ന്യുമോണിയയെ എ ഗ്രേഡ് കൊണ്ടു തോൽപ്പിച്ച് അതുല്യ; ഇത് നിശ്ചയദാർഢ്യത്തിന്റെ വിജയം
Mail This Article
കോട്ടയം ∙ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായെങ്കിലും ശ്വാസമായി കണ്ട കല പാതിയിൽ നിർത്താതെ മത്സരം പൂർത്തിയാക്കി അതുല്യ. ചുമയും ശ്വാസം മുട്ടലും രൂക്ഷമായെങ്കിലും എംജി സർവകലാശാലാ കാവ്യകേളി മത്സത്തിലെ 6 റൗണ്ടുകളും പൂർത്തിയാക്കി എ ഗ്രേഡ് നേടി എറണാകുളം സെന്റ് തെരേസാസ് കോളജിലെ രണ്ടാം വർഷ എംഎ മലയാളം വിദ്യാർഥി അതുല്യ സുനിൽ.
മത്സരത്തിനു തയാറെടുക്കുന്നതിനി ടെയാണു ഫെബ്രുവരി 16നു വൈറൽപനി പിടിപെട്ടത്. അതു ന്യുമോണിയ ആയി. കടുത്ത ശ്വാസതടസ്സവും ചുമയും വലച്ചു. കലോത്സവത്തിന് 2 ദിവസം മുൻപാണു ചെറിയ കുറവുണ്ടായത്. മത്സരത്തിൽ പങ്കെടുക്കാൻ ബാക്ക് സ്റ്റേജിൽ റിപ്പോർട്ട് ചെയ്യാൻ നിന്നപ്പോൾ ജനറേറ്ററിൽ നിന്നുള്ള പുകയും ഗന്ധവും ശ്വാസതടസ്സം വീണ്ടും കൂട്ടി. ആദ്യ റൗണ്ട് ചൊല്ലി കഴിഞ്ഞപ്പോൾ ശക്തമായ ചുമ ബുദ്ധിമുട്ടിച്ചു. മൂന്നാമത്തെ റൗണ്ടിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് വന്നതോടെ എല്ലാവരും അതുല്യയോടു മത്സരത്തിൽനിന്ന് പിന്മാറാൻ പറഞ്ഞതാണ്.എന്നാൽ വാശിയോടെ മത്സരിച്ച അതുല്യയെ സദസ്സും മറ്റു മത്സരാർഥികളും ഒരുപോലെ പിന്തുണച്ചു. ആറു റൗണ്ടും പൂർത്തിയാക്കിയ ശേഷം മെഡിക്കൽ ടീം അതുല്യയെ വേദിക്കു പുറത്തേക്ക് കൊണ്ടുപോകുകയും ഇൻഹേലർ കൊടുത്ത് പരിചരിക്കുകയും ചെയ്തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പനി വീണ്ടും കൂടിയതോടെ കടവന്ത്രയിലെ വീട്ടിൽ വിശ്രമത്തിലാണ് അതുല്യ.