പ്രതീക്ഷ 40,000 രൂപ സ്‌റ്റൈപൻഡ്, കയ്യിൽ കിട്ടുന്നതോ? വെളിപ്പെടുത്തലുമായി സര്‍വേ
Mail This Article
ക്ലാസില്‍ പഠിക്കുന്ന തിയറിയെല്ലാം പ്രായോഗികമായി ഒരു തൊഴിലിടത്തില്‍ എങ്ങനെ നടപ്പാക്കണമെന്ന് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവസരമാണ് ഇന്റേൺഷിപ്. ഇന്ന് പല കോഴ്‌സുകളെയും ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ് ഇന്റേൺഷിപ്. വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപൻഡ് നല്‍കുന്നതും നല്‍കാത്തതുമായ ഇന്റേണ്‍ഷിപ്പുകളുണ്ട്. ഇപ്പോഴിതാ ഇന്റേൺഷിപ് അവസരങ്ങള്‍ ഒരുക്കുന്നതിന് ഒരു പദ്ധതി തന്നെ കേന്ദ്ര സർക്കാരും നടപ്പിലാക്കാന്‍ പോകുന്നു.
എന്നാല്‍ ഒരു ഇന്റേൺഷിപ് തിരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ മുന്‍ഗണന നല്‍കുന്നത് ന്യായമായ സ്‌റ്റൈപ്പന്‍ഡിനും ജോലിസമയത്തിലെ ഫ്‌ളെക്‌സിബിലിറ്റിക്കുമാണെന്ന് ഹയര്‍പ്രോ പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 15,000 മുതല്‍ 40,000 രൂപ വരെയാണ് ഫുള്‍ ടൈം ഇന്റേണ്‍ഷിപ്പിന് വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്ന മാസ സ്‌റ്റൈപൻഡ്.
53 ശതമാനം വിദ്യാര്‍ഥികളും ഇന്റേണ്‍ഷിപ്പിന്റെ ദൈര്‍ഘ്യം നാലു മുതല്‍ ആറു മാസം വരെയായിരിക്കണമെന്ന് ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഇന്റേൺഷിപ് ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഇതേ അഭിപ്രായം തന്നെയാണ് സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം കോളജുകള്‍ക്കും 57 ശതമാനം കോര്‍പ്പറേറ്റ് ഹൗസുകള്‍ക്കുമുള്ളത്. എന്നാല്‍ 10 മുതല്‍ 12 മാസം വരെ ഇന്റേൺഷിപ് നീളണമെന്ന് 37 ശതമാനം കോളജുകള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ രണ്ട് മുതല്‍ മൂന്ന് മാസം മതി ഇന്റേൺഷിപ് കാലാവധിയെന്ന് 40 ശതമാനം വിദ്യാര്‍ഥികള്‍ പറയുന്നു.
ശരിയായ ഇന്റേൺഷിപ് അവസരത്തിന് വേണ്ടി പുതിയൊരു നഗരത്തിലേക്ക് മാറാന്‍ താത്‌പര്യം പ്രകടിപ്പിച്ചത് 68 ശതമാനം പേരാണ്. വീട്ടില്‍ തന്നെ ഇരുന്ന് വിദൂരമായി ചെയ്യുന്ന ഇന്റേണ്‍ഷിപ്പിന് താത്‌പര്യം അറിയിച്ചത് 79 ശതമാനം വിദ്യാര്‍ഥികളാണ്. അതേ സമയം കോര്‍പ്പറേറ്റ് ഹൗസുകള്‍ ഈ ആശയത്തോട് യോജിക്കുന്നില്ല. ശരിയായ മേല്‍നോട്ടവും പ്രായോഗികമായ പരിശീലനവും ഫലപ്രദമായി റിമോട്ട് ഇന്റേണ്‍ഷിപ്പില്‍ നടക്കാത്തതിനാല്‍ ഈ ആശയത്തെ എതിര്‍ക്കുന്നവരാണ് 71 ശതമാനം കോര്‍പ്പറേറ്റുകളും.
എന്നാല്‍ മാറുന്ന തൊഴില്‍ ഭൂമികയെ തിരിച്ചറിഞ്ഞു കൊണ്ട് 67 ശതമാനം കോളജുകളും റിമോട്ട് ഇന്റേണ്‍ഷിപ്പിനെ സ്വാഗതം ചെയ്യുന്നു. 86 ശതമാനം വിദ്യാര്‍ഥികള്‍ പാര്‍ട്ട് ടൈമായി ഇന്റേൺഷിപ് ചെയ്യുന്നതില്‍ താത്‌പര്യമുള്ളവരാണ്. എന്നാല്‍ ഈ താത്‌പര്യത്തിനും 55 ശതമാനം കോര്‍പ്പറേറ്റുകളും എതിരാണ്. 20,000ലധികം വിദ്യാര്‍ഥികളെയും 350ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും 200ലധികം കോര്‍പ്പറേറ്റ് കമ്പനികളെയും ഉള്‍പ്പെടുത്തി, നൂറിൽ അധികം ക്യാംപസ് റിക്രൂട്ട്‌മെന്റ് വിദഗ്‌ധരുടെ കാഴ്‌ചപ്പാടുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.