കയ്യിൽ പണമില്ലെങ്കിലും ആർക്കും ചികിത്സ നൽകും: കോട്ടയ്ക്കൽ നഗരസഭാധ്യക്ഷ ഡോ. കെ.ഹനീഷ
Mail This Article
കോട്ടയ്ക്കൽ ∙ ഇനി മുതൽ ആയുർവേദ നഗരത്തിന്റെ സാരഥിയായി ഈ ആയുർവേദ ഡോക്ടറുണ്ടാകും. കോട്ടയ്ക്കൽ പഞ്ചായത്തായിരുന്ന കാലത്തും പിന്നീട്, നഗരസഭ ആയപ്പോഴും തലപ്പത്ത് ഇതുവരെ ഒരു ഡോക്ടർ എത്തിയിട്ടില്ല. അതും ഒരായുർവേദ ഡോക്ടർ. വൈദ്യം മാത്രമല്ല, സംഗീതവും സിനിമയുമെല്ലാം ഡോ. കെ.ഹനീഷയ്ക്ക് കൂട്ടുകാരാണ്. ഇങ്ങനെ പല കാരണങ്ങളാലാണ് അവർ വ്യത്യസ്തയാകുന്നത്.
ആദ്യ പരിഗണന ആരോഗ്യത്തിനു തന്നെ
∙ ആരോഗ്യമേഖലയ്ക്കു പ്രഥമ പരിഗണന നൽകുമെന്നു പറയുന്നത് ആയുർവേദ ഡോക്ടർ ആയതുകൊണ്ടു കൂടിയാണ്. വ്യത്യസ്തരോഗങ്ങളുമായി മല്ലിടുന്ന ഒട്ടേറെപ്പേരെയാണ് ദിവസവും നേരിൽകാണുന്നത്. ആയുർവേദമെന്നോ അലോപ്പതിയെന്നോ തരംതിരിക്കാതെ ജില്ലാതല മെഡിക്കൽ പരിശോധനാ ലാബ് കോട്ടയ്ക്കലിൽ കൊണ്ടുവരുമെന്നാണ് ആദ്യമായി വാക്കുനൽകുന്നത്. വൃക്കരോഗികൾക്കും വൃക്ക മാറ്റിവച്ചവർക്കും മരുന്ന് സുഗമമായി ലഭ്യമാക്കാൻ നടപടിയെടുക്കും. പുതുതലമുറയ്ക്കായി കൂടുതൽ പഠനസൗകര്യങ്ങൾ, ഭിന്നശേഷിക്കാർ, വിവാഹമോചിതർ, വിമുക്തഭടൻമാർ തുടങ്ങി എല്ലാവിഭാഗം ആളുകൾക്കുമായി പ്രത്യേക വാർഡ്സഭകൾ തുടങ്ങിയവയും ഡോക്ടറുടെ ആദ്യ വാഗ്ദാനങ്ങളിലുണ്ട്.
ജീവകാരുണ്യത്തിന്റെ വഴിയിൽ
∙ കയ്യിൽ പണമില്ലെങ്കിലും ആർക്കും ചികിത്സ നൽകും. ഹനീഷ എന്ന ആയുർവേദ ഡോക്ടർ 3 വർഷമായി പറയുന്നതാണിത്. കോട്ടയ്ക്കലിലെ സ്വന്തം സ്ഥാപനത്തിൽ ഈ തീരുമാനമെടുക്കുമ്പോൾ ഹനീഷയ്ക്കൊപ്പം ഭർത്താവ് ഡോ. എ.വി.ഹംസയും കൂടെയുണ്ടായിരുന്നു. പക്ഷാഘാതം പോലുള്ള രോഗങ്ങളുമായി വരുന്ന നിരാലംബരായ രോഗികൾക്കാണ് പ്രധാനമായും കൈത്താങ്ങാകുന്നത്. 2 ലക്ഷം രൂപയിലധികം ചെലവ് വരുന്ന ചികിത്സ വർഷത്തിൽ 3 പേർക്ക് സൗജന്യമായി നൽകുന്നതാണ് ഇതിൽ പ്രധാനം. വിദേശരാജ്യങ്ങളിലെ നിർധനർ വരെ അൽഷാഫി ആയുർവേദ ആശുപത്രിയിലെത്തുന്നുണ്ട്. ചികിത്സയ്ക്കൊപ്പം മരുന്നും താമസസൗകര്യവുമെല്ലാം സൗജന്യമാണ്. ചികിത്സയിലുള്ള രോഗികൾക്ക് അടിയന്തര അലോപ്പതി ചികിത്സ വേണമെങ്കിൽ അതിന്റെ ചെലവും ഹനീഷ തന്നെ വഹിക്കും.