അഭിഭാഷക ജോലിയിൽ പ്രവേശിക്കുന്നതിന്റെ തലേരാത്രിയിലും ഓട്ടൻതുള്ളൽ: കരിയറും കലയും നെഞ്ചോട് ചേർത്ത് ഹരിപ്രിയ
Mail This Article
പണ്ടു മഹാബലി തന്നുടെ സുതരായ് ഉണ്ടായീ നൂറു കുമാരന്മാരിൽ, കണ്ടാലധിക ഭയങ്കര ഗാത്രൻ കുണ്ഡൻ ബാണാസുരനെന്നൊരുവൻ’ – തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ വേദിയിൽ ബാണാസുര യുദ്ധത്തിലെ ഉഷാചിത്രലേഖയെന്ന ഭാഗം പാടിയും ആടിയും ഓട്ടൻതുള്ളൽ അവതരിപ്പിച്ചു കഴിഞ്ഞ് അഭിഭാഷക കൂടിയായ ഹരിപ്രിയ വേഗം കൊച്ചിയിലേക്കു തിരിച്ചു. അവിടെയെത്തി ടാറ്റയുടെ ലീഗൽ അഡ്വൈസറി വിഭാഗത്തിൽ സെറ്റിൽമെന്റ് മാനേജരായി ജോലിയിൽ പ്രവേശിച്ചു. പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനും പഞ്ചവാദ്യ മേളക്കാരനുമായിരുന്ന കോങ്ങാട് അച്യുത പിഷാരടിയുടെ പൗത്രിയാണ് ഹരിപ്രിയ. അച്ഛൻ പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ കൃഷ്ണപുരത്ത് മുരളി. ഹരിപ്രിയയിലേക്കു ഓട്ടൻതുള്ളലെന്ന കല വന്ന വഴി പിന്നെ പറയേണ്ടതില്ലല്ലോ!
അയ്യപ്പചരിതം പഠിപ്പിച്ച് മുത്തച്ഛനായ അച്യുത പിഷാരടിയാണ് 11–ാം വയസ്സിൽ ഹരിപ്രിയയെ അരങ്ങിലെത്തിച്ചത്. നാരദപരീക്ഷ, ഗരുഡ ഗർവഭംഗം, ബാണാസുര യുദ്ധം, രുക്മിണീ സ്വയംവരം, സൗഗന്ധികം എന്നീ കഥകളെല്ലാം മുത്തച്ഛനിൽനിന്നും അച്ഛനിൽനിന്നും പഠിച്ചെടുത്തു. പിന്നീട് പല വേദികളിൽ അവതരിപ്പിച്ചു. തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ 25 വർഷത്തിലേറെയായി ഈ കുടുംബം ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി മിക്കപ്പോഴും വേഷമിട്ടെത്തുന്നത് ഹരിപ്രിയ തന്നെ. അച്ഛൻ മുരളിയാണു വേഷമിട്ടെത്തുന്നതെങ്കിൽ പിന്നണി പാടാൻ ഹരിപ്രിയയുണ്ടാകും. കിരാതം, സുന്ദരീ സ്വയംവരം, അഹല്യാമോക്ഷം എന്നീ കഥകളെല്ലാം പിന്നണിയിൽ പാടാനറിയാം. കഥകളി സംഗീതം കുചേലവൃത്തം പഠിച്ചും അരങ്ങേറ്റം നടത്തിയിട്ടുണ്ട്. കലാമണ്ഡലത്തിൽനിന്ന് സംഗീതത്തിൽ ഡിപ്ലോമയും കഴിഞ്ഞു.
ലക്കിടി നെഹ്റു കോളജിൽനിന്ന് എൽഎൽബി പൂർത്തിയാക്കിയാണ് അഭിഭാഷകയായത്. മുംബൈയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെയാണ് ടാറ്റയിൽ അഭിമുഖം നടന്നത്. തൃപ്രങ്ങോട് 8 ദിവസം പരിപാടി അവതരിപ്പിച്ചു തീർന്നതിന്റെ അടുത്ത ദിവസം കൊച്ചിയിൽ പോയി ടാറ്റയിൽ ജോലിക്കു ചേർന്നു. ഇനി വേദികളിലെത്താൻ സാധിക്കുമോ എന്ന അച്ഛന്റെ ഉത്കണ്ഠയ്ക്ക് ഹരിപ്രിയയുടെ ഉത്തരമിതാണ് – അച്ഛൻ പരിപാടികൾ ഏറ്റോളൂ, ശനിയും ഞായറും മറ്റ് അവധി ദിനങ്ങളിലുമൊക്കെ ഞാനെത്തി കളിച്ചോളാം. പാരമ്പര്യമായി കൈവന്നെത്തിയ കല കൈവിടാൻ ഈ അഭിഭാഷക ഒരുക്കമല്ലെന്നർഥം. അമ്മ ജയശ്രീയുടെ പിന്തുണയിലാണ് എല്ലാം മുന്നോട്ടു പോകുന്നതെന്നാണ് ഹരിപ്രിയ പറയുന്നത്. ഏക സഹോദരി ശ്രുതകീർത്തി.