പൈലറ്റ് എത്ര ‘പുലി’യാണെങ്കിലും ഇവരില്ലെങ്കിൽ വിമാനം സമയത്തു പറക്കില്ല
Mail This Article
കഴിഞ്ഞ മാസം എട്ടിനു തിരുവനന്തപുരം വിമാനത്താവളത്തിൽ സർവീസുകളുടെയും കാർഗോ നീക്കത്തിന്റെയും താളം തെറ്റിച്ച് എയർ ഇന്ത്യ സാറ്റ്സ് കരാർ ജീവനക്കാരുടെ അപ്രതീക്ഷിത സമരം തുടങ്ങിയതോടെ സർവീസുകൾ 30 മിനിറ്റ് മുതൽ രണ്ടര മണിക്കൂർ വരെ വൈകി. വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിൽ ഗ്രൗണ്ട് സ്റ്റാഫിന്റെ പങ്കു ചെറുതല്ല.
ഗ്രൗണ്ട് സ്റ്റാഫിന്റെ ജോലി
ഒരു വിമാനം പറന്നുപൊങ്ങുന്നതിനുമുമ്പും റൺവേയിൽ വന്നിറങ്ങിയ ശേഷവും എന്തുമാത്രം ജോലികൾ പൂർത്തിയാക്കാനുണ്ടെന്നറിയാമോ? ഇവയെല്ലാം ചെയ്യുന്നത് ഗ്രൗണ്ട് ഹാൻഡ്‌ലിങ് സ്റ്റാഫ് (Ground Handling Staff) എന്ന ജീവനക്കാരാണ്. ഗ്രൗണ്ട് സ്റ്റാഫിനെ രണ്ടായി തിരിക്കാം. വിമാനവുമായി ബന്ധപ്പെട്ടവരും യാത്രക്കാരുമായി ബന്ധപ്പെട്ടവരും. ആദ്യ വിഭാഗം ഗ്രൗണ്ട് സ്റ്റാഫിന് വിമാനം റൺവേയിൽ എത്തുന്ന നിമിഷം മുതൽ തിരിച്ച് ആകാശത്തേക്ക് പറന്നുയരുന്നതു വരെയുള്ള മുഴുവൻ കാര്യങ്ങളും ശ്രദ്ധിക്കണം. നിലത്തിറങ്ങിയ വിമാനം കൃത്യമായി എയറോബ്രിജിലേക്കോ ബേയിലേക്കോ എത്തിക്കുന്നത് മാർഷലിങ് (Marshaling) എന്ന ആംഗ്യനിർദേശ (Signaling)രീതിയിലൂടെയാണ്. വിമാനത്തിന്റെ മുന്നിൽ നിന്ന്, ഇരുകൈകളിലും ബീക്കണുകളോ (Beacon) ബോർഡുകളോ(Board) പിടിച്ച് പ്രത്യേക പരിശീലനം ലഭിച്ച ഗ്രൗണ്ട് ഹാൻഡ്‌ലേഴ്സ് (Ground handlers). ഈ നിർദേശം കൊടുക്കും. വിമാനത്തിന്റെ വേഗം കുറയ്ക്കാനും ഇടത്തോട്ടോ വലത്തോട്ടോ നീക്കാനും നിർത്താനും എൻജിൻ ഓഫ് ചെയ്യാനുമുള്ള നിർദേശം ഇപ്രകാരമാണ് പൈലറ്റിന് കൈമാറുക. ഇതുകൂടാതെ, വിമാനത്തിലേക്ക് ഭക്ഷണം കയറ്റുന്നതും ശ്രദ്ധാപൂർവം ഗോവണി (Ladder) ഘടിപ്പിക്കുന്നതും ഗ്രൗണ്ട് സ്റ്റാഫിന്റെ ജോലികളാണ്. യാത്രക്കാർക്കാവശ്യമായ ടിക്കറ്റിങ്, ചെക്ക്–ഇൻ സൗകര്യങ്ങൾ മുതൽ ഓരോ യാത്രക്കാരനും വിമാനത്തിൽ കയറിയോ എന്നുറപ്പ് വരുത്തുന്നതുരെ യാത്രക്കാരുമായി ബന്ധപ്പെട്ട ഗ്രൗണ്ട് സ്റ്റാഫിന്റെ ജോലിയാണ്. കൂടാതെ, യാത്രികരുടെ ലഗേജ് വിമാനത്തിലേക്ക് ലോഡ് ചെയ്യുന്നതും അൺലോഡ് ചെയ്യുന്നതും ഇവരുടെ നേതൃത്വത്തിൽ തന്നെ, ഓരോ വിമാനത്തിനും വിമാനത്താവളത്തിൽ അനുവദിക്കപ്പെട്ട സമയത്തിനകം (Turn Around Time) യാത്രക്കാരെയും അവരുടെ സാധനങ്ങളും കയറ്റുന്നതും ഇന്ധനം നിറയ്ക്കുന്നതും മറ്റു ജോലികൾ ചെയ്തുതീർക്കുന്നതുമൊക്കെ ഗ്രൗണ്ട് സ്റ്റാഫാണ്. രാജ്യാന്തര വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സ്റ്റാഫിന് ഇതിനൊക്കെ പുറമേ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു അധികച്ചുമതല കൂടിയുണ്ട്.
