ഇങ്ങനെ പോയാൽ എത്ര ഭൂമി വേണ്ടിവരും? അമേരിക്കയ്ക്ക് 5, ചൈനയ്ക്ക് 2, ഇന്ത്യയ്ക്കോ?; അറിയണം ഈ പ്രതിസന്ധി!
Mail This Article
‘ഈ ഭൂമിയില്‍ എല്ലാവരുടെയും ആവശ്യത്തിനുള്ളതുണ്ട്, ആരുടെയും അത്യാർത്തിക്കുള്ളതില്ല’ എന്ന് മഹാത്മജി പറഞ്ഞിട്ട് ഒരു നൂറ്റാണ്ട് തികയുന്നു. ഇങ്ങനെ പോയാല്‍ മനുഷ്യർക്കു ജീവിക്കാൻ എത്ര ഭൂമി വേണമെന്ന 2018 ലെ ആഗോളപാദമുദ്ര ശൃംഖലയുടെ ദേശീയപാദമുദ്ര കണക്കുകള്‍ അറിയുന്നത് രസകരമാണ്. ഇപ്പോള്‍ അമേരിക്ക പിന്തുടരുന്ന വികസന കാഴ്ചപ്പാടും രീതികളുമായി പോയാല്‍ 5 ഭൂമി വേണ്ടിവരും. ഓസ്ട്രേലിയ പോലെയായാല്‍ 4 ഭൂമിയും വേണം. ദക്ഷിണ കൊറിയയ്ക്ക് 3.5, റഷ്യക്ക് 3.3, ജര്‍മനിക്ക് 3, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ എന്നിവര്‍ക്ക് 2.9, ഫ്രാന്‍സ് ജപ്പാന്‍ മുതലായവര്‍ക്ക് 2.8, ഇറ്റലിക്ക് 2.6, സ്പെയിനിന് 2.3, ചൈനയ്ക്ക് 2, ബ്രസീലിന് 1.8, ഇന്ത്യയ്ക്ക് 0.7 എന്നിങ്ങനെ ഭൂമി വേണ്ടിവരും. ലോകമാകെ കണക്കാക്കിയാല്‍ 1.7 ഭൂമിയും.
ഇതുപോലെ ഒന്നിലധികം ഭൂമി വേണമെന്ന് അറിയുമ്പോഴാണ് എ.20 യുടെയും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ദുബായില്‍ വച്ച് നടക്കുന്ന കോപ് 28 ന്‍റെയും കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്- സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പ്രസക്തി വലുതാകുന്നത്. ആഗോളതാപനവും തുടര്‍ന്നുള്ള കാലാവസ്ഥാ മാറ്റവും കാലാവസ്ഥാ ദുരന്തമായി മാറിക്കഴിഞ്ഞു. എല്ലാക്കാലത്തും കാലാവസ്ഥാ മാറ്റമുണ്ട്. പക്ഷേ അതിനൊരു നിയത രൂപവും കാലവും ദേശവുമൊക്കെയുണ്ടായിരുന്നു. മഴയും വസന്തവും ശിശിരവും ഹേമന്തവും വേനലും എല്ലാം മുന്‍കൂട്ടി കണക്കാക്കാമായിരുന്നു. എന്നാല്‍ കാലം മാറി, കാലാവസ്ഥ രീതികളും കീഴ്മേല്‍ മറിയുന്നു. പ്രളയം, വരള്‍ച്ച എന്നിവ എപ്പോള്‍, എവിടെ, എങ്ങനെ, എത്രമാത്രം വരുമെന്നത് പ്രവചനങ്ങള്‍ക്കപ്പുറമായി മാറി കഴിഞ്ഞു.
