ADVERTISEMENT

അതീവ ഊർജം പ്രവഹിപ്പിക്കുന്ന ഇടിമിന്നൽ ഭൂമിക്ക് ആവശ്യമുള്ള പ്രതിഭാസം തന്നെയാണ്. അന്തരീക്ഷ വായുവിൽ നൈട്രജൻ 78 ശതമാനമുണ്ട്. സസ്യങ്ങൾക്ക് വളരെ ആവശ്യമുള്ള ഈ മൂലകത്തെ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാൻ അവയ്ക്കു തനിയെ കഴിയില്ല. എന്നാൽ മിന്നലുകളുണ്ടാക്കുന്ന ഊർജം നൈട്രജനെ നൈട്രജൻ ഡയോക്സൈഡാക്കും. ഇതു വെള്ളത്തിൽ ലയിക്കും. പിന്നീട് മണ്ണിൽ നിന്നു വേരുകൾ ഉപയോഗിച്ച് ഈ നൈട്രജൻ വലിച്ചെടുക്കാൻ സസ്യങ്ങൾക്കു കഴിയും. ഓസോൺ ഉൽപാദനത്തിനും മിന്നലുകൾ വഴിയൊരുക്കും. അന്തരീക്ഷ ശുദ്ധീകരണത്തിലും മിന്നലുകൾ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ മിന്നലേൽക്കുന്നത് അത്യന്തം അപകടകരമായ കാര്യമാണ്.

പലരീതികളിൽ മനുഷ്യർക്ക് മിന്നലേൽക്കാം. മിന്നൽ നേരിട്ട് ഏൽക്കുന്ന സംഭവങ്ങളെ ഡയറക്ട് സ്‌ട്രൈക്ക് എന്നാണു വിളിക്കുന്നത്. മിന്നലാക്രമണം എന്നു പറയുമ്പോൾ നമ്മളുടെ മനസ്സിൽ ആദ്യം വരുന്ന സംഗതി ഇതാണെങ്കിലും ഇതു സംഭവിക്കാനുള്ള സാധ്യത 3% മാത്രമാണ്.

പ്രതീകാത്മക ചിത്രം. Photo Credit : Slavica / iStock Photo.com
പ്രതീകാത്മക ചിത്രം. Photo Credit : Slavica / iStock Photo.com

അടുത്ത സാധ്യത മിന്നലേറ്റ ഒരു വസ്തുവിൽ നിന്നു വൈദ്യുതോർജം അതിനെ മുട്ടി നിൽക്കുന്ന വയറുകൾ, കമ്പികൾ തുടങ്ങിയ ലോഹനിർമിത വസ്തുക്കളിൽ കൂടി പ്രവഹിച്ച് ഒരു വ്യക്തിയുടെ ശരീരത്തിലേക്കു കയറുന്ന കൺഡക്‌ഷൻ സ്‌ട്രൈക്കാണ്. ഇതും സംഭവിക്കാനുള്ള സാധ്യത 3% മാത്രമാണ്. 

മരങ്ങൾ പോലെയുള്ള ഉയരമുള്ള വസ്തുക്കളിൽ പതിക്കുന്ന മിന്നലിന്റെ ഒരുഭാഗം ഊർജം അവയിൽ നിന്നു ചാടി അടുത്തു നിൽക്കുന്ന ആളിന്റെ ശരീരത്തിലെത്തുന്ന മിന്നലാക്രമണമാണ് സൈഡ് ഫ്ലാഷ്. മിന്നലേൽക്കുന്ന സംഭവങ്ങളിൽ 33 ശതമാനവും ഇതാണ്. മരങ്ങളിലോ മറ്റോ മിന്നലേറ്റ ശേഷം അതു താഴെ തറനിരപ്പിലെത്തി പ്രസരിക്കുകയും പ്രസരണമുള്ള മേഖലയിൽ നിൽക്കുന്നവർക്ക് വൈദ്യുതാഘാതമേൽക്കുകയും ചെയ്യുന്നതാണു ഗ്രൗണ്ട് കറന്റ്. മിന്നലാഘാതങ്ങളിൽ 50 ശതമാനവും ഇവ മൂലമാണ്. ഒരു ഉയരമുള്ള വസ്തുവിൽ മിന്നലേറ്റാൽ അതിന്റെ 30 അടി ചുറ്റളവിൽ നിൽക്കുന്നവർക്കാണ് ഏറ്റവും അപകടസാധ്യത.

Photo Credits : mdesigner125 / istockphoto.com
Photo Credits : mdesigner125 / istockphoto.com

മഴക്കാലത്ത് മിന്നലിനെ കരുതിയിരിക്കണം. വെൻ തണ്ടർ റോർസ്, ഗോ ഇൻഡോർസ് (ഇടിശബ്ദം കേൾക്കുമ്പോൾ ഉള്ളിൽ പോകൂ) എന്നാണ് യുഎസിലെ ഇടിമിന്നൽ ബോധവൽക്കരണത്തിന്റെ മുദ്രാവാക്യം തന്നെ. കെട്ടിടങ്ങളുടെയും മറ്റും ഉള്ളിൽ ഇരിക്കുന്നത് തുറസ്സായ സ്ഥലത്തു നിൽക്കുന്നതിനേക്കാൾ പലമടങ്ങ് സുരക്ഷ നൽകും.

