മാർച്ചിൽ തന്നെ ചൂട് 40 ഡിഗ്രി, ഇനി രണ്ടുമാസം എങ്ങനെ? ആശങ്കയോടെ പാലക്കാട്ടുകാർ
Mail This Article
അങ്ങനെ കേരളവും ചൂടിന്റെ കാര്യത്തിൽ 40 ഡിഗ്രി സെൽഷ്യസ് ക്ലബിലെത്തിയിരിക്കുന്നു. 2019 ന് ശേഷം ആദ്യമായാണ് മാർച്ച് മാസത്തിൽ 40°c രേഖപ്പെടുത്തുന്നത്. ഈ ‘നേട്ടം’ പാലക്കാട് ജില്ലയിലൂടെയാണ് നേടിയിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് കഴിഞ്ഞ മൂന്നു ദിവസമായി പാലക്കാടാണ് രേഖപ്പെടുത്തിയത്. 40.7 ഡിഗ്രി സെൽഷ്യസ്. ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്. ചൂട് 40 ഡിഗ്രിയെന്ന് രേഖപ്പെടുത്തുന്നുണ്ടെങ്കിൽ അതനുസരിച്ച് ഭൂമിയിലെ ചൂട് ഉൾപ്പെടെ ശരീരത്തിൽ അനുഭവപ്പെടുക 46 ഡിഗ്രി (ഹീറ്റ് ഇൻഡക്സ്)യാണ്. പലയിടത്തും അന്തരീക്ഷത്തിന്റെ ചൂടു മാത്രം 41 ഡിഗ്രി വരെ അനുഭവപ്പെടുന്നുണ്ടെങ്കിലും കാലാവസ്ഥാകേന്ദ്രം (എഐഎംഡി) അത് ഔദ്യോഗികമായി എടുക്കുന്നില്ല. സംസ്ഥാനത്തെ നൂറിലധികം സ്ഥലത്തു സ്ഥാപിച്ചിട്ടുളള ഒാട്ടാമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്ക് ഐഐഎംഡി പരിഗണിക്കുന്നില്ലെങ്കിലും ദുരന്തനിവാരണ അതോറിറ്റി ഉൾപ്പെടെ, നടപടികൾക്ക് അത് അടിസ്ഥാനമാക്കുന്നുണ്ട്.
പുനലൂർ –38, കണ്ണൂർ വിമാനത്താവളം 37.4, വെള്ളാനിക്കര– 37, കോഴിക്കോട് – 37 എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് മഹാരാഷ്ട്രയിലെ അകോളയിലാണ് (42.6°c) രേഖപ്പെടുത്തിയിരിക്കുന്നത്. വലിയ തോതിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നതിനാൽ വരുംദിവസങ്ങളിലും അതീവജാഗ്രത പുലർത്തണമെന്നാണു കാലാവസ്ഥാ ശാസ്ത്രജ്ഞരും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പ്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ നേരിട്ടു പതിക്കുന്നതിനാൽ കണ്ണിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അവർ സൂചിപ്പിക്കുന്നു.
കടുത്ത ചൂടിൽ ചിലയിടങ്ങളിൽ കാർമേഘ രൂപീകരണം നടക്കുന്നുണ്ടെങ്കിലും അന്തരീക്ഷ സമ്മർദം കാരണം മിക്കയിടത്തും അതു പെയ്യുന്നില്ല. ഉഷ്ണത്തിന്റെ കാഠിന്യത്തിൽ പെയ്യുന്ന മഴ നേരിയ തോതിലാണ് ഭൂമിയിൽ പതിക്കുന്നത്. കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ഉഷ്ണം വർധിച്ചു തുടങ്ങിയതിന്റെ സ്വാധീനവും വരുംദിവസങ്ങളിൽ അനുഭവപ്പെടും. ഉഷ്ണതരംഗം ഉൾപ്പെടെയുളള പ്രതിഭാസങ്ങൾ ഇത്തവണ നേരത്തേ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഈ മാസം അവസാനദിവസം പലയിടത്തായി മോശമല്ലാത്ത ഒറ്റ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ ഇപ്പോഴത്തെ നിഗമനം.
ആരോഗ്യപ്രശ്നങ്ങളേറെ
ചൂടുകാലത്താണ് ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ കരുതൽ നൽകേണ്ടത്. തലകറക്കം, തലവേദന, വയറിളക്കം, ശ്വാസം മുട്ടൽ, അലർജി തുടങ്ങി ആരോഗ്യപ്രശ്നങ്ങൾ പലർക്കും കൂടിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ആശുപത്രികൾ കയറിയിറങ്ങേണ്ടി വരും. ഇനിയുള്ള ദിവസങ്ങളിലും ചൂടു കൂടുമെന്നാണ് മുന്നറിയിപ്പ്. ചിക്കൻപോക്സ്, മൂത്രാശയ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും സാധ്യത കൂടുതലാണ്. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ എന്നിവർ ചൂടുകാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. ചിക്കൻ പോക്‌സിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഡോക്ടറുടെ നിർദേശ പ്രകാരം ക്വാറന്റീൻ നിർബന്ധമാണ്.
