ഐഐടി പ്രവേശനം : ജെഇഇ അഡ്വാൻസ്ഡ് ഇനി 3 തവണ എഴുതാം
Mail This Article
ന്യൂഡൽഹി ∙ ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാനുള്ള അവസരം മൂന്നായി ഉയർത്തി. നിലവിൽ ഇതു 2 തവണയായിരുന്നു. ഇതുൾപ്പെടെ 2025 ലെ പരീക്ഷയുടെ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു. ഐഐടി കാൻപുറാണ് ഇക്കുറി പരീക്ഷ നടത്തുന്നത്.
2000 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവർക്കാണ് പരീക്ഷയെഴുതാൻ അവസരം. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങളിൽ 5 വർഷം ഇളവുണ്ട്. 2023, 24 വർഷങ്ങളിൽ 12–ാം ക്ലാസ് പരീക്ഷയെഴുതിയവർക്കും 2025 ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2022 ലെ 12–ാം ക്ലാസ് ഫലം 2022 സെപ്റ്റംബർ 21നോ അതിനു ശേഷമോ ആണു പ്രസിദ്ധീകരിച്ചതെങ്കിൽ, ആ വിദ്യാർഥികളെയും പരിഗണിക്കും. അപേക്ഷകർ മുൻപ് ഐഐടി പ്രവേശനം ലഭിച്ചവരാകരുത്. കൗൺസലിങ് വേളയിൽ സീറ്റ് സ്വീകരിച്ചവരെയും പരിഗണിക്കില്ല.
ജെഇഇ മെയിൻ പരീക്ഷയിൽ ഏറ്റവും മുകളിലെത്തുന്ന 2.5 ലക്ഷം വിദ്യാർഥികൾക്കാണ് ജെഇഇ അഡ്വാൻസ്ഡ് എഴുതാൻ അവസരം. അതേസമയം, പല വിദ്യാർഥികൾക്കും ഒരേ റാങ്കുകൾ കിട്ടുന്ന സാഹചര്യത്തിൽ എണ്ണത്തിൽ നേരിയ വർധനയുണ്ടാകാൻ സാധ്യതയുണ്ട്. പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. 2021 മാർച്ച് നാലിനോ അതിനു ശേഷമോ കാർഡ് കിട്ടിയ ഒസിഐ /പിഐഒ വിഭാഗക്കാരെ പ്രവേശനത്തിനു വിദേശികളായിക്കരുതും. ഇന്ത്യയിലോ മറ്റു രാജ്യത്തോ 12 ൽ പഠിച്ച വിദേശികൾക്ക് ജെഇഇ മെയിൻ എഴുതാതെ നേരിട്ട് അഡ്വാൻസ്ഡിനു റജിസ്റ്റർ ചെയ്യാം.