ഭൂമിയുടെ മനുഷ്യപ്രേരിതമായ ചൂടാകൽ ആരംഭിക്കുന്നത് ആവിയന്ത്രങ്ങള്‍ക്കു വേണ്ടി വ്യാപകമായി കല്‍ക്കരി ഉപയോഗിച്ചപ്പോള്‍ മുതലാണ്. ഫോസില്‍ ഇന്ധനങ്ങളുടെ വർധിച്ച ഉപഭോഗവും വ്യവസായ വിപ്ലവവും നിര്‍മാണ രീതികളും കൂടി ഭൂമിയുടെ ചൂട് ക്രമാതീതമായി വർധിപ്പിച്ചു. ജലബാഷ്പം, കാര്‍ബണ്‍ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, മീഥൈല്‍ ഓസോണ്‍ തുടങ്ങിയവയുടെ അളവ് അന്തരീക്ഷത്തിലെ വിവിധ പാളികളില്‍ ഉയര്‍ന്ന തോതില്‍ എത്തുന്നതാണ് ഹരിതഗൃഹ പ്രഭാവത്തിനു കാരണമാകുന്നത്.
സൂര്യരശ്മികള്‍ ദീര്‍ഘതരംഗങ്ങളായും ദൃശ്യതരംഗങ്ങളായും ഭൂമിയില്‍ നേരിട്ട് എത്തുന്നു. അത്തരം ചൂട് കടലും കരയും ഏറ്റുവാങ്ങുന്നുണ്ട്. അവയില്‍ നല്ലൊരു ഭാഗം തിരിച്ച് അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് വ്യാപിക്കുകയും ചെയ്യുന്നു. ചൂടുള്ള വായു അന്തരീക്ഷത്തില്‍ കൂടുതലാകുമ്പോള്‍ വീണ്ടും ഹരിത ഗൃഹപ്രഭാവ വാതകങ്ങള്‍ കൂടിച്ചേര്‍ന്ന ചൂടുള്ള വായുവിന്‍റെ സഞ്ചാരപാതയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചൂട് ഭൗമോപരിതലത്തില്‍ കൂടുതല്‍ സമയം കാണുകയും ചെയ്യും. കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവുള്‍പ്പെടെ കുറച്ച് താപനില 1.5 ഡിഗ്രിയില്‍ നിലനിര്‍ത്തണമെന്ന 2015ലെ പാരിസ് ഉടമ്പടി നമ്മുടെ മുന്നിലുണ്ട്. 2050 ആകുമ്പോള്‍ താപനില ന്യൂട്രല്‍ നിലയിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നുണ്ട്.
ചൂട് കൂട്ടുന്നത് ആരാണ്?
ഭൂമിയാകെ കണക്കാക്കിയാല്‍ 35% ഹരിതവാതകങ്ങളും ഊര്‍ജ മേഖലയുടെ സംഭാവനയാണ്. 24 ശതമാനം കൃഷി, വനശോഷണം, കാട്ടുതീ എന്നിവ മൂലവും 24 ശതമാനം വ്യവസായവും 14 ശതമാനം ഗതാഗത മേഖലയും 6 ശതമാനം കെട്ടിട നിര്‍മ്മാണ സാമഗ്രികളും മൂലവുമാണ്. ഇത് ഗ്രാമീണ മേഖലകളില്‍നിന്ന് 30% ഉം നഗരങ്ങളില്‍നിന്ന് 70 ശതമാനവും ആണ്.
ഇനി രാജ്യങ്ങളുടെ പട്ടികയില്‍, 2017 ലെ കണക്കനുസരിച്ച് ആഗോള കാര്‍ബണ്‍ പുറന്തള്ളലായ 37 ബില്യൻ ടണ്ണില്‍ 10.9 ബില്യൻ ടണ്ണും ചൈനയും 5.1 അമേരിക്കയും 2.5 ഇന്ത്യയും 1.8 റഷ്യയും 1.3 ജപ്പാനും ആണ് സംഭാവന ചെയ്യുന്നത്. പ്രതിശീര്‍ഷ കാര്‍ബണ്‍ പുറന്തള്ളല്‍ കണക്കാക്കിയാല്‍ അമേരിക്കയും യൂറോപ്പും ആണ് മുന്നില്‍. കാര്‍ബണിന്‍റെ അളവ് കുറയ്ക്കുന്നതിന് സമരപരിധിയായി വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത വര്‍ഷങ്ങളാണ് മുന്നോട്ടു വച്ചിട്ടുള്ളത്. 2030 ന്‍റെയും 2050 ന്‍റെയും കണക്കുകള്‍ ഒരുവശത്തുള്ളപ്പോള്‍ 2070 ആണ് ഇന്ത്യ പറയുന്നത്.
