ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത; ഇത്തവണയും ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്?
Mail This Article
ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ശനിയാഴ്ചയോടെ ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. ഇത് ഡിസംബർ 12 ഓടെ ശ്രീലങ്ക-തമിഴ്നാട് തീരത്തിനു സമീപം എത്തിച്ചേരാൻ സാധ്യതയെന്ന് പ്രാഥമിക സൂചന.
ശ്രീലങ്ക–തമിഴ്നാട് സമീപം ന്യൂനമർദം എത്തിച്ചേരുകയാണെങ്കിൽ കേരളത്തിലും ഡിസംബർ 11, 12 തീയതികളിൽ മഴ വർധിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
ദിവസങ്ങൾക്ക് മുൻപാണ് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് ശ്രീലങ്ക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ദുരിതം വിതച്ചത്. തുടർച്ചയായ മഴയിൽ പലയിടങ്ങളും വെള്ളത്തിലായി. നിരവധിപ്പേർക്ക് ജീവനും നഷ്ടമായി. ചുഴലിക്കാറ്റ് ശക്തിക്കുറഞ്ഞ് അറബിക്കടലിലേക്ക് പതിക്കുകയാണുണ്ടായത്. ഈ സമയങ്ങളിൽ വടക്കൻ കേരളത്തിലും വ്യാപക മഴയുണ്ടായിരുന്നു. മഞ്ചേശ്വരത്ത് 24 മണിക്കൂറിൽ 378 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.