തുറസ്സായ സ്ഥലത്താണെങ്കിൽ ഉയർന്ന ഭാഗങ്ങളിൽ നിന്നു മാറുക. മരങ്ങളുടെ അടിയിൽ പോയി നിൽക്കരുത്, വളരെ അപകടമാണ്. സ്വിമ്മിങ് പൂളിലോ കുളത്തിലോ നീന്തുകയാണെങ്കിൽ നീന്തൽ അവസാനിപ്പിച്ച് അവിടെ നിന്നു കടക്കണം. മാറി നിൽക്കാൻ മറ്റുമാർഗങ്ങളൊന്നും കണ്ടില്ലെങ്കിൽ വാഹനങ്ങളിലിരിക്കുന്നത് കൂടുതൽ സുരക്ഷ നൽകും.

(Credit:bwzenith/Istock)
(Credit:bwzenith/Istock)

വീട്ടിനകത്താണെങ്കിലും ശ്രദ്ധിക്കണം. ഇടിമിന്നലുള്ള സമയത്ത് കുളി, ബാത്‌റൂം ഉപയോഗം, പൈപ്പ് ഉപയോഗം തുടങ്ങിയവ ഒഴിവാക്കാം. ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ലാൻഡ്‌ഫോണുകൾ തുടങ്ങിയവ ഉപയോഗിക്കരുത്.

ഒരാൾക്കു മിന്നലേൽക്കാനുള്ള സാധ്യത 5 ലക്ഷത്തിൽ ഒന്നാണെന്ന് എർത്ത് നെറ്റ്‌വർക്സ് പറയുന്നു. മിന്നലേറ്റാൽ പരുക്കുകളും പൊള്ളലും മുതൽ മരണം വരെ സംഭവിക്കാം. മിന്നലിന് 20,000 ഡിഗ്രി വരെ താപനില ഉയർത്താനുള്ള കഴിവുണ്ട്. അതിനാൽ തന്നെ മിന്നലേൽക്കുന്നയാൾക്ക് പൊള്ളൽ സംഭവിക്കാം. ചില ആളുകൾക്ക് മിന്നലേറ്റതിനു ശേഷം കേൾവിശക്തിയിൽ കുറവ് ഉണ്ടായിട്ടുണ്ട്. കാഴ്ചപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിന്നലേൽക്കുന്നത് അകാലതിമിരത്തിനും വഴിവയ്ക്കാം.

Representational image. Photo: Wirestock Creators/Shutterstock
Representational image. Photo: Wirestock Creators/Shutterstock

ഇതു കൂടാതെ നാഡീവ്യവസ്ഥയിൽ തകരാറ്, വിട്ടുമാറാത്ത തലവേദന, ശരീര വേദന, ശ്രദ്ധക്കുറവ്, കാര്യങ്ങൾ ചെയ്യാൻ വലിയ കാലതാമസം മുതൽ വിഷാദം, മൂഡ് വ്യതിയാനങ്ങൾ തുടങ്ങിയവ വരെ മിന്നലാക്രമണത്തിനു വിധേയരായവരിൽ കാണാം.

30,000 ആംപിയർ അളവിലുള്ള വൈദ്യുതിയാണു മിന്നലിലൂടെ എത്തുന്നത്. ഇതു ചെറുക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനില്ല. ഗുരുതരമായ സംഭവങ്ങളിൽ മിന്നൽ ഹൃദയത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ഹൃദയസ്തംഭനത്തിനു വഴിവയ്ക്കുകയും ചെയ്യും. ഇത് ഏൽക്കുന്നയാളുടെ മരണത്തിനു കാരണമാകും.

ലോകത്ത് മിന്നൽ മൂലം വർഷം 24,000 പേർ മരിക്കുന്നുണ്ടെന്നു എർത്ത് നെറ്റ്‌വർക്സ് പറയുന്നു. ചില സ്ഥലങ്ങളിൽ പതിക്കുന്ന മിന്നലുകളുടെ അളവ് കൂടുതലാണ്. ലൈറ്റ്‌നിങ് ഹോട്‌സ്‌പോട്ടുകൾ എന്ന് ഇവ അറിയപ്പെടുന്നു. വെനസ്വേലയിലെ മരാകൈബോ തടാകക്കരയിലാണ് പ്രതിവർഷം ഏറ്റവും കൂടുതൽ മിന്നൽ പതിക്കുന്നത്. വർഷത്തിൽ 300 ദിവസവും ഇവിടെ ഇടിമിന്നലുണ്ട്.

ലോകത്തെ ഏറ്റവും പ്രബലമായ ഹോട്‌സ്‌പോട്ടുകളിൽ മൂന്നെണ്ണം തെക്കേ അമേരിക്കയിലും ആറെണ്ണം ആഫ്രിക്കയിലുമാണ്. ആഫ്രിക്കയിൽ കോംഗോ ബേസിൻ മേഖലയാണ് മിന്നലുളുടെ വിഹാരരംഗം. 

English Summary:

How Lightning Strikes Help Fuel Plant Growth and Air Purification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com