കാലി സമ്പത്ത്, നെല്‍കൃഷി എന്നിവയുടെ ഫലമായുണ്ടാകുന്ന മീഥൈന്‍റെ ഉൽപാദനം കുറയുന്ന കാര്യത്തിലും അഭിപ്രായവ്യത്യാസം ഉണ്ട്. വികസിത രാജ്യങ്ങളോട് വികസ്വര, അവികസിത രാജ്യങ്ങള്‍ പറയുന്നത്, ‘ഞങ്ങളും വികസിച്ച ശേഷമാകാം നിയന്ത്രണങ്ങള്‍’ എന്നാണ്. ലോകത്തിലെ അതിസമ്പന്നരായ 10 ശതമാനം പേരാണ് 50 ശതമാനം ഊര്‍ജവും വിവിധ രീതികളില്‍ പുറത്തുവിടുന്നത്. അതിദരിദ്രരായ 50 ശതമാനം പേരുടെ ജീവിതരീതികളും പ്രവൃത്തികളും കൊണ്ട് പുറന്തള്ളപ്പെടുന്ന കാര്‍ബണിന്‍റെ അളവ് ആകെയുള്ളതിന്‍റെ 10% മാത്രമാണ്. പല രാജ്യത്തുള്ള പല തരക്കാരുടെ ജീവിതരീതി സമാനമാക്കുക പ്രായോഗികമല്ലല്ലോ. എല്ലാവര്‍ക്കും പരമാവധി കെട്ടിടങ്ങളും വാഹനങ്ങളും ജീവിതസൗകര്യങ്ങളുമൊക്കെ വേണം. പക്ഷേ എത്രകാലം എന്നൊരു വലിയ ചോദ്യം മുന്നിലുണ്ട്. ആരും പരിമിതപ്പെടാന്‍ തയ്യാറല്ല. പരിമിതപ്പെട്ട് പരമാവധി കാലവും പരമാവധിയിലൂടെ പരിമിത കാലവും എന്നതാണ് ഇക്കാര്യത്തിലെ രണ്ടു കാഴ്ചപ്പാടുകളായി മുന്നിലുള്ളത്.
ലോകത്തിലെ ജനസംഖ്യ 800 കോടി കവിയുന്നു. വനസമ്പത്ത,് ജൈവസമ്പത്ത്, ജലസമ്പത്ത്, ഹരിത സമ്പത്ത് എന്നിവ ക്രമാതീതമായി കുറഞ്ഞു വരികയാണ്. തണ്ണീര്‍ത്തടങ്ങളും വയലുകളും ഉള്‍പ്പെടെയുള്ള ജലാര്‍ദ്രമേഖലകള്‍ നശിക്കുകയോ മലിനപ്പെടുകയോ ചെയ്യുന്നു. ഭൂമിയിലെ ജൈവരാശിയുടെ ദീര്‍ഘകാലനിലനില്‍പ്പ് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന കാര്യത്തില്‍ ആർക്കും അഭിപ്രായവ്യത്യാസമില്ല. ഉത്തരവാദികളെയും കാര്യകാരണങ്ങളെയും സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ തുടരുമ്പോഴും, കൃത്യവും സമഗ്രവും ശാസ്ത്രീയവുമായ വിലയിരുത്തലുകളും ഉള്‍ക്കൊള്ളലുകളും നടത്തുന്നുണ്ടോ എന്നതും പ്രധാനമാണ്.
