ADVERTISEMENT

ഇന്ത്യയിലെ അന്തരീക്ഷ താപനില 1901 നും 2018 നും ഇടയ്ക്ക് 0.7 ഡിഗ്രിയാണ് വര്‍ധിച്ചത്. അന്തരീക്ഷത്തില്‍ വര്‍ധിച്ചുവരുന്ന ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യത്തില്‍ ഉണ്ടാകുന്ന ഹരിതഗൃഹ പ്രഭാവമാണ് ഈ താപനില വര്‍ധനവിന് കാരണം. ഇതുകൂടാതെ, അന്തരീക്ഷത്തില്‍ വര്‍ധിച്ചുവരുന്ന പൊടിപടലങ്ങളുടെ സാന്നിധ്യവും ഭൗമോപരിതലത്തിലെ സസ്യാവരണത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളുമാണ് മറ്റു കാരണങ്ങള്‍. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ഇന്ത്യയിലെ അന്തരീക്ഷ താപനില 4.7 ഡിഗ്രി വര്‍ധിക്കും. മാത്രമല്ല, ഇന്ത്യയിലെ വ്യത്യസ്ത ഭാഗങ്ങളില്‍ താപനില വര്‍ധനവ് വ്യത്യസ്ത രീതിയിലായിരിക്കും. ഇത് നിർണയിക്കുന്നതില്‍ പ്രാദേശിക പരിസ്ഥിതിയ്ക്കും അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കും വലിയ പങ്കുണ്ട്. 

ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില കഴിഞ്ഞ 65 വര്‍ഷത്തിനിടയില്‍ (1951 - 2015) ഒരു ഡിഗ്രി വര്‍ധിച്ചിട്ടുണ്ട്. ഈ പ്രതിഭാസം കേരളത്തില്‍ ലഭിക്കേണ്ട കാലവര്‍ഷത്തിന്‍റെ ഗതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ജൂണ്‍–ജൂലൈ മാസത്തില്‍ ലഭിക്കേണ്ട മഴയുടെ അളവില്‍ കുറവ് വരുന്നതിനു ഒരു പ്രധാന കാരണം ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയില്‍ ഉണ്ടായ വ്യതിയാനമാണ്. ജൂലൈ അവസാന സമയത്ത് താപനിലയില്‍ ചെറിയ വ്യത്യാസമുണ്ടാകുമ്പോൾ മണ്‍സൂണ്‍ കാറ്റിന് ശക്തി കൂടുകയും അന്തരീക്ഷത്തിലെ വര്‍ധിച്ച ഈര്‍പ്പം ശക്തമായ കാറ്റിനൊപ്പം കേരളതീരത്തേക്ക് അടുക്കുകയും അതിതീവ്ര മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്നു. 

ആഗോളതാപനം 1.2 ഡിഗ്രി സെൽഷ്യസിൽ എത്തിനിൽക്കുകയാണ്. ഇത് 2030 ആകുമ്പോൾ 1.5 ഡിഗ്രി സെൽഷ്യസ് ആകും. സമുദ്രനിരപ്പ് ഓരോ വർഷവും 3 മില്ലിമീറ്റർ വർധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു സീസണിൽ ലഭിക്കേണ്ട മഴ ഇപ്പോൾ രണ്ടോ മൂന്നോ ദിവസം കൊണ്ടോ അല്ലെങ്കിൽ രണ്ട് മണിക്കൂറുകൾ കൊണ്ടോ ലഭിക്കുന്നു. പിന്നാലെ  ഉരുൾപൊട്ടൽ, പ്രളയം എന്നുണ്ടാകുന്നു. തൊട്ടുപിന്നാലെ വരൾച്ചയും. ഇത് കാർഷിക രംഗത്തെയും ജനജീവിതത്തെയും ബാധിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധൻ റോക്സി മാത്യു കോൾ പറഞ്ഞു. റോഡുകൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ‌, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ബാധിക്കാത്ത തരത്തിൽ നിർമിക്കണം. ആദ്യം മഴയും കാലാവസ്ഥയും കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം കൊണ്ടുവരിക. ഓരോ സ്കൂളിലും മഴമാപിനിയും തെർമോമീറ്ററും സ്ഥാപിക്കാവുന്നതാണ്. ഇതിന് 1000–2000 രൂപ ചെലവ് വരികയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. 

English Summary:

Monsoon Mayhem: How a Warming Indian Ocean Threatens Kerala's Rainfall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com