നീറ്റ്–യുജി കൗൺസലിങ് : 88% മസ്കുലർ ഡിസ്ട്രോഫി എംബിബിഎസിന് തടസ്സമല്ല
Mail This Article
ന്യൂഡൽഹി ∙ 88% മസ്കുലർ ഡിസ്ട്രോഫി ബാധിച്ച വിദ്യാർഥിക്കു നീറ്റ്–യുജി കൗൺസലിങ്ങിൽ പങ്കെടുക്കാൻ അനുമതി. പഠനസഹായികളുടെ പിന്തുണയോടെ എംബിബിഎസ് പഠിക്കാൻ സാധിക്കുമെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
വിദ്യാർഥി നീറ്റ്-യുജിക്ക് 601 മാർക്ക് നേടിയിരുന്നു. എന്നാൽ, ശാരീരിക വെല്ലുവിളി 80 ശതമാനത്തിൽ താഴെയുള്ളവർക്കു മാത്രമേ എംബിബിഎസ് പഠനം അനുവദിക്കാനാകൂ എന്ന ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) മാർഗരേഖപ്രകാരം വിദ്യാർഥിയെ പ്രവേശന കൗൺസലിങ്ങിൽനിന്നു വിലക്കി. ഇതിനെതിരായ ഹർജി ബോംബെ ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. വിദഗ്ധ സമിതിയുടെ അനുകൂല റിപ്പോർട്ടിനെ എൻഎംസി കോടതിയിൽ എതിർത്തില്ല. ഈ സാഹചര്യത്തിലാണ് കൗൺസലിങ്ങിൽ പങ്കെടുക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അനുമതി നൽകിയത്.