വരാനിരിക്കുന്ന പ്രതിസന്ധികള്‍
ഒരു രാജ്യം പുറന്തള്ളുന്ന കാര്‍ബണിന്‍റെ ദുരന്തം പേറുന്നത് ചിലപ്പോള്‍ മറ്റു രാജ്യങ്ങളാകാം. കടലിലേക്ക് തള്ളിവിടുന്ന മാലിന്യങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്ന് കടലിന്‍റെ താപനില വർധിപ്പിക്കുന്നതിലൂടെ പ്രതിസന്ധികള്‍ വരുന്നത് ഉപഭോഗക്കാര്‍ക്ക് മാത്രമായിരിക്കില്ല. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിന്‍റെ നല്ലൊരു ഭാഗം വര്‍ഷങ്ങളോളം അന്തരീക്ഷ പാളികളില്‍ ഉണ്ടാകാം. 100 മുതല്‍ 200 വര്‍ഷം വരെ അവ നീണ്ടു നിന്നേക്കാം. സൗരോര്‍ജം, താപോര്‍ജം എന്നിവ പോലെ പ്രധാനമാണ് മണ്ണിലെ ക്ലേദങ്ങള്‍ സംഭരിച്ചു വെക്കുന്ന ഊര്‍ജവും. മണ്ണില്‍ കോടിക്കണക്കിന് ടണ്‍ കാര്‍ബണ്‍ കരുതി വയ്ക്കുവാന്‍ കഴിയും. പക്ഷേ ആവശ്യമുള്ള പച്ചപ്പും ക്ലേദങ്ങളുമാണ് കാര്‍ബണിനെ കരുതിവയ്ക്കുന്നത്.
മണ്ണിലെ ജൈവാംശവും ക്ലേദത്തിന്‍റെ അളവും വലിയ തോതില്‍ കുറഞ്ഞു വരികയാണ്. മണ്ണിന്‍റെ ഉല്‍പാദനക്ഷമത കുറയുന്നതോടൊപ്പം മുന്‍പ് കരുതിവച്ച കാര്‍ബണ്‍ കൂടുതലായി അന്തരീക്ഷത്തില്‍ എത്തുവാനും സാധ്യത ഏറെയാണ്. കാലാവസ്ഥാമാറ്റം ഉണ്ടാകുന്നതനുസരിച്ച് ചെടികള്‍ക്ക് പ്രകാശസംശ്ലേഷണ കഴിവ് കുറയുന്നതായി പഠനങ്ങളുണ്ട്. കാലാവസ്ഥമാറ്റം പ്രവചനാതീതമായിക്കഴിഞ്ഞു. ചെറിയ പ്രദേശങ്ങളില്‍ ചെറിയ കാലയളവുകളില്‍ വലിയ മഴയും കൂടിയ ചൂടും എന്നതാണ് പുതിയ രീതി. അതിവൃഷ്ടയും അനാവൃഷ്ടിയും ക്രമരഹിതമായി വന്നാല്‍ മഴക്കാലങ്ങളില്‍ പ്രളയവും മഴ കുറഞ്ഞാല്‍ വരള്‍ച്ചയും എന്നതാകും സ്ഥിതി. കേരളത്തില്‍ ഉള്‍പ്പെടെ നാം അവ കാണുകയാണ്. അന്തരീക്ഷതാപനില ഉയരുന്നതനുസരിച്ച് മഞ്ഞുമലകള്‍ കൂടുതലായി ഉരുകുവാനും അധിക ജലം ഭൂമിയിലും സമുദ്രങ്ങളിലും വലിയതോതില്‍ എത്തുവാനും സാധ്യതയുണ്ട്.
