രക്തം കുടിക്കുന്ന മീനിന്റെ പൂർവികർ; 16 കോടി വർഷം പഴയ ലാംപ്രി ഫോസിലുകൾ കിട്ടി
Mail This Article
ലോകത്തിലെ കൗതുകകരമായ മത്സ്യങ്ങളിൽ ഏറെ പ്രശസ്തമാണ് ലാംപ്രേ. ഈ മീനുകൾ വാമ്പയർ മത്സ്യങ്ങൾ എന്ന പേരിലും അറിയപ്പെടുന്നു. വടക്ക്, പടിഞ്ഞാറൻ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ഈ മത്സ്യങ്ങൾ ഈലുകളുമായി സാമ്യമുള്ളതിനാൽ ലാംപ്രി ഈലുകൾ എന്നും അറിയപ്പെടാറുണ്ട്. മറ്റുമീനുകളെ കടിച്ച് രക്തം കുടിച്ചാണ് ഇവ ജീവിക്കുന്നത്. അതിനായി പ്രത്യേകഘടനയിലുള്ള വായകളും ഇവയ്ക്കുണ്ട്. പ്രാചീനകാലം മുതൽ ലാംപ്രികൾ ഭൂമിയിൽ ജീവിക്കുന്നു.
വടക്കൻ ചൈനയിൽ, യാൻലിയോവിൽ ദിനോസറുകൾ, ടെറോസറുകൾ, ആദ്യകാല സസ്തനികൾ എന്നിവയുൾപ്പെടെയുള്ള ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് രണ്ട് അത്ഭുതകരമാംവിധം വലുപ്പമുള്ള പുരാതന ലാംപ്രേ ഇനങ്ങളുടെ ഫോസിലുകൾ പാലിയന്റോളജിസ്റ്റുകൾ കഴിഞ്ഞദിവസം കണ്ടെത്തി. ഏകദേശം 16 കോടി വർഷം പഴക്കമുള്ള ഫോസിലുകളാണിവ.
ആധുനിക ലാംപ്രേകളുടെ ഫണൽ ആകൃതിയിലുള്ള, പല്ലുള്ള വായകൾ രക്തമോ മാംസമോ കഴിക്കാൻ അനുയോജ്യമാണ്. ഫോസിലുകളിലെ പല്ലുകളുടെ ക്രമീകരണത്തെ അടിസ്ഥാനമാക്കി, പുതുതായി കണ്ടെത്തിയ ഇനം രക്തദാഹികളല്ല, മറിച്ച് മാംസം ഭക്ഷിക്കുന്നവരാണെന്ന് നേച്ചർ കമ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഭക്ഷണരീതി വ്യക്തമായി സൂചിപ്പിക്കുന്ന ഏറ്റവും പഴക്കമുള്ള ലാംപ്രേ മാതൃകകളാണ് ഫോസിലുകളെന്ന് ബെയ്ജിങ്ങിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ പാലിയന്റോളജിസ്റ്റ് ഫീക്സാങ് വുവും സഹപ്രവർത്തകരും അറിയിച്ചു. Yanliaomyzon occisor എന്നാണ് കണ്ടെത്തിയതിൽ ഒരു മീനിന്റെ പേര്. 'കൊലയാളി' എന്നതിന്റെ ലാറ്റിൻ വാക്കാണ് 'occiosr. കണ്ടെത്തിയവയിൽ വലിയ ഫോസിൽ ഇതാണ്. ഏകദേശം 64 സെന്റിമീറ്റർ നീളവും ഒരു ചെറിയ നായയുടെ നീളവും ഇതിനുണ്ട്.
'വലിയ പല്ലുകൾ' എന്നതിന്റെ ലാറ്റിനിൽ നിന്നാണ് മറ്റൊരു ഫോസിലായ Y. ingensdentes എന്ന ഇനത്തിന്റെ പേര് രൂപീകരിച്ചത്. ആധുനിക ലാംപ്രേകൾക്ക് 15 മുതൽ 120 സെന്റിമീറ്റർ വരെ നീളമുണ്ട്. ലാംപ്രെകൾ 36 കോടി വർഷങ്ങളായി ഭൂമിയിലുണ്ടെങ്കിലും വളരെ അപൂർവമായേ ഇവയുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുള്ളൂ. ഇതിനാൽ അവയുടെ പരിണാമരേഖ സംബന്ധിച്ചും ഭക്ഷണരീതി ഉടലെടുത്തതു സംബന്ധിച്ചുമുള്ള അറിവിൽ വലിയ വിടവുകളും അനിശ്ചിതത്വവും അവശേഷിക്കുന്നു.
ആദ്യകാല ലാംപ്രേകൾ അത്ര ശക്തരായ വേട്ടക്കാരായിരുന്നില്ല: അവയ്ക്ക് ഏതാനും സെന്റീമീറ്റർ മാത്രം നീളമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടുള്ള ലാംപ്രേ വർഗങ്ങളിലുള്ള ശക്തമായ പല്ലുകളും ഇവയിലില്ലായിരുന്നു. ഈ സമയം ജുറാസിക് കാലഘട്ടത്തിൽ, ലാംപ്രേകൾ മികച്ച വേട്ടക്കാരായി മാറി, വലിയ ശരീരവലുപ്പവും സങ്കീർണമായ ഭക്ഷണഘടനകളും നേടിയെന്ന് പുതിയ ഫോസിലുകൾ സൂചിപ്പിക്കുന്നു.