വെന്തുരുകുന്ന പാലക്കാട്; പതിവുതെറ്റിക്കാതെ 40 ഡിഗ്രിയിലേക്ക്, മറ്റ് ജില്ലകളും മോശക്കാരല്ല
Mail This Article
വേനൽമഴ ചെറുതായി സംസ്ഥാനത്തെ തണുപ്പിച്ചെങ്കിലും പ്രതീക്ഷിച്ചത്ര പെയ്തില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ. ഇനിയുള്ള ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ ചുരുക്കം ചില സ്ഥലങ്ങളിൽ ലഭിച്ച മഴയേക്കാൾ കുറവ് മഴ മാത്രമാണ് ലഭിക്കുക. ഏപ്രിൽ ആദ്യത്തോടെ വീണ്ടും ചെറിയ പ്രതീക്ഷ ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം.
കേരളത്തിലെ വേനൽമഴ കഴിഞ്ഞ അഞ്ചുവർഷത്തിൽ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
മാര്‍ച്ച് 1 മുതലാണ് വേനല്‍മഴയുടെ തോത് രേഖപ്പെടുത്തി തുടങ്ങുക. മാര്‍ച്ച് 1 മുതൽ 23 വരെയുള്ള കണക്ക് പ്രകാരം സാധാരണ ലഭിക്കേണ്ടത് 25.1 മില്ലിമീറ്റർ മഴയാണ്. എന്നാൽ കേരളത്തിൽ ലഭിച്ചിരിക്കുന്നത് 3.8 മില്ലിമീറ്റർ മഴ മാത്രമാണ്. കാലവർഷം കൂടുതൽ ലഭിക്കുന്നത് തെക്കൻ കേരളത്തിലും വേനൽമഴ വടക്കൻ കേരളത്തിലുമാണ്. എന്നാൽ കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ മഴയുടെ അംശം പോലുമില്ല. ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചിരുന്നത് പത്തനംതിട്ടയിലാണ് (43.2 മി.മീ). എന്നാൽ ഇത്തവണ 13.6 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.
വേനൽ മഴയ്ക്ക് പിന്നാലെ കേരളത്തിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. മാർച്ച് 25ന് ഏറ്റവും കൂടുതൽ ചൂട് പാലക്കാട് രേഖപ്പെടുത്തി. 40.5 ഡിഗ്രി സെൽഷ്യസാണ്. തൃശൂർ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.ഏപ്രിലിൽ വേനൽമഴയുടെ സ്ഥിതി മാറുന്നത് പതിവാണ്. ഇത്തവണയും നല്ലൊരു മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ വിദഗ്ധർ.