കുട്ടികളുടെ ഹോംവർക്കിന് പറ്റിയ സമയം ഏതാണ്? അറിയാം 6 കാര്യങ്ങൾ
Mail This Article
ദിവസവും സ്കൂളിൽ നിന്നെത്തിയ ശേഷം കുട്ടികളെക്കൊണ്ടു ഹോംവർക് ചെയ്യിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്നു മാതാപിതാക്കൾ പരാതിപ്പെടാറുണ്ട്. ചെറിയ പ്രായം മുതൽ കുട്ടികളെ കൃത്യമായി ഹോംവർക് ചെയ്യുന്നതു ശീലിപ്പിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ. ഹോംവർക് ചെയ്യുന്നതു ശീലമാകണമെങ്കിൽ പതിവായി ഒരേ സമയം തിരഞ്ഞെടുക്കുന്നതാണു നല്ലത്.
സ്കൂളിൽ നിന്നു വീട്ടിലെത്തി ഒരു മണിക്കൂർ കഴിഞ്ഞുള്ള സമയം തിരഞ്ഞെടുക്കാം. ചില കുട്ടികൾക്കു വീട്ടിലെത്തിയ ഉടനെ ഹോംവർക് ചെയ്യുന്നതാകാം ഇഷ്ടം. ചിലർക്കു കുറച്ചു നേരം കളിച്ചതിനുശേഷം ഹോംവർക് ചെയ്യാനാകും താൽപര്യം. കുട്ടികളുടെ ഇഷ്ടം കൂടി പരിഗണിച്ചു സമയം തീരുമാനിക്കുന്നതാണു നല്ലത്. സ്കൂളിൽ നിന്നു മടങ്ങിയെത്തി ഒരു മണിക്കൂറിനുശേഷമോ അത്താഴം കഴിക്കുന്നതിനു മുൻപോ ഹോംവർക് പൂർത്തിയാക്കുന്ന രീതിയിൽ സമയം ക്രമീകരിക്കാം. സമയം വൈകുന്തോറും ക്ഷീണവും ഉറക്കച്ചടവും കാരണം കുട്ടികൾക്ക് ഹോംവർക് ചെയ്യാൻ ബുദ്ധിമുട്ടാകും.
∙ഏകാഗ്രത തടസ്സപ്പെടാത്ത ഇടത്തു വേണം കുട്ടികൾക്കുള്ള സ്റ്റഡി ഏരിയ ഒരുക്കേണ്ടത്. ആയാസമില്ലാതെ എഴുതാൻ സൗകര്യമുള്ള സ്റ്റഡി ടേബിൾ ക്രമീകരിക്കാം. പെൻസിൽ, പേന, പേപ്പർ, ഇറേസർ, ഷാർപ്നർ തുടങ്ങി എഴുതാനും പഠിക്കാനും ആവശ്യമായവ സ്റ്റഡി ടേബിളിൽ സജ്ജീകരിക്കുക. പെൻസിൽ, പേന, ഇറേസർ തുടങ്ങിയവ കുട്ടികൾ ക്ലാസിൽ മറന്നു വയ്ക്കാമെന്നതു കൊണ്ട് കൂടുതൽ എണ്ണം കയ്യിൽ കരുതാം.
∙ഹോംവർക് ചെയ്യുന്ന സമയത്തു സമീപത്തു ഫോൺ, ടിവി ഇവ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണം. കുട്ടി ഹോംവർക് ചെയ്യുമ്പോൾ മുതിർന്നവർ ടിവി കാണുക. മൊബൈൽ നോക്കുക, ഫോണിൽ സംസാരിക്കുക ഇവ ചെയ്യുന്നതു കുട്ടികളുടെ ശ്രദ്ധ തടസ്സപ്പെടുത്താം. പകരം വായിക്കുകയോ എഴുതുകയോ ചെയ്യുക.
∙കുട്ടികൾ സ്വയം ഹോംവർക് ചെയ്യുന്നതാണു നല്ലത്. ചില കുട്ടികൾക്കു ഹോംവർക് ചെയ്യുമ്പോൾ മാതാപിതാക്കൾ അടുത്തിരിക്കണമെന്നുണ്ടാകും. ചെറിയ കുട്ടികൾക്ക് അസൈൻമെന്റുകൾ, പ്രോജക്ടുകൾ തുടങ്ങിയവ ചെയ്യുമ്പോൾ പ്രായമനുസരിച്ചു സഹായം ആവശ്യമായേക്കാം. മുതിരുന്തോറും സ്വയം ഹോംവർക് ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന തരത്തിലേക്ക് മാറാൻ അവർക്കു പിന്തുണ നൽകുക.
∙കളികളിൽ മുഴുകിയിരിക്കുന്ന കുട്ടികൾക്കു ഹോംവർക് ചെയ്യാൻ മടിയുണ്ടാകും. കുറച്ചു നേരത്തെ തന്നെ കുട്ടികൾക്കു മുന്നറിയിപ്പ് നൽകാം. പതിനഞ്ചു മിനിറ്റ് കൂടി കളിച്ചോളൂ. അതു കഴിയുമ്പോൾ ഹോംവർക് ചെയ്യണം എന്നു പറയാം.
∙ഹോംവർക് ചെയ്തു കഴിയുമ്പോൾ പുസ്തകങ്ങൾ അടുക്കി ബാഗിൽ വയ്ക്കാനും പെൻസിൽ, പേന തുടങ്ങിയവ ബോക്സിലാക്കി സൂക്ഷിക്കാനും ശീലിപ്പിക്കണം.
∙കൂടുതൽ നേരം ഹോംവർക് ചെയ്യേണ്ടതുണ്ടെങ്കിൽ ഇടവേള നൽകാൻ മടിക്കരുത്. ശ്രദ്ധക്കുറവ്, പഠനപ്രശ്നങ്ങൾ തുടങ്ങിയവയുള്ള കുട്ടികൾക്ക് കൂടുതൽ ഇടവേള നൽകാൻ ശ്രദ്ധിക്കണം.