2100 ആകുമ്പോള്‍ മാലിദ്വീപുകള്‍ ഉള്‍പ്പെടെ പ്രതിസന്ധി നേരിടേണ്ടി വരും. മുംബൈയും കൊച്ചിയും പ്രതിസന്ധിയുടെ നിഴലിലായിട്ടു കുറച്ചുകാലമായി. കരയുടെയും കടലുകളുടെയും ചൂട് ക്രമാതീതമായി കൂടുന്നത് മറ്റൊരു പ്രതിസന്ധിയാണ്. സമുദ്ര ജീവികളെ മാത്രമല്ല സമുദ്ര ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണി കൂടുന്നതായി നിരവധി പഠനങ്ങള്‍ ഉണ്ട്. മണ്‍സൂണ്‍ മഴയെ ആശ്രയിച്ചിട്ടുള്ള രാജ്യത്തെ കാര്‍ഷിക ജീവിത രീതികളും പ്രതിസന്ധിയിലാകാം. 2050 ആകുമ്പോള്‍ ഭൂജലസമ്പത്തില്‍ വലിയ കുറവാണ് അനുഭവപ്പെടുക എന്നതും പ്രശ്നമായി മുന്നിലുണ്ട്.
എ20 യും കോപ് 28 ഉം നല്‍കുന്ന പ്രതീക്ഷകള്‍
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുവാനും പകരം കരിമ്പ്, ചോളം എന്നിവയില്‍ നിന്നുള്ള എഥനോള്‍ ഉപയോഗിച്ചുള്ള ജൈവ ഇന്ധനത്തിന്‍റെ ഉപയോഗം വർധിപ്പിക്കുവാനുമുള്ള ശ്രമങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിന്‍റെ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഗ്ലോബല്‍ ബയോഫ്യുവല്‍ അലയന്‍സ് ജി-20 പ്രഖ്യാപിച്ചു. അമേരിക്ക, ബംഗ്ലദേശ്, ഇറ്റലി, ബ്രസീല്‍, അര്‍ജന്‍റീന, മൗറീഷ്യസ്, യുഎഇ, ദക്ഷിണാഫ്രിക്ക എന്നിവയാണ് സഖ്യത്തിലുള്ളത്. സസ്യങ്ങള്‍, ജൈവമാലിന്യങ്ങള്‍, കാര്‍ഷികാവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്നുള്ള ബദല്‍ ഊര്‍ജസ്രോതസ്സുകളുടെ സാധ്യത പരമാവധി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. സൗരോര്‍ജ പദ്ധതികളുടെ വ്യാപനത്തിനും കര്‍മപരിപാടികള്‍ ആവിഷ്കരിക്കുന്നുണ്ട്.
സുസ്ഥിര ഏവിയേഷന്‍ ഫ്യൂവല്‍, ആല്‍ക്കഹോള്‍ 2 ജെറ്റ് ഇന്ധനം, ബയോഡീസല്‍ എഥനോല്‍ ഉല്‍പാദനത്തിനുള്ള കംപ്രസ്ഡ്ബയോഗ്യാസ്, പുനരുപയോഗിക്കാവുന്ന ഡൈമെഥൈല്‍ ഈതര്‍ തുടങ്ങി ജൈവ ഇന്ധന മേഖലകളുടെ എല്ലാ സാധ്യതയും ഉയര്‍ന്നുവരുന്നത് നല്ല കാര്യമാണ്. ആഗോള ദാരിദ്ര്യം, പട്ടിണി എന്നിവ സമ്പൂര്‍ണ്ണമായി മാറ്റുന്നതിനുള്ള ശ്രമങ്ങളഉം പ്രധാനമാണ്. മാനവരാശിക്കാകെ ജീവിക്കുവാനും വളരുവാനും തല്‍ക്കാലം ഒരു ഭൂമി മാത്രമേ ഉള്ളൂ എന്ന കാര്യം സമ്മേളനം ആവര്‍ത്തിക്കുന്നുണ്ട്. ആ നിലയില്‍ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന മുദ്രാവാക്യത്തിന് വലിയ പ്രസക്തിയാണുള്ളത്. നിരവധി വഴികളിലും ചര്‍ച്ചകളിലും കൂടിയാണ് കോപ് 28 നായി ലോകരാജ്യങ്ങള്‍ നവംബറില്‍ ദുബായില്‍ എത്തുന്നത്.
