നാടിനെ പൊള്ളിച്ച് വേനൽച്ചൂട്; കൂട്ടിയിട്ട് കത്തിക്കരുത്, ശ്രദ്ധിക്കാം ഈ 6 കാര്യങ്ങൾ
Mail This Article
വേനൽച്ചൂട് നാടിനെ പൊള്ളിച്ചു തുടങ്ങിയതോടെ തീപിടിത്ത സാധ്യതയും ഏറി. പറമ്പുകളിലെയും മറ്റും പുല്ലുകൾ കരിഞ്ഞുണങ്ങിയതാണു വ്യാപകമായ തീപിടിത്തമുണ്ടാകാൻ കാരണം. വെയിലിന്റെ ചൂടേറ്റ് ഉണങ്ങിയ പുല്ലിനു പെട്ടെന്നു തീ പിടിക്കും. കൂടാതെ, ചപ്പുചവറുകൾ കൂട്ടിയിട്ടു തീയിടുന്നതും തീ പടരാൻ കാരണമാകുന്നുണ്ട്. കനത്ത വെയിലും കാറ്റും തീ പെട്ടെന്നു പടർന്നുപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ശ്രദ്ധിക്കുക, ഈ കാര്യങ്ങൾ
∙ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. ചപ്പുചവറുകൾ കത്തിച്ച ശേഷം തീ പൂർണമായി അണഞ്ഞുവെന്ന് ഉറപ്പുവരുത്തണം. തീ പടരാവുന്ന ഉയരത്തിലുള്ള മരങ്ങൾക്കു ചുവട്ടിൽ തീ കത്തിക്കരുത്.
∙ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വെള്ളം ടാങ്കുകളിലും മറ്റും സൂക്ഷിക്കുക
∙ കത്തിയെരിയുന്ന വിറകു കഷണങ്ങൾ, സിഗരറ്റ് കുറ്റികൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്.
∙ വൈദ്യുതി ലൈനിൽ നിന്നു തീപ്പൊരി തെറിച്ച് തീപടർന്നു പിടിച്ച സംഭവങ്ങളുണ്ട്. മരച്ചില്ലകൾ വൈദ്യുതി ലൈനിൽ തട്ടുന്നുണ്ടെങ്കിൽ വിവരം കെഎസ്ഇബി അധികൃതരെ അറിയിച്ച് അപകടം ഒഴിവാക്കുന്നതിനു വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.
∙ വലിയ തോട്ടങ്ങളിൽ കാടും പുല്ലും വെട്ടിത്തെളിച്ച് തീ പടരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. തോട്ടങ്ങളുടെ അതിരിൽ തീ പടരാതിരിക്കാൻ ഫയർ ബ്രേക്കർ നിർമിക്കുക.
∙ അഗ്നിരക്ഷാസേനയെ വിളിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക.
വിഴുങ്ങുന്നത് ഹെക്ടർ, കണക്കിനു വനഭൂമി
ഹെക്ടർ കണക്കിന് പുൽമേടുകളും വനമേഖലയുമാണ് കാട്ടുതീയിൽ ഇല്ലാതാകുന്നത്. അപൂർവ ഇനം സസ്യ-ജന്തുജാലങ്ങളുൾപ്പെടെ ജൈവസമ്പത്തുള്ള വനമേഖലയിൽ കാട്ടുതീ മൂലമുണ്ടാകുന്ന നഷ്ടം ഏറെ വലുതാണ്. വനമേഖലയോടു ചേർന്ന് കൃഷി ചെയ്തിരിക്കുന്ന കർഷകർക്കും കാട്ടുതീ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
കാട്ടുതീ തടയുന്നതിന് ആധുനിക സംവിധാനങ്ങളും ഉപകരണങ്ങളും വനംവകുപ്പിനു ലഭ്യമാക്കണമെന്ന ആവശ്യം ഇതുവരെയും നടപ്പിലായിട്ടില്ല. മിക്കയിടത്തും അഗ്നിരക്ഷാസേന തന്നെയാണ് ഇപ്പോഴും ആശ്രയം. വിദൂരമായ വനമേഖലകളിൽ അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും കാട്ടുതീ സർവനാശം വിതച്ചിരിക്കും. ചെറിയ തീപിടിത്തം തുടക്കത്തിലേ തടയാനാവശ്യമായ സജ്ജീകരണങ്ങൾ വനംവകുപ്പിൽത്തന്നെ ഏർപ്പെടുത്താനായാൽ നാശനഷ്ടം കുറയ്ക്കാനാകും.
വന്യമൃഗങ്ങൾക്കും കാട്ടുതീ കനത്ത ഭീഷണിയാണ്. കാട്ടുതീക്ക് പിന്നിൽ സാമൂഹിക വിരുദ്ധരടക്കമുള്ള ഗൂഢസംഘങ്ങളും ഉണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. അശ്രദ്ധയും തീപിടിത്തത്തിനു കാരണമാകുന്നു. കാട്ടുതീ പ്രതിരോധിക്കുന്നതിനു ഫയർലൈൻ തെളിക്കൽ, കൺട്രോൾ ബേണിങ് ഉൾപ്പെടെ ജില്ലയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ ഭാഷ്യം. എന്നാൽ, പലയിടങ്ങളിലും ആവശ്യമായ മുൻകരുതൽ നടപടികൾ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.