പനി, വയറിളക്കം, ഛർദി എന്നിവ ഉണ്ടെങ്കിലും ഡോക്ടറെ കണ്ട് ഉടൻ ചികിത്സിക്കണം. പുറത്തിറങ്ങുമ്പോൾ സൂര്യാതപം ഏൽക്കാനും ചർമരോഗങ്ങൾ വർധിക്കാനും സാധ്യതയുണ്ട്. കുട്ടികൾ തുടർച്ചയായി മണിക്കൂറുകളോളം വെയിലത്തു കളിക്കുന്നത് ഒഴിവാക്കണം. വെയിലത്തു പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകരുത്.
ചൂടുകാലത്തെ ആരോഗ്യം സംരക്ഷിക്കുന്നതിന് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശങ്ങൾ:
രോഗമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണംഹൃദ്രോഗം, വൃക്കരോഗം ഉൾപ്പെടെയുള്ളവർക്കു ചൂടുകാലത്ത് ആരോഗ്യ പ്രശ്നങ്ങൾ കൂടാൻ കാരണമാകും. വെയിലത്തിറങ്ങിയില്ലെങ്കിൽ പോലും അന്തരീക്ഷത്തിലെ ചൂട് കൂടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാവും. ഫ്ലൂ, ന്യുമോണിയ, ശ്വാസംമുട്ടൽ, ആസ്മ എന്നീ ശ്വാസകോശ രോഗങ്ങൾ ഉള്ളവർ ശ്രദ്ധിക്കണം. ഉഷ്ണക്കാറ്റിലൂടെയുള്ള പൊടിമൂലം ഇത്തരം രോഗങ്ങൾ മൂർച്ഛിക്കാൻ സാധ്യത ഏറെയാണ്.
അലർജിയുള്ളവർ മാസ്ക് ശീലമാക്കാംപൊടിക്കാറ്റ് കൂടുതലായതിനാൽ അലർജിക്കു കാരണമായ ഘടകങ്ങൾ ഒരുപാടു ദൂരത്തേക്കു സഞ്ചരിക്കും. വരണ്ട ചർമം, ചൊറിച്ചിൽ, മൂക്കടപ്പ്, തുമ്മൽ, വരണ്ട ചുമ എന്നിവയും ഈ കാലാവസ്ഥയിൽ ഉണ്ടാവും. അലർജി ബാധിതർ അതിരാവിലെയുള്ള നടത്തം ഒഴിവാക്കുന്നത് നല്ലതാണ്. മരുന്നുകൾ അകാരണമായി നിർത്തരുത്.
കണ്ണിനെ മറക്കല്ലേ...
അമിത ചൂട്, പൊടിപടലങ്ങൾ എന്നിവ കാരണം ചെങ്കണ്ണ്, അലർജി, ചൊറിച്ചിൽ, കണ്ണുനീരിന്റെ കുറവ്, തിമിരം, കണ്ണിന്റെ പോളയിൽ കുരുക്കൾ, കൃഷ്ണ മണിയിൽ പാട കെട്ടൽ എന്നിവയാണു കൂടുതലായി കാണപ്പെടുന്നത്. കണ്ണു തിരുമ്മാതിരിക്കാൻ ശ്രദ്ധിക്കണം. സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക. ഇടയ്ക്കിടെ ശുദ്ധമായ തണുത്ത വെള്ളം ഉപയോഗിച്ചു കണ്ണു കഴുകുക, പുറത്തിറങ്ങുമ്പോൾ സൺ ഗ്ലാസ്, കുട എന്നിവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക
ചർമസംരക്ഷണം...
വെയിലേറ്റുള്ള കരിവാളിപ്പ് തടയാൻ സൺ ഗ്ലാസും സൺ സ്ക്രീൻ ലോഷനും ഉപയോഗിക്കുക. വെയിലത്ത് ഇറങ്ങുന്നതിനു 15 മിനിറ്റ് മുൻപ് സൺ സ്ക്രീൻ ലോഷൻ ഉപയോഗിക്കണം. 2 മണിക്കൂർ ഇടവിട്ടു വീണ്ടും പുരട്ടണം. ഫംഗൽ ഇൻഫക്ഷനു സ്വയം ചികിത്സ അരുത്. ചൂടുകാലത്ത് അധികം മേക്കപ് ഉപയോഗിക്കരുത്.
