ADVERTISEMENT

തിരുവനന്തപുരം∙ തൊഴിലവസരങ്ങൾ ഇന്ത്യയിലെ യുവജനങ്ങൾ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നതിൽ സംശയമുണ്ടെന്നു ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം എം.ജോസഫ്. മനോരമ ന്യൂസ് കോൺക്ലേവിൽ ‘എജ്യുക്കേഷൻ അറ്റ് ദ് ക്രോസ്റോ‍‍ഡ്സ്’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സയൻസ്, സ്റ്റാർട്ടപ്പുകൾ, ടെക്നോളജി മേഖലകളിൽ ഇന്ത്യയിൽ ഏറെ അവസരങ്ങളുണ്ട്. യൂണികോൺ പദവി നേടിയ സ്റ്റാർട്ടപ്പുകൾ രാജ്യത്തുണ്ട്. ഇത്തരം സംരംഭങ്ങളിൽ പങ്കാളികളാവുകയോ പുതിയതു സൃഷ്ടിക്കുകയോ വേണം. സർവകലാശാലകളുടെ നിലവാരം രാജ്യാന്തര തലത്തിലേക്ക് ഉയർത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപവും പങ്കാളിത്തവും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അടിത്തറ ഒരുക്കും–അദ്ദേഹം പറഞ്ഞു. 

ജിയോഗ്രഫിക്കൽ ബോട്ടിൽ എന്ന ചിന്താഗതി നമ്മുടെ സമൂഹത്തിൽ മാറിക്കഴിഞ്ഞു. നല്ലത് എവിടെയുണ്ടോ അതു തേടിപ്പോകാൻ പുതുതലമുറയ്ക്ക് മടിയില്ല. മികച്ച കോഴ്സുകൾ എവിടെയുണ്ടോ അതു തേടി വിദ്യാർഥികൾ പോയിരിക്കും. അന്യനാടുകളിലേക്കുള്ള കുടിയേറ്റത്തെ മൂന്നായി തിരിക്കാം. ഹാർവഡ് പോലെ പേരുകേട്ട സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം തേടി പോകുന്നവരാണ് ഒന്നാമത്തെ വിഭാഗം. അവരെ തടയാൻ സാധിക്കില്ല. രണ്ടാമത്തെ വിഭാഗം നല്ല കോഴ്സുകൾ പഠിച്ചു നല്ല ജോലി നേടണമെന്ന ചിന്തയുള്ളവരാണ്. നാട്ടിൽ മികച്ച കോഴ്സുകളും തൊഴിൽ സാധ്യതകളും നൽകി അവരെ പിടിച്ചു നിർത്താം. മൂന്നാമത്തെ വിഭാഗം കോഴ്സുകൾക്കും ജോലിക്കുമപ്പുറം യുഎസ്, യുകെ പോലുള്ള രാജ്യങ്ങളിൽ എങ്ങനെയെങ്കിലും എത്തപ്പെടണമെന്ന് ചിന്തിക്കുന്നവരാണ്. അവർ ജീവിതസാഹചര്യങ്ങളെ മുൻനിർത്തിയാണ് പോകുന്നത്. അങ്ങനെയുള്ളവർ പോകുന്നത് നമ്മളെ ബാധിക്കുമെന്ന് കരുതുന്നില്ല. ഇന്ത്യയിൽ മികവുള്ള യൂണിവേഴ്സിറ്റികളും തൊഴിൽ സാധ്യതകളും വർധിച്ചാൽ വിദേശത്തേക്കുള്ള കുടിയേറ്റം കുറയും.

വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം, വിദ്യാർഥികൾ അവരുടെ ഉപഭോക്താവാണ്. വിദ്യാർഥികളുടെ പ്രതീക്ഷകളും കാലത്തിനൊത്ത് മാറിയിട്ടുണ്ട്. പഠിക്കാൻ വേണ്ടി മാത്രം കോളജിലോ സ്കൂളുകളിലോ പോകുന്ന രീതി മാറി. കാരണം ലോകത്തെ എല്ലാ കോഴ്സുകളും നമ്മുടെ വിരൽത്തുമ്പത്തുള്ള ഗാഡ്ജറ്റുകളിൽ ലഭ്യമാണ്. പാഠ്യപദ്ധതിക്കും മാർക്കിനുമപ്പുറം ആത്മവിശ്വാസം, തൊഴിൽ മേഖലയെക്കുറിച്ചുള്ള അറിവ്, ഇൻ‍ഡസ്ട്രി ലീഡേഴ്സുമായുള്ള ബന്ധങ്ങൾ എന്നിവയും നൽകിയാൽ മാത്രമേ വിദ്യാർഥികളുടെ പ്രതീക്ഷകൾ പൂർത്തീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കൂ.

സാങ്കേതിക രംഗത്തെ പുതിയ തരംഗമായ എെഎ (നിർമിത ബുദ്ധി) തൊഴിൽ നഷ്ടമാക്കില്ല. പകരം എെഎ സമർഥമായി ഉപയോഗിക്കുന്നവർ മറ്റുള്ളവരുടെ ജോലി നഷ്ടമാക്കും. എെഎ ഏറ്റവും നന്നായി ഉപയോഗിക്കുന്ന മേഖല അധ്യാപനമാണ്. എെഎയും മെഷീൻ ലേണിങ്ങുമെല്ലാം അടക്കിവാഴാൻ പോകുന്നൊരു ലോകത്ത് െഎഎ സ്കൂളുകളിൽ പഠിക്കേണ്ടി വരും. പുതിയ തൊഴിൽ മേഖലകൾ എെഎ  സൃഷ്ടിക്കും തൊഴിൽ തേടാൻ ഉപകാരപ്പെടും. ഒറ്റ രാത്രി കൊണ്ട് ലോകത്തു മാറ്റങ്ങൾ സംഭവിക്കുമ്പോൾ അഞ്ചു വർ‌ഷത്തിലെ മാറ്റം പ്രവചിക്കുക അസാധ്യമാണ്. നയപരമായ മാറ്റങ്ങൾ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കും. ഏറ്റവും അധികം മാറ്റങ്ങൾ വരേണ്ടത് വിദ്യാഭ്യാസ മേഖലയിലാണ്. പൊതു – സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഏതൊരു സ്ഥാപനങ്ങളിലേക്കുള്ള ഉദ്യോഗാർഥികളെ രൂപപ്പെടുത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാലികമായ മാറ്റങ്ങൾ വന്നാൽ മാത്രമേ പുതിയ കാലത്തെ വെല്ലുവിളികളെ നേടാൻ യുവതലമുറയ്ക്കു കഴിയൂ.  പണ്ടു വ്യവസായ സ്ഥാപനങ്ങൾ ഉദ്യോഗാർഥികളിൽനിന്നു പ്രതീക്ഷിച്ചിരുന്ന പ്രാവീണ്യവും കഴിവുകളുമല്ല പുതിയ കാലത്ത് തൊഴിൽദാതാക്കൾ ആവശ്യപ്പെടുന്നത്. അതിന് പുതിയ തലമുറയെ ഒരുക്കാൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂലമായ മാറ്റം വേണമെന്നും ടോം ജോസഫ് പറഞ്ഞു.

English Summary:

Indian Youth and Untapped Potential: Dr. Tom Joseph on Embracing Science, Startups, and Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com