ADVERTISEMENT

‘‘തെമ്മാടി, തേഡ്റേറ്റ്, യൂസ്‌ലെസ് എന്നൊക്കെയാണ് എന്നെ വിളിച്ചത്. പരാതി നൽകുമെന്നും പൊലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ആ നായയ്ക്ക് പേവിഷബാധയില്ലെന്ന് പറയുന്നു. ഡൽഹിയിൽ ഇരിക്കുന്ന അവർക്കെങ്ങനെ അറിയാം ആ നായയ്ക്ക് പേവിഷബാധയില്ലെന്ന്?’’ – കഴിഞ്ഞ ദിവസം തെരുവിൽ പരുക്കേറ്റു കിടന്ന നായയെ ആശുപത്രിയിലാക്കിയ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി എസ്.രോഹൻ കൃഷ്ണയാണ് ബിജെപി. എംപിയും മുൻ കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി തന്നെ ഭീഷണിപ്പെടുത്തിയെന്നു ഡിജിപിക്കു പരാതി നൽകി വാർത്തയിൽ നിറഞ്ഞത്. രോഹനെതിരെ പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടനയും പരാതി നൽകിയിട്ടുണ്ട്. 

പരുക്കേറ്റ നായയെ ആശുപത്രിയിൽ നിർത്താൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാടെന്ന് രോഹൻ പറഞ്ഞു. 16 തവണ മൃഗസംരക്ഷണ സംഘടനകളെ സഹായത്തിനായി വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും അവർ പറയുന്നത് അതേപടി കേട്ട് മേനകഗാന്ധി തനിക്കെതിരെ തിരിയുകയായിരുന്നുവെന്ന് രോഹൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

രോഹൻ സംസാരിക്കുന്നു:

‘‘ഞാനൊരു ആക്ടിവിസ്റ്റൊന്നുമല്ല. സാധാരണ വ്യക്തിയാണ്. റോഡിൽ പരുക്കേറ്റ് കിടന്ന 27 മനുഷ്യരെ ഞാൻ ആശുപത്രിയിലാക്കിയിട്ടുണ്ട്. അതും എന്റെ സ്വന്തം വാഹനത്തിൽ. അതിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് പുരസ്കാരം നൽകിയിട്ടുണ്ട്. മറ്റുള്ളവർക്ക് പോത്സാഹനവും പ്രചോദനവും ആകുമല്ലോയെന്ന് കരുതിയാണ് നാലു വർഷമായി ഇത്തരം രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ ഞാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത്.

പരുക്കേറ്റ നായയെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രോഹനും സുഹൃത്തും
പരുക്കേറ്റ നായയെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രോഹനും സുഹൃത്തും

അതുപോലെ തന്നെയാണ് നവംബർ 14ന് ഞാൻ പരുക്കറ്റ നായയെയും ആശുപത്രിയിലെത്തിച്ചത്. ജോലിക്ക് പോകുംവഴി കോവളം ജംക്‌ഷനു സമീപമാണ് പരുക്കേറ്റ നായയെ കാണുന്നത്. തുടർന്ന്, അവിടെനിന്ന് ഒന്നര കിലോമീറ്റർ അകലെ വിഴിഞ്ഞത്തെ മൃഗാശുപത്രിയിൽ എത്തിച്ചു. ഇങ്ങനെ മനുഷ്യരെ ആശുപത്രിയിലാക്കിയാൽ നമുക്ക് തിരിച്ചുപോരാം. എന്നാൽ ഈ നായയെ അവിടെ വിട്ടു പോകാനാവില്ലെന്നും തിരികെ കൊണ്ടുപോകണമെന്നും ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. ഞാൻ അതിനെ രക്ഷപ്പെടുത്താനാണ് വന്നതെന്നും ബാക്കി നിങ്ങളും റെസ്ക്യൂ ടീമും ആണ് ചെയ്യേണ്ടതെന്നും ഞാൻ അവരോടു പറഞ്ഞു. 

പീപ്പിൾ ഫോർ ആനിമൽ (പിഎഫ്എ) സംഘത്തെ 16 തവണ വിളിച്ചിട്ടും അവർ ഫോൺ എടുത്തില്ല. രണ്ടാമതും നായയെ വാഹനത്തിൽ കയറ്റി പോവുക എന്നത് പ്രായോഗികമല്ല. അതെന്നെ കടിക്കില്ലെന്ന് എന്താണുറപ്പ്? എനിക്ക് എന്റെ സുരക്ഷ നോക്കിയേ പറ്റൂ. പിന്നീട് നായയെ പുറത്തിറക്കി ‌തരണമെന്ന് ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാണ് ഞാൻ മതിൽക്കെട്ടിനു പുറത്ത് നായയെ വിട്ടത്. ‘പരുക്കേറ്റ നായയാണ്, ആരും ഉപദ്രവിക്കരുത്’ എന്ന കുറിപ്പ് മതിലിൽ എഴുതിവച്ച് ഞാൻ അവിടെനിന്നു പോവുകയായിരുന്നു. പിന്നീട് ആ നായയെക്കുറിച്ച് വിവരമില്ല.

