‘16 തവണ വിളിച്ചെന്ന് പറഞ്ഞത് പച്ചക്കള്ളം, നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല; തെമ്മാടിത്തരമല്ലാതെ മറ്റെന്ത്?’
Mail This Article
തിരുവനന്തപുരത്ത് തെരുവുനായയെ രക്ഷിച്ചതിനുപിന്നാലെ തന്നെ ബിജെപി നേതാവും മുൻ എംപിയുമായ മേനകഗാന്ധി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ച് പീപ്പിൾ ഫോർ അനിമൽ സംഘടനയുടെ ക്രുവൽറ്റി റെസ്പോൺസ് വൊളണ്ടിയർ പാർവതി മോഹൻ. 16 തവണ മൃഗസംരക്ഷണ സംഘടനയെ വിളിച്ചിട്ടും അവർ ഫോൺ എടുക്കാത്തതിനാൽ നായയെ വിഴിഞ്ഞം മൃഗാശുപത്രിക്ക് പുറത്ത് ഉപേക്ഷിക്കേണ്ടി വന്നതായും ഇതിന്റെ പേരിൽ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയെന്നുമായിരുന്നു യുവാവിന്റെ പ്രതികരണം. എന്നാൽ രോഹന്റെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് പരാതിക്കാരിയായ പാർവതി മോഹൻ പറയുന്നു. രോഹൻ വിളിച്ചപ്പോൾ സംഘടനാ പ്രതിനിധി ഫോൺ എടുത്തിരുന്നുവെന്നും നായയെ ഷെൽട്ടർ ഹോമിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് നായയെ അവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്നും പാർവതി മനോരമ ഓൺലൈനോട് പറഞ്ഞു.
പാർവതി സംസാരിക്കുന്നു:
നവംബർ 14നാണ് രോഹന്റെ റീൽ വിഡിയോ ഞാൻ കാണുന്നത്. ഇടി കിട്ടിയ ആഘാതത്തിലായിരുന്നു നായ. അതുകൊണ്ടാണ് നായയുടെ ദേഹത്ത് തുണിയിട്ട് അനായാസം കൊണ്ടുപോകാൻ സാധിച്ചത്. അല്ലാത്തപക്ഷം വേദനയിലിരിക്കുന്ന നായ കടിക്കാൻ ശ്രമിക്കും. രോഹൻ പിഎഫ്എയെ (പീപ്പിൾ ഫോർ അനിമൽ) 16 തവണ വിളിച്ചിട്ടും എടുത്തില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. രോഹനോട് സംസാരിച്ചിരുന്നു. ആനിമൽ റെസ്ക്യൂ വാഹനം അറ്റകുറ്റപണികൾക്കായി വർക്ക്ഷോപ്പിൽ ആയിരുന്നു. തലസ്ഥാനത്ത് ഓടുന്ന ഏക വണ്ടിയാണത്. ദിവസം 20ലധികം കേസുകളാണ് നോക്കുന്നത്. വാഹനം ഇല്ലാത്തതിനാൽ തെരുവുനായകൾക്ക് ഭക്ഷണം നൽകുന്ന ആരെയെങ്കിലും അങ്ങോട്ടേക്ക് അയക്കാമെന്ന് പറഞ്ഞെങ്കിലും രോഹൻ പ്രതികരിച്ചില്ല. നായയെ ആശുപത്രിക്ക് പുറത്ത് ഉപേക്ഷിച്ചുപോവുകയായിരുന്നു. രാത്രി 9.30ഓടെ ഫീഡിങ് ടീമിലെ കിച്ചു എന്ന പയ്യനെ സ്ഥലത്തേക്ക് വിട്ടെങ്കിലും നായയെ കണ്ടെത്താനായില്ല.