എരിവും പുളിയും വേണ്ട
ശരീരം അമിതമായി ചൂടാവുന്നതു കൊണ്ട് ആന്തരിക പ്രവർത്തനങ്ങൾക്ക് ഉണ്ടാവുന്ന തടസ്സം, നാഡി മിടിപ്പ് കുറയൽ, അമിത വിയർപ്പിന്റെ ഫലമായുള്ള പേശീ വലിവ് പോലെയുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുക. ആഹാര ക്രമീകരണത്തിലൂടെ തന്നെ ചൂടുകാലത്തെ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. രാമച്ചം, ചന്ദനം എന്നിവ തിളച്ച വെള്ളത്തിൽ ചേർക്കുന്നതു ശരീരത്തിന്റെ ചൂട് കുറയ്ക്കുന്നതിനും മൂത്രം കൂടുതലായി പോകുന്നതിനും സഹായിക്കും. ഭക്ഷണത്തിൽ എരിവും പുളിയും കുറയ്ക്കണം. ചൂടു കാലത്ത് കഞ്ഞിയിൽ അൽപം നെയ്യ് മാത്രം ഇട്ടു കുടിക്കുന്നത് നല്ലതാണ്. നിർജലീകരണം കുറയ്ക്കുന്നതിനും ഇത്തരം ആഹാരം ശീലമാക്കണം.
വിസ്തരിച്ചു കുളിക്കാം
ചൂടുകാലത്തെ ത്വക്ക് രോഗങ്ങളിൽ നിന്ന് ആശ്വാസം കണ്ടെത്താൻ കുളിക്കുന്ന സമയത്ത് അൽപം ശ്രദ്ധ നല്ലതാണ്. ത്രിഫല ചൂർണം തേച്ച് കുളിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാണ്. നെല്ലി, ആര്യവേപ്പ് എന്നിവയുടെ ഇല വെന്ത വെള്ളം ഉപയോഗിച്ചു കുളിക്കാനും ശ്രദ്ധിക്കണം. നാൽപാമരാദി തൈലം ഉപയോഗിക്കുന്നതും നല്ലതാണ്.
പ്രത്യേകം ശ്രദ്ധിക്കാം
∙ വേനൽക്കാലത്ത് അമിത വ്യായാമം വേണ്ട.
∙ ദിവസവും 2–3 ലീറ്റർ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
∙ പച്ചമല്ലി, ചുക്ക്, നന്നാറി, കൂവപ്പൊടി എന്നിവ ഏതെങ്കിലുമിട്ടു തിളപ്പിച്ച വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, ഇഞ്ചിയും കറിവേപ്പിലയും ഉപ്പും ചേർത്ത മോരുവെള്ളം എന്നിവ കുടിക്കുക.
∙ കുമ്പളങ്ങ, വെള്ളരിക്ക, പടവലം, മത്തൻ, ചീര തുടങ്ങിയ ജലാംശം അധികമുള്ള പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കുക.
∙ മാങ്ങ, നാരങ്ങ, ഓറഞ്ച്, ആപ്പിൾ, മുസംബി, തണ്ണിമത്തൻ ജ്യൂസ് തുടങ്ങിയവ കഴിക്കുക.
∙ ചൂടുകുരു പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ രണ്ടുനേരം കുളിക്കുക. കുളിക്കാൻ നാൽപാമരം, രാമച്ചം എന്നിവയിട്ട വെള്ളം നല്ലതാണ്.
∙ ഭക്ഷണത്തിൽ എരിവും പുളിയും കുറയ്ക്കുക. വറുത്തതും പൊരിച്ചതും ഒഴിവാക്കുക.
∙ അച്ചാർ, ജങ്ക് ഫുഡുകൾ, കൃത്രിമ പാനീയങ്ങൾ, മാംസാഹാരം എന്നിവ നിയന്ത്രിക്കുക.
∙ മദ്യം ഒഴിവാക്കുക.
∙ രാവിലെ 11 മുതൽ 3 വരെ തുറസ്സായ സ്ഥലത്തു ജോലി ചെയ്യരുത്.
∙ വെയിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുക, അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
∙ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.
വിവരങ്ങൾക്ക് കടപ്പാട്:ഡോ.കെ.വി.രമ, ജില്ലാ മെഡിക്കൽ ഓഫിസർ (ആയുർവേദം) ഡോ.പി.ജി.മനോജ് (ജൂനിയർ കൺസൽറ്റന്റ്, ജില്ലാ ആശുപത്രി)