മഴയെന്ന് പറഞ്ഞാൽ വെയിൽ; കാലാവസ്ഥ പ്രവചനങ്ങളെല്ലാം പിഴയ്ക്കുന്നതെങ്ങനെ?
Mail This Article
കാലാവസ്ഥ അനുദിനം മാറി മറിയുകയാണ്. മഴക്കാലവും വേനൽക്കാലവുമൊക്കെ മനുഷ്യന്റെ പ്രവചനങ്ങൾക്കപ്പുറത്തേക്ക് പോകുന്നു. പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമാകുന്ന കാഴ്ച. കാലാവസ്ഥയിലെ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ നാം ശീലിച്ചു തുടങ്ങിയിരിക്കുന്നു. ഒരുപക്ഷേ അതിജീവനം എന്നുപോലും ഈ സാഹചര്യത്തെ വിശേഷിപ്പിക്കാം. കാലാവസ്ഥാ വ്യതിയാനം എത്രത്തോളം രൂക്ഷമാണെന്നും അത് ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ ബാധിക്കാതെ നിയന്ത്രണത്തിലാക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുകയാണ് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ഡയറക്ടറായ ഡോ. മനോജ് പി. സാമുവൽ.
കാലാവസ്ഥയിലെ മാറ്റങ്ങൾ കൂടുതൽ കൃത്യമായി അറിയാൻ സാധിക്കുന്ന സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. അതിനോടൊപ്പം തന്നെ ഈ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് ജീവിതരീതിയും കൃഷിരീതിയും വികസന പ്രവർത്തനങ്ങളും ക്രമപ്പെടുത്തേണ്ടിയിരിക്കുന്നു. മഴ വിതരണവും താപനിലയിലും കഴിഞ്ഞ പതിറ്റാണ്ടുകളിൽ എങ്ങനെയായിരുന്നു എന്ന് വിശകലനം ചെയ്താണ് കാലാവസ്ഥ പ്രവചിക്കപ്പെടുന്നത്. ഏതാനും വർഷങ്ങൾ മുൻപ് വരെ ഈ പ്രവചന രീതി കൃത്യവുമായിരുന്നു. എന്നാൽ അടുത്ത കാലങ്ങളിലായി പ്രതീക്ഷകളും പ്രവചനങ്ങളുമൊക്കെ തെറ്റിച്ചുകൊണ്ടാണ് കാലാവസ്ഥ വെല്ലുവിളി ഉയർത്തുന്നത്. ഉദാഹരണത്തിന് 2023 ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ കേരളത്തിൽ തീരെ മഴ ലഭിച്ചിരുന്നില്ല. എന്നാൽ ഈ വർഷം ഓഗസ്റ്റ് എത്തിയപ്പോഴേക്കും വലിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള മഴയാണ് കാണാൻ സാധിച്ചത്. ഈ സാഹചര്യം കണക്കിലെടുത്ത് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് കൂടുതൽ കൃത്യവും കണിശവുമായ രീതിയിൽ സൂക്ഷ്മതലത്തിലുള്ള അപഗ്രഥനവും വിശകലനവും നടത്തി മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.
തൊട്ടടുത്ത ദിവസങ്ങളിൽ കാലാവസ്ഥ എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ പ്രവചിക്കപ്പെടുന്നത് ഉപഗ്രഹ ചിത്രങ്ങളുടെയും മറ്റും സഹായത്തോടെയാണ്. നിരവധി ഘടകങ്ങളെ കണക്കിലെടുത്താണ് ഈ പ്രവചനങ്ങൾ നടത്തുന്നത് എന്നതുകൊണ്ടുതന്നെ ഈ ഘടകങ്ങളിൽ ഏതെങ്കിലും ഒന്നിൽ നേരിയ വ്യത്യാസം വരുന്നത് പോലും പ്രവചനങ്ങളെ കടത്തിവെട്ടുന്ന കാലാവസ്ഥാ സംഭവങ്ങളിലേക്ക് നയിക്കും. കാലാവസ്ഥ പ്രവചനം തികച്ചും സങ്കീർണമായ ഒരു പ്രക്രിയയാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.
കാലാവസ്ഥയിൽ പ്രവചനങ്ങൾക്ക് അതീതമായി എങ്ങനെ തീവ്രമായ മാറ്റങ്ങൾ ഉണ്ടാകുന്നു എന്നതാണ് പ്രസക്തമായ ചോദ്യം. ഇതിനുള്ള പ്രധാന ഉത്തരം ആഗോളതാപനം തന്നെയാണ്. ഹരിത ഗൃഹവാതകങ്ങളുടെ ഉദ്വമനം വർധിക്കുന്നതനുസരിച്ച് ആഗോളതാപനിലയും ഭയാനകമാംവിധം വർധിച്ചു വരുന്നുണ്ട്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രണ്ട് ഡിഗ്രി എങ്കിലും ആഗോളതാപനില വർധിക്കും എന്നാണ് കണക്ക്. ഈ സാഹചര്യം കണക്കിലെടുത്ത് താപനില 1. 5 ഡിഗ്രിയിൽ അധികമാകാതെ പിടിച്ചുനിർത്താൻ ലോകരാജ്യങ്ങൾ ഒരുമിച്ചു കൂടി തീരുമാനമെടുത്തിട്ടുണ്ട്. നിലനിൽക്കുന്ന കാലാവസ്ഥാ പ്രശ്നം മനസ്സിലാക്കി അത് ലഘൂകരിക്കാനുള്ള നടപടികളാണ് ഇതിൽ ആദ്യം വേണ്ടത്.
ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനത്തിൽ കുറവ് വരുത്തേണ്ടതാണ് ആദ്യപടി. ഗ്രാമങ്ങളും നഗരങ്ങളും കാർബൺ ന്യൂട്രൽ ആവുകയും വ്യവസായ സംരംഭങ്ങൾ നെറ്റ് സീറോ എമിഷൻ സംവിധാനങ്ങളിലേയ്ക്ക് മാറേണ്ടതും അനിവാര്യമാണ്. പുറന്തള്ളപ്പെടുന്ന വാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിനൊപ്പം അധികമായി അന്തരീക്ഷത്തിലുള്ള ഇത്തരം വാതകങ്ങളെ ആഗിരണം ചെയ്യുന്ന പ്രകൃതിദത്ത സംവിധാനങ്ങളെ നിലനിർത്തുക എന്നതാണ് അടുത്ത പടി. കാടുകളുടെയും സമുദ്രമടക്കമുള്ള ജലാശയങ്ങളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ഇവിടെയാണ്.
കാലാവസ്ഥയിലെ മാറ്റം ഒരു യാഥാർഥ്യമാണെന്ന് തിരിച്ചറിഞ്ഞ് അതുമായി പൊരുത്തപ്പെട്ട് ജീവിക്കുക എന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. കൃഷി രീതിയിലും ജലസേചനത്തിലും ഒക്കെ കാലാവസ്ഥയ്ക്ക് അനുസൃതമായി മാറ്റങ്ങൾ വരേണ്ടതുണ്ട്. ഒരുപക്ഷേ ഞാറ്റുവേല കലണ്ടറിൽ തന്നെ മാറ്റം വരുത്തേണ്ടിവരും. അതായത് പരമ്പരാഗതമായി ഓരോ വിളയും കൃഷി ചെയ്തിരുന്ന സമയം അതേ രീതിയിൽ പിന്തുടർന്ന് പോകാതെ മാറിയ കാലാവസ്ഥയ്ക്ക് അനുസരിച്ച് വിതയ്ക്കുന്നതിനും വിളവെടുപ്പിനുമെല്ലാമുള്ള സമയങ്ങളിൽ മാറ്റം വരണം. കൃഷി ചെയ്യുന്ന ഇനങ്ങൾ പോലും കാലാവസ്ഥയ്ക്ക് അനുസരിച്ച് തിരഞ്ഞെടുക്കുന്നതാവും ഉചിതം.
ജീവിതരീതിയിൽ വരുത്തേണ്ട മാറ്റമാണ് ശ്രദ്ധ ചെലുത്തേണ്ട മറ്റൊരു മേഖല. നാം ജീവിക്കുന്ന പരിസ്ഥിതിയുമായി എങ്ങനെ പ്രതികരിക്കണമെന്ന് ആദ്യം മനസ്സിലാക്കണം. മാലിന്യങ്ങൾ വലിച്ചെറിയുന്നത് മുതൽ ശാസ്ത്രീയ, പാരിസ്ഥിതിക അടിത്തറയില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തുന്നതു വരെയുള്ള കാര്യങ്ങൾ പുനർവിചിന്തനം ചെയ്യണം. പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും പൂർണമായും വിട്ടുനിൽക്കേണ്ടതിനെക്കുറിച്ച് ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്.
ഭൂമി ഏത് രീതിയിലും കൈകാര്യം ചെയ്യാം എന്ന മിഥ്യാധാരണ ഒഴിവാക്കി ഭൂവിനിയോഗ പ്ലാൻ ഉണ്ടാവേണ്ടതും ഇന്നിന്റെ ആവശ്യമാണ്. മണ്ണിന്റെ ഘടന, ചെരിവ് തുടങ്ങി ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി മാത്രം ഭൂമി ഉപയോഗിക്കണം. കൃഷിയും നിർമാണ പ്രവർത്തനങ്ങളുമെല്ലാം അതത് പ്രദേശത്തെ ഭൂപ്രകൃതിയോട് യോജിച്ച രീതിയിൽ മാത്രം നടത്തേണ്ടതുണ്ട്.
വാട്ടർ ബജറ്റുകളാണ് ശ്രദ്ധ നൽകേണ്ട അടുത്ത കാര്യം. ഓരോ പ്രദേശത്തും ഓരോ സീസണിലും വ്യത്യസ്ത രീതിയിൽ ലഭ്യമാകുന്ന ജലം എത്രയാണെന്നും എത്രത്തോളം ജലം വിനിയോഗിക്കപ്പെടുന്നുണ്ടെന്നും താരതമ്യപ്പെടുത്തി കേരളത്തിലെ 40 ശതമാനത്തോളം പഞ്ചായത്തുകളിൽ വാട്ടർ ബജറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഉദ്ദേശിച്ച ഫലപ്രാപ്തിയിലെത്താൻ പൊതുജന സഹകരണത്തോടെയുള്ള നീക്കങ്ങളാണ് വേണ്ടത്. വിവരശേഖരണത്തിലും പരിഹാര നടപടികൾ ക്രോഡീകരിക്കുന്നതിനും കൃത്യമായി നടപ്പിലാക്കുന്നതിനും ഗവേഷകരും ഭരണകൂടങ്ങളും പൊതുജനങ്ങളും സന്നദ്ധ പ്രവർത്തകരും ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ കാലാവസ്ഥ വ്യതിയാനം അതിന്റെ ഇതിലും ഭീകരമായ മുഖം വെളിവാക്കുന്നതിനു മുൻപേ നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന് ഡോ. മനോജ് സാമുവൽ പറയുന്നു.