നടന്ന സംഭവത്തെക്കുറിച്ച് വിഴിഞ്ഞം മൃഗാശുപത്രിയിലെ ഡോക്ടറായ സൂര്യയെ വിളിച്ച് അന്വേഷിച്ചു. രോഹൻ നാലുപേരുമായാണ് ആശുപത്രിയിൽ എത്തിയതെന്നും വിഡിയോ എടുക്കുന്നതിനാണ് പ്രാധാന്യം നൽകിയതെന്നും അവർ വ്യക്തമാക്കി. നായയെ ഉപേക്ഷിച്ച് പോകാൻ തയാറായപ്പോൾ ഇത് ഷെൽട്ടർ അല്ലെന്നും ഇവിടെ 3 മണിക്കുശേഷം മൃഗങ്ങളെ നിർത്താനാകില്ലെന്നും ഭക്ഷണം കൊടുക്കാൻ ആളില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അവിടത്തെ ഡോക്ടർക്ക് വേദനസംഹാരി മാത്രമേ നൽകാൻ നിർവാഹമുള്ളൂ. പിഎംജിയിലെ ഒരു ആശുപത്രിയിലും കുടപ്പനക്കുന്നിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലും മാത്രമാണ് വിദഗ്ധ ചികിത്സാ സൗകര്യം ഉള്ളത്. അതിനാൽ അങ്ങോട്ടേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതുകേട്ട രോഹൻ താൻ കൊണ്ടുവന്നതാണോ പ്രശ്നമെന്ന് വളരെ ദേഷ്യത്തോടെ ഡോക്ടറോട് കയർക്കുകയായിരുന്നു.
നായയെ കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വിഴിഞ്ഞത്തെ സ്ട്രീറ്റ് ഡോഗ് വാച്ചേഴ്സ് അസോസിയേഷൻ അല്ലെങ്കിൽ പീപ്പിൾ ഫോർ ആനിമൽ സംഘടനയെ ബന്ധപ്പെടാൻ ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ അവൻ വിളിക്കാതെ കാറിൽ മുങ്ങാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെ ഒരാൾ അവരെ തടയുകയും പിന്നീട് പിഎഫ്എയെ ബന്ധപ്പെടുകയുമായിരുന്നു. രോഹൻ വിളിച്ചതിന് ഞങ്ങളുടെ പക്കൽ തെളിവുണ്ട്. ആംബുലൻസ് സർവീസിലായതിനാൽ ഷെൽട്ടറിലേക്ക് നായയെ എത്തിക്കാമോ എന്ന് ജീവനക്കാരി ആവശ്യപ്പെട്ടെങ്കിലും അവൻ തയാറായില്ല.
ഇൻജക്ഷൻ ഇട്ട് ബോധമില്ലാതിരിക്കുന്ന നായയെയാണ് രോഹൻ അവിടെ ഉപേക്ഷിച്ചുപോയത്. ആ നായയെക്കുറിച്ച് ഒരു വിവരവും ഇപ്പോഴില്ല. കോവളത്തുനിന്ന് കിട്ടിയ നായയെ വിഴിഞ്ഞത്തു വിട്ടാൽ അവിടത്തെ നായകൾ ഈ നായയെ ആക്രമിക്കാൻ സാധ്യതയുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടി നായയ്ക്ക് ചികിത്സ നൽകിയതായി പറഞ്ഞ് എല്ലാവരെയും രോഹൻ കബളിപ്പിച്ചു. ഇതെല്ലാം ചേർത്താണ് അവനെതിരെ പരാതി നൽകിയത്. പരാതിയുടെ പകർപ്പ് മേനകഗാന്ധിക്കും വച്ചിരുന്നു. കൂടാതെ രോഹന്റെ വിഡിയോകളും അവർക്ക് അയച്ചുകൊടുത്തു. ലൈക്കിനും ഷെയറിനും വേണ്ടി തെമ്മാടിത്തരം കാണിക്കുന്നുവെന്ന് മനസ്സിലാക്കിയാണ് മേനകഗാന്ധി അവനോട് ദേഷ്യപ്പെട്ടത്.
പരാതിക്കുപിന്നാലെ അവന്റെ ബന്ധു എന്നെ ഭീഷണിപ്പെടുത്തി. രോഹൻ കൃഷ്ണൻ ചെറിയ ആളല്ല. അവന്റെ അച്ഛൻ പവർഫുൾ ആണ് എന്നൊക്കെയാണ് പറഞ്ഞത്. അതിനും ഞാൻ ഒരു പരാതി നൽകിയിട്ടുണ്ട്.