ADVERTISEMENT

കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ മാസ്റ്റേഴ്സ് / ഡോക്ടറൽ പഠനത്തിനും ആർട്സ്, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഡോക്ടറൽ പഠനത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ഗേറ്റ് ( Graduate Aptitude Test in Engineering). പ്രമുഖ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ് സഹായിക്കും. കേന്ദ്രസർക്കാരിലെ ഗ്രൂപ്പ് എ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ ഉപയോഗിക്കാറുണ്ട്. https://gate2025.iitr.ac.in. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും 7 ഐഐടികളും ചേർന്നാണ് ഗേറ്റ് 2025 നടത്തുന്നത്.ഐഐടി റൂർക്കിയാണ് ഓൺലൈൻ പരീക്ഷ നടത്തുക. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ഗേറ്റ് എഴുതാം

പ്രധാന തീയതികൾ / അപേക്ഷാഫീ
∙ ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: ഓഗസ്റ്റ് 24
∙ അപേക്ഷിക്കാനുള്ള അവസാനതീയതി: സെപ്റ്റംബർ 26
∙ ലേറ്റ് ഫീ സഹിതം അപേക്ഷിക്കാനുള്ള അവസാനതീയതി: ഒക്ടോബർ 7
∙ പരീക്ഷ: ഫെബ്രുവരി 1,2,15,16 (ശനി, ഞായർ)
∙ അപേക്ഷാഫീ ഓൺലൈനായി അടയ്ക്കാം. ഒരു പേപ്പറിന് 1800 രൂപ. പെൺകുട്ടികളും പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 900 രൂപ. ലേറ്റ്ഫീ യഥാക്രമം 2300 / 1400 രൂപ.
∙ 2 പേപ്പർ എഴുതാൻ ഇരട്ടി ഫീസ് നൽകണം; പക്ഷേ, അപേക്ഷ ഒന്നേ പാടുള്ളൂ.

3 വർഷപ്രാബല്യം
ഗേറ്റ് ഒരു പ്രവേശന പരീക്ഷയല്ല; യോഗ്യതാ നിർണയംമാത്രമാണ്. പ്രവേശനം, ജോലി എന്നിവയ്ക്കായി അതത്
സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷിക്കണം. ഫലപ്രഖ്യാപനം മുതൽ 3 വർഷത്തേക്ക് ഗേറ്റ് സ്കോറിന് പ്രാബല്യമുണ്ട്.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ
1.ഐഐഎസ്‌സി ബെംഗളൂരു സോൺ: പത്തനംതിട്ട, അങ്കമാലി, തൃശൂർ, പാലക്കാട്, മലപ്പുറം, വടകര, കോഴിക്കോട്, കണ്ണൂർ, വയനാട്, പയ്യന്നൂർ, കാസർകോട്.
2.ഐഐടി മദ്രാസ് സോൺ: തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, കോതമംഗലം ആലുവ–എറണാകുളം. ഒരേ സോണിലെ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് അപേക്ഷയിൽ കാണിക്കാം.

അപേക്ഷ ആർക്ക്
താഴെപ്പറയുന്നവർക്ക് ഗേറ്റ് 2025 ന് അപേക്ഷിക്കാം
∙ എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, ആർട്സ്, സയൻസ്, കൊമേഴ്സ്, മാനവികവിഷയങ്ങൾ ഇവയൊന്നിലെ യുജി പ്രോഗ്രാമിന്റെ 3–ാം വർഷമെങ്കിലും പഠിക്കുന്നവർക്കും ബിരുദം പൂർത്തിയാക്കിയവർക്കും.
∙ 4–വർഷ ബിഎസ് ബിരുദത്തിന്റെ മൂന്നാം വർഷ വിദ്യാർഥികൾക്ക്.
∙ മെഡിസിൻ, ഡെന്റൽ സർജറി, വെറ്ററിനറി സയൻസ് ബാച്‌ലർ അഞ്ചാം സെമസ്റ്റർ പഠിക്കുന്നവർക്ക്.
∙ എൻജിനീയറിങ്, ടെക്നോളജി, അഗ്രികൾചർ, ഹോർട്ടികൾചർ, ഫോറസ്ട്രി, ഫാർമസി, ആർക്കിടെക്ചർ ബാച്‌ലർ മൂന്നാം വർഷക്കാർക്ക്.
∙ ഫാംഡി മൂന്നാം വർഷക്കാർക്ക്.
∙ എംഎ, എംഎസ്‌സി, എംസിഎ, പോസ്റ്റ് ബിഎസ്‌സി ഇന്റഗ്രേറ്റഡ് എംടെക് ഒന്നാം വർഷമോ അതിനു മേലോട്ടുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്ക്.
∙ നിർദിഷ്ട ബാച്‌ലർ ബിരുദത്തിനു തുല്യമായി കേന്ദ്രസർക്കാർ അംഗീകരിച്ച പ്രഫഷനൽ അംഗത്വമുള്ളവരെയും പരിഗണിക്കും. ഉയർന്ന യോഗ്യതകൾ േനടിയവർക്കും അപേക്ഷിക്കാം.
പരീക്ഷ ഇങ്ങനെ
∙ ആകെ 30 സബ്ജക്ട് പേപ്പറുകൾ. ഓരോ പേപ്പറിനും 100 മാർക്ക്. 15 മാർക്കിന്റെ ‘ജനറൽ ആപ്റ്റിറ്റ്യൂഡ്’ എല്ലാ പേപ്പറിനും പൊതുവായുണ്ട്. ബാക്കി 85 മാർക്ക് നിർദിഷ്ട വിഷയത്തിന്(എൻജിനീയറിങ് മാത്‌സ് 13, ബന്ധപ്പെട്ട വിഷയം 72 എന്നിങ്ങനെ) 10 പേപ്പറുകളിൽ മാത്‌സില്ല; 85 മാർക്കും വിഷയത്തിനുതന്നെ.
∙ പരീക്ഷാസമയം 3 മണിക്കൂർ.
∙ ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം. മൾട്ടിപ്പിൾ ചോയ്സ് / മൾട്ടിപ്പിൾ സിലക്ട് / ന്യൂമെറിക്കൽ ആൻസർ എന്നിങ്ങനെ 3 രീതികൾ. മൾട്ടിപ്പിൾ ചോയ്സിൽ ശരിയുത്തരം ഒന്നു മാത്രം. ഇതിൽ തെറ്റിനു മാർക്കു കുറയ്ക്കും. മറ്റു 2 രീതികളിൽ നെഗറ്റീവ് മാർക്കില്ല.
∙ ഒരു പേപ്പറോ രണ്ടു പേപ്പറോ ഇഷ്ടപ്രകാരമെഴുതാം. രണ്ടെണ്ണം എഴുതുന്നുണ്ടെങ്കിൽ നിർദിഷ്ട കോംബിനേഷനുകളിൽനിന്നു തിരഞ്ഞെടുക്കണം. ആദ്യം സ്പെഷൽ വിഷയത്തിനു ചേർന്ന പേപ്പർ തിരഞ്ഞെടുക്കുക. തുടർന്ന് അതിനോടുചേർത്ത് അനുവദിച്ചിട്ടുള്ള പേപ്പറുകളിലൊന്നും തീരുമാനിക്കുക. കോംബിനേഷൻ സൈറ്റിൽ കാണിച്ചിട്ടുണ്ട്.

English Summary:

How GATE Opens Doors to Research and Employment Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com