‘ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റം വേണം; എെഎ തൊഴിൽ നഷ്ടമാക്കില്ല’
Mail This Article
ലോകത്തിനു വേണ്ട നൈപുണികൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ടോം എം. ജോസഫ്. മലയാള മനോരമയുടെ കലാ സാഹിത്യ ഉൽസവം ഹോർത്തൂസിൽ ‘എഐ കാലത്തെ കേരളം’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയിൽ ഐബിഎസ് സോഫ്റ്റ്‌വെയേഴ്സ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസും പങ്കെടുത്തു.
ടോം എം. ജോസഫിന്റെ വാക്കുകൾ
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായേ പറ്റൂ. അടിക്കടി മാറുന്ന സാങ്കേതികവിദ്യയുടെ കാലത്ത് ഇന്ന് ഇൻഡസ്ട്രിക്കു വേണ്ട നൈപുണ്യം എന്താണോ അതു വിദ്യാർഥിക്ക് നൽകുകയും അക്കാര്യത്തിൽ അവർക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയുമാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങൾക്കു ചെയ്യാനുള്ളത്. നിർമിത ബുദ്ധി ഒരിക്കലും നിങ്ങളുടെ ജോലി എടുക്കില്ല. പക്ഷേ, നിർമിത ബുദ്ധിയെക്കുറിച്ചു പഠിച്ച ഒരാൾ, ഉപയോഗിക്കാൻ അറിയുന്ന ആൾ ചിലപ്പോൾ ഭാവിയിൽ നിങ്ങളുടെ ജോലി എടുത്തേക്കാം. കാലത്തിനനുസരിച്ചു മാറിയേ പറ്റൂ. സയൻസ്, സ്റ്റാർട്ടപ്പുകൾ, ടെക്നോളജി മേഖലകളിൽ ഇന്ത്യയിൽ ഏറെ അവസരങ്ങളുണ്ട്. യൂണികോൺ പദവി നേടിയ സ്റ്റാർട്ടപ്പുകൾ രാജ്യത്തുണ്ട്. ഇത്തരം സംരംഭങ്ങളിൽ പങ്കാളികളാവുകയോ പുതിയതു സൃഷ്ടിക്കുകയോ വേണം. സർവകലാശാലകളുടെ നിലവാരം രാജ്യാന്തര തലത്തിലേക്ക് ഉയർത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപവും പങ്കാളിത്തവും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അടിത്തറ ഒരുക്കും.
ജിയോഗ്രഫിക്കൽ ബോട്ടിൽ എന്ന ചിന്താഗതി നമ്മുടെ സമൂഹത്തിൽ മാറിക്കഴിഞ്ഞു. നല്ലത് എവിടെയുണ്ടോ അതു തേടിപ്പോകാൻ പുതുതലമുറയ്ക്ക് മടിയില്ല. മികച്ച കോഴ്സുകൾ എവിടെയുണ്ടോ അതു തേടി വിദ്യാർഥികൾ പോയിരിക്കും. അന്യനാടുകളിലേക്കുള്ള കുടിയേറ്റത്തെ മൂന്നായി തിരിക്കാം. ഹാർവഡ് പോലെ പേരുകേട്ട സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം തേടി പോകുന്നവരാണ് ഒന്നാമത്തെ വിഭാഗം. അവരെ തടയാൻ സാധിക്കില്ല. രണ്ടാമത്തെ വിഭാഗം നല്ല കോഴ്സുകൾ പഠിച്ചു നല്ല ജോലി നേടണമെന്ന ചിന്തയുള്ളവരാണ്. നാട്ടിൽ മികച്ച കോഴ്സുകളും തൊഴിൽ സാധ്യതകളും നൽകി അവരെ പിടിച്ചു നിർത്താം. മൂന്നാമത്തെ വിഭാഗം കോഴ്സുകൾക്കും ജോലിക്കുമപ്പുറം യുഎസ്, യുകെ പോലുള്ള രാജ്യങ്ങളിൽ എങ്ങനെയെങ്കിലും എത്തപ്പെടണമെന്ന് ചിന്തിക്കുന്നവരാണ്. അവർ ജീവിതസാഹചര്യങ്ങളെ മുൻനിർത്തിയാണ് പോകുന്നത്. അങ്ങനെയുള്ളവർ പോകുന്നത് നമ്മളെ ബാധിക്കുമെന്ന് കരുതുന്നില്ല. ഇന്ത്യയിൽ മികവുള്ള യൂണിവേഴ്സിറ്റികളും തൊഴിൽ സാധ്യതകളും വർധിച്ചാൽ വിദേശത്തേക്കുള്ള കുടിയേറ്റം കുറയും.
