ജോലി സ്ഥലത്ത് കൂടുതല്‍ സ്‌മാര്‍ട്ട് ആകണോ? പിന്തുടരാം സ്റ്റീവ് ജോബ്‌സിന്റെ 10 മിനിട്ട് നിയമം
Mail This Article
പല തരത്തിലുള്ള പ്രശ്‌നങ്ങളു വെല്ലുവിളികളും നിറഞ്ഞതാണ് തൊഴില്‍ രംഗം. പല സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ട് മുന്നോട്ട് പോയാല്‍ മാത്രമേ കൂടുതല്‍ സ്‌മാര്‍ട്ട് ആയി ജോലി ചെയ്യാന്‍ സാധിക്കൂ. ചിലപ്പോള്‍ ചില പ്രശ്‌നങ്ങള്‍ക്ക് എന്ത് പരിഹാരം കണ്ടെത്തണമെന്ന് അറിയാതെ നാം ആകെ കുഴങ്ങി പോകാറുണ്ട്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പിന്തുടരാന്‍ പറ്റിയൊരു മാര്‍ഗ്ഗം ആപ്പിള്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ സ്റ്റീവ് ജോബ്‌സ് മുന്‍പ് പങ്കുവച്ചിരുന്നു. സംഗതി സിംപിളാണ്. ഏതെങ്കിലും കുരുക്കഴിയാത്ത പ്രശ്‌നം വരുമ്പോള്‍ കംപ്യൂട്ടറിനു മുന്നിലോ നിങ്ങളുടെ ഡെസ്‌കിലോ കുത്തിയിരിക്കാതെ എഴുന്നേറ്റ് പുറത്തിറങ്ങി ഒരു 10 മിനിട്ട് നടക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ തലച്ചോര്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ച് പ്രശ്‌ന പരിഹാരം നിങ്ങള്‍ക്ക് മുന്നില്‍ ചുരുളഴിയുമെന്നാണ് സ്‌റ്റീവ് ജോബ്‌സ് വിശ്വസിച്ചിരുന്നത്.
ഗൗരവമുള്ള സംഭാഷണങ്ങള്‍ ദീര്‍ഘ നേരം നടന്ന് കൊണ്ട് ചെയ്യുന്നതായിരുന്നു ജോബ്‌സിന്റെ ശീലമെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ വാള്‍ട്ടര്‍ ഐസക്‌സണ്ണും പറഞ്ഞിട്ടുണ്ട്. ജോബ്‌സിന്റെ ഈ ആശയം അദ്ദേഹത്തിന്റെ വെറുമൊരു വിശ്വാസം മാത്രമല്ല അതിന് പിന്നില്‍ ശാസ്‌ത്രീയമായ യുക്തികളും ഉണ്ടെന്ന് പറയുകയാണ് ആധുനിക ന്യൂറോസയന്‍സ്. കേംബ്രിജ് സര്‍വകലാശാലയിലെ ന്യൂറോസയന്റിസ്‌റ്റും എഴുത്തുകാരിയുമായ മിത്തു സ്‌റ്റൊറോണി അടുത്തിടെ നല്‍കിയ ഒരു പോഡ്‌കാസ്‌റ്റില്‍ ജോബ്‌സിന്റെ 10 മിനിട്ട് നിയമത്തിന്റെ കാര്യക്ഷമതയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. തലച്ചോര്‍ പേശികളെ പോലെയല്ല ജോലി ചെയ്യുന്നതെന്ന് മിത്തു വിശദീകരിക്കുന്നു. തലച്ചോറില്‍ യുറേക നിമിഷങ്ങള്‍ വരാന്‍ കൂടുതല്‍ സാധ്യത ഇരിക്കുമ്പോഴല്ല മറിച്ച് നടക്കുമ്പോഴാണെന്നും മിത്തു ചൂണ്ടിക്കാട്ടുന്നു.
ഇരിക്കുമ്പോള്‍ ഉറക്കം തൂങ്ങിയോ അലസമായോ ഒക്കെ ഇരിക്കുന്ന തലച്ചോര്‍ നടക്കുമ്പോള്‍ ജാഗ്രതാവസ്ഥയിലേക്ക് മാറുന്നു. വഴി തെറ്റാതെയും കുഴിയില്‍ വീഴാതെയും പോസ്‌റ്റില്‍ തല ഇടിക്കാതെയുമൊക്കെ നടക്കണമെങ്കില്‍ ചുറ്റുപാടുകളെ നിരീക്ഷിച്ച് ജാഗ്രതയോടെ തന്നെ നടക്കണം. ചുറ്റുപാടുകള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ നമ്മുടെ ശ്രദ്ധ ഒരു കാര്യത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയും ചെയ്യില്ല. അതായത് ഒരേ കാര്യത്തെ കുറിച്ച് ഓവറായി ചിന്തിക്കാന്‍ സമയം ലഭിക്കില്ല. നമ്മുടെ തലയ്‌ക്കകത്ത് ചിന്തകള്‍ നടപ്പിന് അനുസരിച്ച് തെന്നി നീങ്ങുകയും കൂടുതല്‍ നാഡീവ്യൂഹ കണക്ഷനുകള്‍ ഉണ്ടാകുകയും ചെയ്യും. നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പുതിയ കാഴ്‌ചപാടുകള്‍ തെളിയാനും പരിഹാര മാര്‍ഗ്ഗങ്ങള്‍ രൂപപ്പെടാനും ഇത് കാരണമാകും. സ്‌റ്റീവ് ജോബ്‌സ് മാത്രമല്ല ചാള്‍സ് ഡാര്‍വിന്‍ മുതല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വരെ പല പ്രമുഖരും നടപ്പ് നമ്മളെ കൂടുതല്‍ സ്‌മാര്‍ട്ട് ആക്കും എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.