ചിരി കൊള്ളാം, പക്ഷേ നിങ്ങളുടെ സൗന്ദര്യം സഹപ്രവർത്തകരുടെ ഏകാഗ്രത കളയും; വൈറലായി റെഡ്‌ഇറ്റ് പോസ്‌റ്റ്
Mail This Article
ഈ ജോലിക്ക് ആവശ്യമായ തൊഴില്‍പരിചയം നിങ്ങള്‍ക്കില്ല. മറ്റു ചില നൈപുണ്യശേഷികള്‍ ഉള്ളവരെയാണ് ഞങ്ങള്‍ തേടുന്നത്. ജോലി നിഷേധിക്കപ്പെടുന്നത് ഇങ്ങനെ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ മനസ്സിലാക്കാം. എന്നാല്‍, തികച്ചും തൊടുന്യായങ്ങള്‍ പറഞ്ഞും നമ്മുടെ രാജ്യത്ത് തൊഴില്‍ നിഷേധിക്കപ്പെടാറുണ്ടെന്ന് തെളിയിക്കുകയാണു അടുത്തിടെ വൈറലായ ഒരു റെഡ്‌ഇറ്റ് പോസ്‌റ്റ്.
പ്രമുഖ കമ്പനിയില്‍ ഹയറിങ് മാനേജരായ തന്റെ കസിന്‍ പലര്‍ക്കും ജോലി നിഷേധിക്കുന്നതിനു കാരണമായി ചൂണ്ടിക്കാട്ടിയ ഘടകങ്ങളാണ് Significant-Buy-4496 എന്ന പ്രൊഫൈലില്‍നിന്നുള്ള ഉപഭോക്താവ് റിക്രൂട്ടിങ് ഹെല്‍ എന്ന കമ്യൂണിറ്റി പേജില്‍ ഞെട്ടലോടെ പങ്കുവച്ചത്. ‘കാഴ്‌ചയ്‌ക്ക് സൗന്ദര്യം അല്‍പം കൂടുതലാണ്. ഇത്രയും സൗന്ദര്യമുള്ളവരെ എടുത്താല്‍ മറ്റുള്ളവര്‍ക്ക് ശ്രദ്ധ വ്യതിചലിക്കും. ഉദ്യോഗാര്‍ത്ഥിയുടെ ചിരി അധികമായി പോയി. ആത്മവിശ്വാസം ഇത്രയും ആവശ്യമില്ല. സംസാരിച്ചപ്പോള്‍ ഫില്ലര്‍ വാക്കുകള്‍ കുറച്ചുകൂടി പോയി...’ എന്നിങ്ങനെയുള്ള തൊടുന്യായങ്ങള്‍ നിരത്തിയാണ് തന്റെ കസിന്റെ കമ്പനി പലര്‍ക്കും ജോലി നിഷേധിച്ചതെന്ന് പോസ്‌റ്റില്‍ പറയുന്നു.
അഭിമുഖത്തിനു മുന്‍പ് ഹാന്‍ഡ്‌ഷേക്ക് നല്‍കാതിരുന്നതിന്റെയും കൊടുത്ത ഹാന്‍ഡ്‌ഷേക്ക് ദുര്‍ബലമായിപ്പോയതിന്റെയും പേരില്‍ പലരും തിരഞ്ഞെടുക്കപ്പെടാതിരിക്കുന്നുണ്ടെന്നും പോസ്‌റ്റ് വിശദീകരിക്കുന്നു. ചിലരുടെ വേഷവിധാനം അവര്‍ക്കു ജോലി നഷ്ടപ്പെടാന്‍ കാരണമാകുന്നതായും ഇതില്‍ പറയുന്നു. ശരിയായ ചോദ്യങ്ങള്‍ തിരികെ അഭിമുഖകര്‍ത്താവിനോട് ചോദിക്കാതിരിക്കുന്നതും ജോലി നിഷേധിക്കപ്പെടാനുള്ള കാരണമാകാമെന്നും പോസ്‌റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.
ശരിക്കും യോഗ്യതകളാണോ ആ സമയത്ത് അഭിമുഖകര്‍ത്താക്കൾക്കു ലഭിക്കുന്ന വൈബുകളാണോ ഇവിടെ നിർണായകമാകുന്നതെന്ന ചോദ്യവും പോസ്‌റ്റ് ഉന്നയിക്കുന്നു. റിക്രൂട്മെന്റിന്റെ കാര്യത്തില്‍ തന്റെ കസിന്റെ ഇത്തരം വീക്ഷണങ്ങളോടുള്ള അഭിപ്രായവ്യത്യാസവും പോസ്‌റ്റ് ഇട്ടയാള്‍ പ്രകടിപ്പിക്കുന്നുണ്ട്.
ഒട്ടേറെപ്പേരാണ് ഈ പോസ്‌റ്റിന് കമന്റുകള്‍ ഇട്ടുകൊണ്ട് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. മറ്റ് പല ഘടകങ്ങളോടും വിയോജിച്ചപ്പോഴും ശരിയായി ഹാന്‍ഡ് ഷേക്ക് നല്‍കേണ്ടതിന്റെ പ്രധാന്യം പലരും ചൂണ്ടിക്കാട്ടി. അതേ സമയം അമിത ആത്മവിശ്വാസവും ചിരിയുമെല്ലാം ക്ലയന്റുമായി നേരിട്ട് ഇടപെടുന്ന ബിസിനസ് ഡവലപ്‌മെന്റ്, സെയില്‍സ് ജോലികളില്‍ സഹായകമാകുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.