സാങ്കേതിക രംഗത്തെ പുതിയ തരംഗമായ എെഎ (നിർമിത ബുദ്ധി) തൊഴിൽ നഷ്ടമാക്കില്ല. പകരം എെഎ സമർഥമായി ഉപയോഗിക്കുന്നവർ മറ്റുള്ളവരുടെ ജോലി നഷ്ടമാക്കും. എെഎ ഏറ്റവും നന്നായി ഉപയോഗിക്കുന്ന മേഖല അധ്യാപനമാണ്. എെഎയും മെഷീൻ ലേണിങ്ങുമെല്ലാം അടക്കിവാഴാൻ പോകുന്നൊരു ലോകത്ത് െഎഎ സ്കൂളുകളിൽ പഠിക്കേണ്ടി വരും. പുതിയ തൊഴിൽ മേഖലകൾ എെഎ സൃഷ്ടിക്കും തൊഴിൽ തേടാൻ ഉപകാരപ്പെടും. ഒറ്റ രാത്രി കൊണ്ട് ലോകത്തു മാറ്റങ്ങൾ സംഭവിക്കുമ്പോൾ അഞ്ചു വർഷത്തിലെ മാറ്റം പ്രവചിക്കുക അസാധ്യമാണ്. നയപരമായ മാറ്റങ്ങൾ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കും. ഏറ്റവും അധികം മാറ്റങ്ങൾ വരേണ്ടത് വിദ്യാഭ്യാസ മേഖലയിലാണ്. പൊതു – സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഏതൊരു സ്ഥാപനങ്ങളിലേക്കുള്ള ഉദ്യോഗാർഥികളെ രൂപപ്പെടുത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാലികമായ മാറ്റങ്ങൾ വന്നാൽ മാത്രമേ പുതിയ കാലത്തെ വെല്ലുവിളികളെ നേടാൻ യുവതലമുറയ്ക്കു കഴിയൂ. പണ്ടു വ്യവസായ സ്ഥാപനങ്ങൾ ഉദ്യോഗാർഥികളിൽനിന്നു പ്രതീക്ഷിച്ചിരുന്ന പ്രാവീണ്യവും കഴിവുകളുമല്ല പുതിയ കാലത്ത് തൊഴിൽദാതാക്കൾ ആവശ്യപ്പെടുന്നത്. അതിന് പുതിയ തലമുറയെ ഒരുക്കാൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂലമായ മാറ്റം വേണം,
വി.കെ.മാത്യൂസിന്റെ വാക്കുകൾ
പുതിയ കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ സർവകലാശാലകൾക്കും കോളജുകൾക്കും കൂടുതൽ പരമാധികാരം നൽകുകയാണു വേണ്ടത്. കോളജുകളും സർവകലാശാലകളും അധ്യാപകർക്കും ജീവനക്കാർക്കും വേണ്ടി മാത്രമുള്ളതായി മാറിക്കഴിഞ്ഞു. പ്രതിഭകളെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്താലേ ഏതു പ്രദേശത്തിനും വികസിക്കാനാവൂ. വിദേശരാജ്യങ്ങളെ നോക്കിയാൽ ഇതു കൃത്യമായി കാണാം. പക്ഷേ, കേരളത്തിലെ പ്രതിഭകളായ ചെറുപ്പക്കാരെല്ലാം ഇവിടം വിട്ടു പോവുകയാണ്. ഡിജിറ്റൽ ലോകത്തെ ജീവിവിഭാഗമായി നിർമിത ബുദ്ധി മാറിക്കഴിഞ്ഞു. മനുഷ്യർ ഡിജിറ്റൽ ലോകത്തു സൃഷ്ടിച്ചെടുത്ത ഈ ജീവിവിഭാഗം ലോകത്തിനു നന്മ സമ്മാനിക്കുന്ന രീതിയിൽത്തന്നെ വളർന്നു വരുന്നു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യതയും നമുക്കുണ്ട്. എഐ എന്നത് ഒരു ടൂൾ മാത്രമല്ല, മനുഷ്യരുടേതുപോലെ ബുദ്ധിശക്തിയും ഏതു ഭാഷയിലും ആശയവിനിമയം നടത്താനുള്ള കഴിവുമുള്ള ഡിജിറ്റൽ പങ്കാളിയാണ്. പഠിക്കാനും പെരുമാറാനും കഴിവുള്ള എഐയോട് ഇടപെടുമ്പോൾ സുരക്ഷയ്ക്കും പ്രാധാന്യം നൽകണം. മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോറായിരുന്നു മോഡറേറ്റർ.
കലയും സാഹിത്യവും ആഘോഷമാക്കി മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/