ഇത് പൂവും കളിപ്പാട്ടമൊന്നുമല്ല; വെയിൽസ് തീരത്തടിഞ്ഞത് ‘പോർച്ചുഗീസ് മാൻ ഓ വാർ’
Mail This Article
വടക്കൻ വെയ്ൽസിലെ ആംഗൾസിയിൽ ‘പോർച്ചുഗീസ് മാൻ ഓ വാർ’ എന്ന സമുദ്രജീവി തീരത്തടിഞ്ഞത് ആശങ്ക പരത്തുന്നു. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിരിക്കുന്നതിനിടെ സമുദ്ര താപനിലയിൽ പ്രകടമായ വ്യത്യാസങ്ങൾ വരുന്നതിന്റെ സൂചനയായാണ് ജെല്ലിഫിഷന്റേതിന് സമാനമായ രൂപത്തിലുള്ള പോർച്ചുഗീസ് മാൻ ഓ വാർ തീരത്തടിഞ്ഞതിനെ വിദഗ്ധർ കണക്കാക്കുന്നത്. നീലയും വയലറ്റും ഇടകലർന്ന നിറത്തിൽ ചെറിയ ബലൂൺ പോലെ തോന്നിക്കുന്ന മാൻ ഓ വാറുകൾ ഒറ്റനോട്ടത്തിൽ അഭൗമ ജീവികളാണെന്നേ തോന്നൂ.
പോർട്ട് ഡഫാര്‍ക്ക് ബീച്ചിൽ നായകളുമായി നടക്കാൻ ഇറങ്ങിയവരാണ് തീരത്തടിഞ്ഞ പോർച്ചുഗീസ് മാൻ ഓ വാറിനെ ആദ്യം കണ്ടെത്തിയത്. സമുദ്രത്തിലെ ഉഷ്ണമേഖല, ഉപ-ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ജലോപരിതത്തിൽ ഉയർന്നു നിൽക്കുന്ന നിലയിൽ സാധാരണയായി ഇവയെ കാണാനാവുന്നത്. അടുത്തകാലങ്ങളിലായി ബ്രിട്ടന്റെ തീര മേഖലകളിൽ ഇവ കൂടുതലായി വന്നടിയുന്നുണ്ട്. സമുദ്ര താപനില അസാധാരണമാംവിധം വർധിക്കുന്ന സമയത്താണ് ഇത്.
ഇവ പൊതുവേ മനുഷ്യരുടെ ജീവന് ഭീഷണി ഉയർത്താറില്ലെങ്കിലും സ്പർശനികൾ മനുഷ്യ ശരീരത്തിൽ പതിച്ചാൽ അസഹനീയമായ വേദന ഉണ്ടാകാറുണ്ട്. എന്നാൽ തീരത്തടിയുന്ന സമയത്താണ് ഇവ കൂടുതൽ അപകടകാരികളാകുന്നത്. ജീവൻ നഷ്ടപ്പെട്ട അവസ്ഥയിലും ഇവയുടെ ശരീരത്തിൽ സ്പർശിച്ചാൽ കഠിന വേദന അനുഭവപ്പെടും. കുത്തേറ്റ പാടുകൾ ആഴ്ചകളോളം ശരീരത്തിൽ നിലനിൽക്കുകയും ചെയ്യും. പോർട്ട് ഡഫാര്‍ക്ക് ബീച്ചിൽ തീരത്തടിഞ്ഞത് പോർച്ചുഗീസ് മാൻ ഓ വാർ തന്നെയാണെന്ന് ആംഗൾസി സീ മൃഗശാല സമൂഹ മാധ്യമ പോസ്റ്റുകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
പോർച്ചുഗീസ് മാൻ ഓ വാറുകളുടെ സ്പർശനികൾക്ക് മൂന്ന് മീറ്റർ വരെ നീളമുണ്ടാകാറുണ്ട്. ആകൃതികൊണ്ട് പലപ്പോഴും ഇവ ജെല്ലിഫിഷാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. സാധാരണയായി കൂട്ടമായാണ് ഇവ സഞ്ചരിക്കുന്നത്. ഒരു കൂട്ടത്തിൽ ആയിരം എണ്ണംവരെ ഉണ്ടാകാറുമുണ്ട്. ചെറിയ മീനുകളെയും ചെമ്മീനുകളെയുമൊക്കെയാണ് ഇവ ഭക്ഷണമാക്കുന്നത്. നിറംകൊണ്ട് വേഗത്തിൽ തിരിച്ചറിയാനാവുമെന്നതിനാൽ കടൽതീരത്ത് ഇവയെ കണ്ടാൽ അവയ്ക്ക് സമീപത്തേയ്ക്ക് പോകരുത് എന്നാണ് അധികൃതർ നൽകുന്ന നിർദേശം.
യുകെയിലെയും അയർലണ്ടിലേയും തീരദേശങ്ങളിൽ സമുദ്ര താപ തരംഗങ്ങൾ ഈ വർഷം റെക്കോർഡ് നിലയിൽ ഉണ്ടായതായി ഗവേഷകർ കണ്ടെത്തിയിരുന്നു. ജൂൺ മാസത്തിൽ സമുദ്ര ജലത്തിലെ താപനില സാധാരണയേക്കാൾ അഞ്ചു ഡിഗ്രി സെലഷ്യസ് വരെ അധികമായിരുന്നു. താപനിലയിൽ ഉണ്ടാകുന്ന ഈ വ്യത്യാസം മൂലം ജെല്ലി ഫിഷുകളും മാൻ ഓ വാറുകളും ബാസ്കിങ് ഷാർക്ക് ഇനത്തിൽപ്പെട്ട സ്രാവുകളും തീരത്തോട് ചേർന്ന മേഖലകളിലേയ്ക്ക് വരാൻ സാധ്യത ഏറെയാണ്.