എയർപോർട്ടുകൾ പ്രവർത്തിക്കുന്നതെങ്ങനെ?
വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതും ഒരു ഭരണസമിതിയാണ്. ഇത് പൊതുമേഖലയിലോ അല്ലെങ്കിൽ സ്വകാര്യ കമ്പനി നിയന്ത്രണത്തിലോ ആവാം. ഒരു വിമാനത്താവളത്തിലെ യാത്രക്കാർക്കുവേണ്ട ഇരിപ്പിടങ്ങൾ, ഭക്ഷണശാലകൾ, വിശ്രമമുറികൾ, വെള്ളം, വെളിച്ചം, പാർക്കിങ്, മാലിന്യ സംസ്കരണം തുടങ്ങിയ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഈ ഭരണസമിതിയാണ്. ഇവരെ എയർപോർട്ട് ഓപ്പറേറ്റർ (Airport Operator) എന്നു പറയുന്നു.
വിമാനത്താവളത്തിലെ ദൈനംദിന ചെലവുകൾ ചില്ലറയല്ല. ഭരണസമിതി ഈ തുക കണ്ടെത്തുന്നത് യാത്രക്കാരുടെ കൈയിൽ നിന്ന് ടിക്കറ്റിനൊപ്പം ഈടാക്കുന്ന യൂസർ ഫീ (User Fee), വിമാനക്കമ്പനികളിൽ നിന്നും വിവിധ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്ന വാടക എന്നിവയിൽ നിന്നുമാണ്. ഓരോ വിമാനത്താവളത്തിലും ഒഴിച്ചു കൂടാനാവാത്ത അവശ്യ സേവനങ്ങളുണ്ട് (Essential Services). വിമാനത്താവള സുരക്ഷയാണ് ഇതിൽ ഏറ്റവും പ്രധാനം. ഈ സേവനം നൽകുന്നത് സർക്കാർ നിയന്ത്രണത്തിലുള്ള സുരക്ഷാ ഏജൻസികളാകും. ഇന്ത്യയിൽ അർധസൈനിക വിഭാഗത്തിൽ (Paramilitary) പെടുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനാണ് (CISF) സുരക്ഷാ ചുമതല. ഓരോ വിമാനക്കമ്പനിക്കും അവരുടെ പ്രവർത്തനത്തിനാവശ്യമായ ഓഫിസ്, എയർ ക്രൂ (Air Crew), ഗ്രൗണ്ട് സ്റ്റാഫ് (Ground staff), എൻജിനീയർമാർ, ടെക്നീഷ്യൻസ് തുടങ്ങിയവരുണ്ടാകും. നമ്മൾ ഒരു വിദേശയാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തി എന്നു കരുതുക. ആദ്യം ഒരു പ്രാഥമിക സുരക്ഷാ പരിശോധന നടത്തിയശേഷം മാത്രമേ നമുക്ക് ടെർമിനലിനകത്തു കടക്കാനാകൂ. പിന്നീട്, പോകേണ്ട വിമാനക്കമ്പനിയുടെ കൗണ്ടറിൽ ചെന്ന് ചെക്ക് – ഇൻ (Check-In) നടപടികൾ പൂർത്തിയാക്കി ബോർഡിങ് പാസ്(Boarding Pass) വാങ്ങണം. തുടർന്ന് നമുക്ക് ഇമിഗ്രേഷനിലേക്കും (immigration) സുരക്ഷാപരിശോധനയിലേക്കും (Security Check) നീങ്ങാം. ഇമിഗ്രേഷനിൽ നമ്മുടെ പാസ്പോർട്ട്, വീസ എന്നീ യാത്രാരേഖകളാണ് പരിശോധിക്കുന്നതെങ്കിൽ, സെക്യൂരിറ്റി ചെക്കിൽ നമ്മുടെ ദേഹപരിശോധനയും ലഗേജ് പരിശോധനയും പൂർത്തിയാവുന്നു. തുടർന്ന് നമ്മുടെ വിമാനം തയ്യാറാകുന്നതുവരെ, അതീവ സുരക്ഷാമേഖലയായ സെക്യൂരിറ്റി ഹോൾഡിങ് ഏരിയയിൽ (Security Holding Area) കാത്തിരിക്കാം. റൺവേ ലഭ്യമാകുന്നത് അനുസരിച്ച്, ഗ്രൗണ്ട് സ്റ്റാഫ് നിശ്ചിത സമയങ്ങളിൽ വിമാനങ്ങളുടെ അറിയിപ്പ് നടത്തുകയും തങ്ങളുടെ യാത്രക്കാരെ വിമാനത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്യുന്നു. പ്രധാന വിമാനത്താവളങ്ങളിൽ എല്ലാം തന്നെ സെക്യൂരിറ്റി ഹോൾഡിൽ നിന്നും നേരിട്ട് വിമാനത്തിനകത്തേക്ക് കടക്കാനുള്ള എയറോ ബ്രിജുകൾ (Aerobridges) ലഭ്യമായിരിക്കും.