‘പച്ച പരിഷ്കാരി’കളാണോ ‘ജെൻ സീ’?; ശമ്പളം മാത്രം പോര, തേടുന്നത് ഈ രണ്ടു കാര്യങ്ങളും
Mail This Article
ഏതൊരു സ്ഥാപനത്തിനും മുന്നോട്ട് പോകണമെങ്കില്‍ കഴിയും നൈപുണ്യശേഷിയും ചുറുചുറുക്കുമുള്ള നല്ല ന്യൂജനറേഷന്‍ യുവാക്കള്‍ വേണം. കഴിവുള്ള ജെന്‍ സി തലമുറയെ (1997 നും 2010നും ഇടയില്‍ ജനിച്ചവര്‍) ആകര്‍ഷിക്കുകയും അവരെ പിടിച്ചു നിര്‍ത്തുകയും ചെയ്യുക എന്നതാണ് പല സ്ഥാപനങ്ങളും ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. പണ്ടത്തെ പോലെ ശമ്പളവും ബോണസും ഗ്രാറ്റുവിറ്റിയും മാത്രം വാഗ്‌ദാനം ചെയ്‌താല്‍ ഇന്നു പണിയെടുക്കാന്‍ പിള്ളേര്‍ വരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വർക്ക് ഫ്രം ഹോം ഓപ്‌ഷന്‍ അടക്കം ജോലിയിലെ ഫ്‌ളെക്‌സിബിലിറ്റി ജെന്‍ സി തലമുറയ്ക്കു പ്രധാനമാണ്. ഇത് മാത്രമല്ല കമ്പനി എത്ര മാത്രം പരിസ്ഥിതി സൗഹൃദമാണെന്നും സുസ്ഥിരമാണെന്നുമൊക്കെ നല്ലൊരു വിഭാഗം യുവജീവനക്കാരും ശ്രദ്ധിക്കാറുണ്ടെന്ന് ഇന്‍ഡീഡ് നടത്തിയ സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
ഒരു ജോലി സ്വീകരിക്കും മുന്‍പ് ജെനറേഷന്‍ സിയിലെയും മില്ലേനിയല്‍ യുവത്വത്തിലെയും (1981നും 1996നും ഇടയില്‍ ജനിച്ചവര്‍) നല്ലൊരു വിഭാഗവും കമ്പനിയുടെ പരിസ്ഥിതി സൗഹൃദ നടപടികളെയും സുസ്ഥിരതയ്‌ക്ക് വേണ്ടിയുള്ള ശ്രമങ്ങളെയും പരിഗണിക്കാറുണ്ടെന്ന് സര്‍വേ ഫലം വെളിപ്പെടുത്തുന്നു. എന്ന് മാത്രമല്ല സര്‍വേയില്‍ പങ്കെടുത്ത 23,000 പേരിലെ 96 ശതമാനവും ആഗ്രഹിക്കുന്നത് പരിസ്ഥിതി രക്ഷയുടെയും സുസ്ഥിരതയുടെയും കാര്യത്തില്‍ കമ്പനികള്‍ ഇനിയുമേറെ ചെയ്യണമെന്നാണ്.
ഒരു കമ്പനിയെ വിലയിരുത്തേണ്ടത് അവര്‍ നല്‍കുന്ന ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും സൗകര്യങ്ങളുടെയും മാത്രം അടിസ്ഥാനത്തിലല്ല, സമൂഹത്തിനും പ്രകൃതിക്കും കമ്പനി നല്‍കുന്ന സംഭാവനകളുടെ കൂടി അടിസ്ഥാനത്തില്‍ വേണമെന്നാണ് പുതുതലമുറയില്‍ പലരും അഭിപ്രായപ്പെടുന്നത്.
സുസ്ഥിരതയ്‌ക്ക് മുന്‍ഗണന നല്‍കണമെന്ന് 54 സിഇഒമാരും പറയുന്നതായി ഇവൈ നടത്തിയ മറ്റൊരു പഠനവും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സുസ്ഥിരത ഒരു ദീര്‍ഘകാല ലക്ഷ്യമായിട്ടാണ് പല സിഇഒമാരും കണക്കാക്കുന്നത്. 16 ശതമാനം മാത്രമാണ് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്‌ക്കാന്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നടപടി എടുക്കണമെന്ന് അഭിപ്രായപ്പെടുന്നത്. സുസ്ഥിരതയും പ്രകൃതി സൗഹൃദവുമായ ബിസിനസ്സാണ് നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ കമ്പനികള്‍ സുസ്ഥിരത സംഘങ്ങളെയും ചീഫ് സസ്റ്റൈനബിലിറ്റി ഓഫിസര്‍മാരെയും നിയമിക്കണമെന്നും പഠനറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.