നായയെ ആശുപത്രിക്ക് പുറത്ത് വിട്ടശേഷം രോഹൻ ചുമരിൽ പതിച്ച കുറിപ്പ്, വിഴിഞ്ഞം മൃഗാശുപത്രി
നായയെ ആശുപത്രിക്ക് പുറത്ത് വിട്ടശേഷം രോഹൻ ചുമരിൽ പതിച്ച കുറിപ്പ്, വിഴിഞ്ഞം മൃഗാശുപത്രി

നവംബർ 17ന് മേനക ഗാന്ധി എന്നെ വിളിച്ച് മോശമായി സംസാരിച്ചു. പിഎഫ്എയിലെ കേരളത്തിലെ ഒരംഗം എനിക്കെതിരെ നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് അവർ വിളിച്ചത്. നടന്ന കാര്യങ്ങൾ മറച്ചുവച്ച് എന്നെ മോശക്കാരനായി ചിത്രീകരിക്കുകയായിരുന്നു. ആശുപത്രി 3.30 ന് അടയ്ക്കും. ഞാൻ അതു കഴിഞ്ഞാണ് നായയെ കൊണ്ടുചെന്നതെന്നാണ് മേനക ഗാന്ധിയുടെ ആരോപണം. ഞാൻ 2.26 നാണ് ആശുപത്രിയിൽ എത്തിയത്. അതിന്റെ വിഡിയോ എന്റെ പക്കലുണ്ട്. ചികിത്സ നൽകിയില്ലെന്ന് അവർ പറയുന്നു. വേണ്ട ചികിത്സയും ഇൻജക്‌ഷനും നായയ്ക്ക് നൽകിയിട്ടുണ്ട്. 

പിഎഫ്എ അംഗം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് എന്നെ വിളിച്ച് മേനക ഗാന്ധി ഭീഷണിപ്പെടുത്തിയത്. തെമ്മാടി, തേഡ്റേറ്റ്, യൂസ്‌ലെസ് എന്നൊക്കെയാണ് മേനക ഗാന്ധി എന്നെ വിളിച്ചത്. പരാതി നൽകുമെന്നും പൊലീസിനെ കൊണ്ടു പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ആ നായയ്ക്ക് പേവിഷബാധയുണ്ടോ എന്നറിയാതെ എനിക്ക് വാഹനത്തിൽ കയറ്റി കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞു. അപ്പോൾ അവർ പറയുകയാണ് ആ നായയ്ക്ക് പേവിഷബാധയില്ലെന്ന്. ഡൽഹിയിൽ ഇരിക്കുന്ന അവർക്കെങ്ങനെ അറിയാം ആ നായയ്ക്ക് പേവിഷബാധയില്ലെന്ന്? കണക്കുകൾ പ്രകാരം, ഇപ്പോഴത്തെ നായകൾക്ക് റാബിസ് വൈറസ് ഇല്ലെന്ന് അവർ വാദിച്ചു. നമുക്കറിയില്ലേ ഇവിടെ എത്ര നായകൾക്ക് പേയിളകിയിട്ടുണ്ടെന്ന്. ഒരു സെൻസുമില്ലാത്ത സംസാരമായിരുന്നു അവരുടേത്.

നിങ്ങൾ എന്ത് ട്രീറ്റ്മെന്റ് ആണ് നായയ്ക്ക് കൊടുത്തതെന്ന് ചോദിച്ചു. വേദനസംഹാരി നൽകിയെന്ന് പറഞ്ഞു. അതുമാത്രമാണോ നായയ്ക്ക് നൽകുന്നതെന്ന് അവർ തിരിച്ചുചോദിച്ചു. അത് മൃഗഡോക്ടറോടല്ലേ ചോദിക്കേണ്ടത്, എന്നോടല്ലല്ലോ. ഞാൻ നായയെ മറ്റൊരിടത്ത് മാറ്റിപാർപ്പിച്ചെന്നും അവർ പറഞ്ഞു. അതിൽ ഒരു വസ്തുതയും ഇല്ല. മാറ്റിപാർപ്പിക്കാൻ ഞാന്‍ ആരാണ്? മൃഗങ്ങളുടെ ആരോഗ്യസംരക്ഷത്തിനായി പ്രവർത്തിക്കുന്ന ആശുപത്രിയിലാണ് എത്തിച്ചത്. അതെങ്ങനെ മാറ്റിപ്പാർപ്പിക്കൽ ആകും. ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് തെളിയിക്കാൻ എന്റെ പക്കൽ തെളിവുകളുണ്ട്.’’

English Summary:

Rohan's Plight with Injured Dog: Maneka Gandhi's Reaction Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com