റെസ്യൂമെയില്‍ വോഡ്‌ക ഷോട്ട് അടിക്കുന്നതിലെ മികവും മിയ ഖലീഫയും; യുവാവിന് ലഭിച്ചത് 29 അഭിമുഖങ്ങള്‍
Mail This Article
ഒറ്റ രാത്രിയില്‍ ഏറ്റവുമധികം വോഡ്‌ക ഷോട്ട്‌സ് അകത്താക്കിയതിന് കൂട്ടുകാര്‍ക്കിടയിലെ റെക്കോര്‍ഡ് ജേതാവ്. നോഡ് ജെഎസ്, റിയാക്ട് എഐ, ജാവ സ്‌ക്രിപ്‌റ്റ് എന്നിവയില്‍ മാത്രമല്ല പോണ്‍ താരം മിയാ ഖലീഫയെ കുറിച്ചുള്ള കാര്യങ്ങളിലും വിദഗ്‌ധന്‍. ഇന്റേണ്‍ ടീമിലെ 60 ശതമാനം പേര്‍ക്കും ഹെര്‍പെസ് എസ്‌ടിഡി പരത്തിയിട്ടുണ്ട്. ഇങ്ങനെയെല്ലാം സ്വന്തം റെസ്യൂമെയില്‍ എഴുതി വച്ചാല്‍ എന്തായിരിക്കും തൊഴില്‍ദാതാക്കളായ കമ്പനികളുടെ പ്രതികരണം?
അപ്പോള്‍ തന്നെ റെസ്യൂമെ എടുത്ത് ചവറ്റു കുട്ടയില്‍ ഇടുമെന്ന് കരുതിയാല്‍ തെറ്റി. നിങ്ങളുടെ മുന്‍ തൊഴില്‍ പരിചയത്തിന്റെ കൂട്ടത്തില്‍ ഗൂഗിള്‍ പോലൊരു വലിയ കമ്പനിയുടെ പേരുണ്ടെങ്കില്‍ റെസ്യൂമെയില്‍ എഴുതുന്ന ഇത്തരം കാര്യങ്ങള്‍ പോലും തൊഴില്‍ സാധ്യതയെ ബാധിക്കില്ലെന്ന് തെളിയിക്കുകയാണ് ഗൂഗിള്‍ മുന്‍ ജീവനക്കാരനും ഡിജിറ്റല്‍ ക്രിയേറ്ററുമായ ജെറി ജെഎച്ച് ലീ.
തന്റെ റെസ്യൂമെയില്‍ ഇത്തരം വിവരങ്ങള്‍ എല്ലാം ചേര്‍ത്തിട്ടും ആറാഴ്‌ച കൊണ്ട് ജെറിക്ക് ലഭിച്ചത് ജോലിക്കായുള്ള 29 അഭിമുഖങ്ങളാണ്. അതും റെഡ്ഡിറ്റ്, മോംഗോഡിബി, റോബിന്‍ഹുഡ് പോലുള്ള പ്രമുഖ കമ്പനികള്‍. വലിയ കമ്പനി പേരുകള്‍ റെസ്യൂമെയിലുണ്ടെങ്കില്‍ മറ്റ് വിവരങ്ങളെല്ലാം എങ്ങനെയാണ് അപ്രസക്തമാകുന്നതെന്ന് കണ്ടെത്താനുള്ള സാമൂഹിക പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ജെറിയുടെ ‘മിയ ഖലീഫ’ പരാമര്‍ശമുള്ള റെസ്യൂമെ. ഇന്‍സ്‌റ്റാഗ്രാം പോസ്‌റ്റ് വഴി ജെറി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തൊഴില്‍ ദാതാക്കളുടെ ശ്രദ്ധ കവരും വിധത്തില്‍ റെസ്യൂമെ എങ്ങനെ ആകര്‍ഷകമാക്കാമെന്നും ജെറി പോസ്‌റ്റില്‍ വിശദീകരിക്കുന്നു. നിങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ബുള്ളറ്റ് പോയിന്റുകളായി നല്‍കണമെന്നും ജോബ് ടൈറ്റിലുകള്‍ വ്യക്തമാക്കണമെന്നും ഒരു ജോലിയില്‍ നിങ്ങളുണ്ടാക്കിയ സ്വാധീനം എടുത്ത് കാട്ടണമെന്നും ജെറി പറയുന്നു. അവയാണ് റെസ്യൂമെയുടെ നട്ടെല്ല്. കാലഘട്ടങ്ങളും ഫോണ്ടിന്റെ വലുപ്പവുമെല്ലാം സൂക്ഷ്‌മമായ വിവരങ്ങളാണെങ്കിലും വലിയ കാര്യങ്ങളാണ് ശ്രദ്ധ കവരുകയെന്ന് ജെറി ആവര്‍ത്തിക്കുന്നു. ജെറിയുടെ കാര്യത്തില്‍ അത് ഗൂഗിള്‍ പോലെ വലിയൊരു കമ്പനിയായിരുന്നു.
ഇനി നിങ്ങള്‍ക്ക് റെസ്യൂമെയില്‍ ചേര്‍ക്കാന്‍ അത്തരമൊരു വലിയ കമ്പനിയില്ലെങ്കിലും വിഷമിക്കേണ്ട, നിങ്ങളുടെ നേട്ടങ്ങള്‍ അളക്കാവുന്ന ഫലങ്ങളോടെ സുപ്രധാനമായി കാട്ടണമെന്ന് ജെറി നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ ഒരു സ്ഥാപനത്തിലേക്ക് കൊണ്ടു വരാന്‍ പോകുന്ന നൈപുണ്യശേഷികളാണ് പ്രധാനം, അവ എവിടെ വച്ച് തേച്ചു മിനുക്കി എന്നതല്ലെന്നും പോസ്‌റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. റെസ്യൂമെ വളരെ ലളിതവും വ്യക്തവും ഘടനാപരവുമായ ടെപ്ലേറ്റില്‍ വേണമെന്നും ജെറി ഓര്‍മ്മിപ്പിക്കുന്നു. jerryjhlee എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ റെസ്യൂമെയെ കുറിച്ചും തൊഴില്‍ അഭിമുഖങ്ങളെ കുറിച്ചുമുള്ള തന്റെ കാഴ്‌ചപാടുകളും നിര്‍ദ്ദേശങ്ങളും ജെറി പങ്കുവയ്‌ക്കുന്നുണ്ട്.