എൻസിഇആർടി സിലബസ് അത്ര പോരാ; ആറാം ക്ലാസ് പാഠപുസ്തകം വീണ്ടും പരിഷ്കരിക്കും
Mail This Article
ന്യൂഡൽഹി ∙എൻസിഇആർടി ഈ വർഷം അവതരിപ്പിച്ച ആറാം ക്ലാസ് പാഠപുസ്തകങ്ങൾ വീണ്ടും പരിഷ്കരിക്കും. വിദ്യാർഥികൾക്ക് ആവശ്യമായ ഉള്ളടക്കം ഇല്ലെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു വർഷത്തിനുള്ളിൽ ഇവ പരിഷ്കരിക്കുന്നത്. കണക്ക്, സോഷ്യൽ സയൻസ് പുസ്തകങ്ങളിലാണ് കൂടുതൽ അധ്യായങ്ങൾ ചേർക്കുക.
പുതിയ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ പുസ്തകങ്ങൾ തയാറാക്കാൻ കഴിഞ്ഞ വർഷമാണു കേന്ദ്രസർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഇവരുടെ നിർദേശം അനുസരിച്ചു തയാറാക്കിയ പുസ്തകങ്ങൾ 3, 6 ക്ലാസുകളിലേക്ക് ഈ വർഷം ലഭ്യമാക്കിയിരുന്നു. ആറാം ക്ലാസിലെ ‘ഗണിത പ്രകാശ്’ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ ഓഗസ്റ്റിലാണു ലഭിച്ചത്.
ആറാം ക്ലാസിലെ കണക്കിൽ ദശാംശസംഖ്യ (Decimal number), ബീജഗണിതം (Algebra), അനുപാതം (Ratio) തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ കുറവാണെന്നു വിദഗ്ധർ വിലയിരുത്തി. വിദ്യാർഥികൾക്കുള്ള പരിശീലനഭാഗവും കുറവാണ്. ദശാംശ സംഖ്യയുമായി ബന്ധപ്പെട്ട ഒരധ്യായം ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. മറ്റു ഭാഗങ്ങൾക്കു പുതിയ അധ്യായം ഉൾപ്പെടുത്തുമോ നിലവിലുള്ളതു പരിഷ്കരിക്കുമോ എന്നു വ്യക്തമല്ല.
സാമൂഹികശാസ്ത്ര പുസ്തകത്തിലും കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്. അശോക, മൗര്യ ഭരണകാലത്തെക്കുറിച്ചുള്ള ഭാഗങ്ങൾ പുതിയ പുസ്തകത്തിൽ വെട്ടിക്കുറച്ചിരുന്നു. ചരിത്രം, ഭൂമിശാസ്ത്രം, പൗരധർമം എന്നീ വിഷയങ്ങളിൽ നേരത്തെ 3 പ്രത്യേക പുസ്തകങ്ങളായിരുന്നു. പുതിയ പാഠ്യപദ്ധതി അനുസരിച്ച് ‘എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പുസ്തകം മാത്രമാണു പുതുതായി അവതരിപ്പിച്ചത്.