1979 ൽ ജനീവ, 1992 ൽ റിയോ ഡി ജനീറോ, 1997 ല്‍ ക്യോട്ടോ, 2015 ല്‍ പാരിസ് എന്നിവിടങ്ങളില്‍ നടന്ന ഉച്ചകോടികളുടെ പ്രധാന അജൻഡ ആഗോളതാപനം കുറയ്ക്കുവാനായി കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുക എന്നതായിരുന്നു. വ്യാവസായിക യുഗത്തിന് മുന്‍പുണ്ടായിരുന്ന നിലയിലേക്ക് കാര്‍ബണിന്‍റെ അളവ് കുറയ്ക്കണം എന്ന് പറഞ്ഞെങ്കിലും കാര്യമായി ഒന്നും നടന്നിട്ടില്ല. അതേസമയം കോപ് തുടര്‍ച്ചയായി നടക്കുന്നത് കാണാതിരുന്നുകൂടാ.
സീറോ കാര്‍ബണ്‍, കാര്‍ബണ്‍ ന്യൂട്രല്‍ എന്നീ കാഴ്ചപ്പാടുകള്‍ ഇതിനോടകം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും പ്രധാനമാണ്. ഓരോ പ്രദേശത്തേക്കും പുറന്തള്ളപ്പെടുന്ന കാര്‍ബണും സസ്യങ്ങള്‍, മണ്ണ്, മറ്റ് ഘടകങ്ങള്‍ എന്നിവ ആഗിരണം ചെയ്യുന്ന കാര്‍ബണും ഏകദേശം തുലനാവസ്ഥയില്‍ എത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. പക്ഷേ 100 മുതല്‍ 200 വര്‍ഷം വരെ എടുത്താണ് കാര്‍ബണ്‍ അന്തരീക്ഷത്തില്‍ സെറ്റില്‍ ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അന്തരീക്ഷത്തെ ചെറു മേഖലകളാക്കി തിരിച്ച് കാര്‍ബണ്‍ സീറോയും ന്യൂട്രലും ആക്കുവാനും പരിമിതികള്‍ ഏറെയാണ്.
മറ്റൊരു വഴിയുണ്ടോ
1972 ലെ സ്റ്റോക്കോം സമ്മേളനം മുതല്‍ നാം സുസ്ഥിരവികസനത്തെപ്പറ്റി പറയുകയാണ്. പരിസ്ഥിതിയെയും വികസനത്തെയും പരസ്പരം ബന്ധിപ്പിട്ട്, വരുന്ന തലമുറകള്‍ക്കു കൂടി ഭൂമിയും പ്രകൃതിവിഭവങ്ങളും കരുതണം എന്ന കാഴ്ചപ്പാടിന് ആര്‍ക്കും രണ്ടഭിപ്രായമില്ല. ഇന്‍വെസ്റ്റ് ഇന്‍ നേച്ചര്‍ എന്ന സങ്കല്പവും വന്നു കഴിഞ്ഞു. സൗരോര്‍ജം, കാറ്റ്, തിരമാല, മാലിന്യങ്ങള്‍, ജൈവഇന്ധനങ്ങള്‍ എന്നിവയെല്ലാം ബദല്‍ ഊര്‍ജസ്രോതസ്സുകളായി ലോകം അംഗീകരിച്ചു കഴിഞ്ഞു. മഴയെ കൂടുതല്‍ കൈകാര്യം ചെയ്യേണ്ടതും ആവശ്യമാണ്. ഹരിതനിര്‍മിതികള്‍ ഉള്‍പ്പെടെ വേണ്ടിവരുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
ആളോഹരി വരുമാനം, പ്രതിശീര്‍ഷ വരുമാനം, ജിഡിപി എന്നിവ കണക്കാക്കിയുള്ള വികസന സൂചികകളുടെ കാലം കഴിയാറായി. ഭൂട്ടാന്‍ പോലുള്ള രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കപ്പുറം ഹാപ്പിനസ്സിന് വലിയ പ്രാധാന്യം നല്‍കുന്നത് ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. കൂടുതല്‍ ശുദ്ധ വായു, ശുദ്ധജലം, നല്ല പരിസരം, നല്ല ഭക്ഷണം, നല്ല സാമൂഹിക ബന്ധങ്ങള്‍, സ്ത്രീസൗഹൃദം, വയോജന സുരക്ഷ, ബാലസുരക്ഷ എന്നിവയെല്ലാം വികസനത്തില്‍ ഇടം പിടിക്കുകയാണ്. ജൈവവൈവിധ്യങ്ങളും ആവാസവ്യവസ്ഥകളും പരമാവധി സംരക്ഷിക്കുന്നതിൽ വലിയ ചര്‍ച്ചകള്‍ ഉയരുന്നു.
