ബ്രിട്ടനിൽ ആകാശത്ത് പൊടുന്നനെ വലിയ തീഗോളം: ദൃശ്യങ്ങൾ വൈറൽ
Mail This Article
ബ്രിട്ടനിൽ മാലിന്യസംസ്‌കരണ പ്ലാന്‌റിൽ മിന്നലടിച്ചതിനെത്തുടർന്ന് വലിയ തീഗോളം ആകാശത്തേക്കുയർന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഓക്‌സ്ഫഡ് നഗരത്തിനു വടക്കായുള്ള യാൺടണിൽ സ്ഥിതി ചെയ്യുന്ന സെവേൺ ട്രെന്‌റ് ഗ്രീൻ പവർ എന്ന കമ്പനിയുടെ പ്ലാന്‌റിലാണ് സ്‌ഫോടനം ഉണ്ടായത്. മിന്നലടിച്ചത് ബയോഗ്യാസ് പ്ലാന്‌റുകളിൽ സ്‌ഫോടനമുണ്ടാക്കിയെന്ന് അധികൃതർ അറിയിച്ചു. ആർക്കും അപകടമൊന്നും പറ്റിയില്ലെന്നും അധികൃതർ പറഞ്ഞു.
പ്രതിവർഷം അരലക്ഷം ടണ്ണിലധികം മാലിന്യം സംസ്‌കരിക്കുന്ന വലിയ പ്ലാന്റാണ് സെവേൺ ട്രെന്റ് ഗ്രീൻപവർ. ഖര, ദ്രവ മാലിന്യങ്ങൾ ഇവർ കൈകാര്യം ചെയ്യുന്നുണ്ട്. 2.1 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്‌റിൽ നിന്ന് ജൈവവളവും ഉത്പാദിപ്പിക്കുന്നുണ്ട്.
മാലിന്യസംസ്കരണ പ്ലാന്റുകളിൽ നേരത്തെയും വിവിധ അപകടങ്ങളുണ്ടായിടുണ്ട്. 2018ൽ യുഎസിലെ മിസോറിയിൽ സ്ഥിതി ചെയ്യുന്ന മലിനജല സംസ്കരണ പ്ലാന്റിൽ ഒരു പൊട്ടിത്തെറിയുണ്ടായി. പ്ലാന്റിൽ മീഥെയ്ൻ വാതകം ഉയർന്നതിനെത്തുടർന്നായിരുന്നു ഈ പൊട്ടിത്തെറി.
2019ൽ പോളണ്ടിലെ ഒരു മലിനജല സംസ്കരണ കേന്ദ്രത്തിലെ പൈപ്പുകളിൽ മലിന പദാർഥങ്ങൾ അടിഞ്ഞ് ഒടുവിൽ പൊട്ടിത്തെറിച്ചു. 2020ൽ ബ്രിട്ടനിലെ ബ്രിസ്റ്റോളിലുള്ള ഒരു മലിനജല സംസ്കരണ പ്ലാന്റിൽ ജൈവ ഖര മാലിന്യങ്ങൾ ട്രീറ്റ് ചെയ്യുന്നിടത്ത് പൊട്ടിത്തെറി നടക്കുകയും 4 പേർ മരിക്കുകയും ചെയ്തിരുന്നു.