. നീറ്റ്–യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ഒന്നര മാസത്തിലേറെയായി നടക്കുന്ന വിവാദങ്ങൾക്കാണു താൽക്കാലികമായെങ്കിലും പരിഹാരമാകുന്നത്.
നീറ്റ് യോഗ്യത നേടിയവരിൽ കേരളം ദേശീയ തലത്തിൽ ആറാമത്. യുപിയാണ് ഒന്നാം സ്ഥാനത്ത്– 165,015. മഹാരാഷ്ട്ര (1,42,829), രാജസ്ഥാൻ (1,21,166), തമിഴ്നാട് (89,198), കർണാടക (88,887) എന്നിവരാണ് ആദ്യ 5 സ്ഥാനങ്ങളിൽ.