ആരോഗ്യം എന്നാല്‍ കേവലം ചികിത്സ മാത്രമല്ല എന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വന്‍കിട കെട്ടിടങ്ങള്‍, മാളുകള്‍, വലിയ റോഡുകള്‍, മറ്റു നിര്‍മിതികള്‍ എന്നിവ പോലെ തന്നെ ഹരിത നിര്‍മിതികള്‍ക്കും ഹരിത അടിസ്ഥാന സൗകര്യങ്ങള്‍ക്കും പ്രാധാന്യം ലഭിക്കുന്നുണ്ട്. അന്തരീക്ഷത്തില്‍ ക്ലോറോ കാര്‍ബണിന്റെ അളവ് കുറഞ്ഞു വരികയാണ്. ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നു. അതേസമയം വനസമ്പത്ത് കുറയുന്നതും കാണാതിരുന്നുകൂടാ.
മുന്‍വിധികള്‍ക്കും അപ്പുറം, മുന്നില്‍ പ്രശ്നങ്ങളുണ്ട് എന്ന തിരിച്ചറിയലാണ് ഏറ്റവും പ്രധാനം. വികസനത്തിന്‍റെയും രാജ്യത്തിന്‍റെയും തൊഴിലിന്‍റെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തില്‍ ലോകം വിവിധ നിലകളിലാണ്. ആളോഹരി വരുമാനം വലിയ തോതില്‍ ലഭിക്കുന്ന വികസന രാജ്യങ്ങള്‍ക്കും പട്ടിണിക്കാരുടെ അവികസിത രാജ്യങ്ങള്‍ക്കും ഒരേ അച്ചില്‍ തീര്‍ത്ത പരിഹാരം മതിയാകില്ല. അതേസമയം പരമാവധിക്കാര്‍ കൂടുതല്‍ പരിമിതപ്പെടുക തന്നെ വേണം. പരിമിതിയുള്ളവര്‍ പരമാവധിയിലേക്ക് പോകുകയും അരുത്. ദരിദ്രര്‍ക്കു കൂടി അവകാശപ്പെട്ട പണം എടുത്ത് നടത്തുന്ന ആഗോള ചര്‍ച്ചകളുടെ ഫലം ദരിദ്രര്‍ക്ക് കൂടിയുള്ള ഉയര്‍ച്ചയ്ക്കു വേണ്ടിയാകണം.
നിങ്ങളുടെ ഓരോ പ്രവൃത്തിയും നിങ്ങള്‍ കാണുന്ന ഓരോ ദരിദ്രനെയും എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കുന്നിടത്തു നിന്നാണ് യഥാർഥ വികസനം ആരംഭിക്കുന്നത് എന്നാണ് മഹാത്മജിയുടെ വികസന മന്ത്രം. ആ നിലയില്‍ ഒരു ഭൂമി മാത്രമേ തല്‍ക്കാലം മുന്നിലുള്ളൂ. ഒരു ഭാവിക്കായി ഒരു കുടുംബമായി മാറുന്നതെങ്ങനെയെന്ന ചോദ്യങ്ങള്‍ക്ക് കാലം മറുപടി തരട്ടെ. അപ്പോഴും ഒരു ചോദ്യം അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. ‘പൂച്ചയ്ക്കാരുമണികെട്ടും?’