12 വർഷത്തിനുശേഷം സൈബീരിയൻ കടുവകൾ ഇന്ത്യയിൽ; വാങ്ങിയത് രണ്ട് പാണ്ടകളെ കൊടുത്ത്
Mail This Article
ഇന്ത്യയിൽ 12 വർഷത്തിനുശേഷം സൈബീരിയൻ കടുവകൾ എത്തി. സൈപ്രസിലെ പാഫോസ് മൃഗശാലയിൽ നിന്ന് വിമാനമാർഗം ഡാർലജിങ്ങിലെ പദ്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്കിൽ എത്തിക്കുകയായിരുന്നു. ഒരു ജോഡി റെഡ് പാണ്ടകളെ സൈപ്രസ് മൃഗശാലയ്ക്ക് കൈമാറിയാണ് ഇന്ത്യ 2 സൈബീരിയൻ കടുവകളെ സ്വന്തമാക്കിയത്.
തണുപ്പേറിയ പ്രദേശങ്ങളിൽ താമസിക്കുന്ന മൃഗമാണ് സൈബീരിയൻ കടുവ. 2011ലാണ് ഇന്ത്യയിലെ അവസാനത്തെ സൈബീരിയൻ കടുവയായ കുനാൽ ചത്തത്. നൈറ്റിനാൾ മൃഗശാലയിൽ കഴിഞ്ഞിരുന്ന 18 വയസുള്ള കടുവ അസുഖത്തെ തുടർന്നാണ് വിടപറഞ്ഞത്. മൂന്ന് വയസ്സുള്ളപ്പോഴാണ് കുനാൽ ഇന്ത്യയിലേക്ക് എത്തിയത്.
ഒന്നരവർഷം മുൻപാണ് സൈബീരിയൻ കടുവയെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. അത് വിജയകരമാവുകയായിരുന്നു. പദ്മജ നായിഡു പാർക്കിൽ 2007ൽ ഒരു സൈബീരിയൻ കടുവ ചത്തിരുന്നു. ഇതിന്റെ കൂട്ടിൽ മാറ്റംവരുത്തി പുതിയ കടുവകളെ പാർപ്പിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ക്വാറന്റീൻ, ആരോഗ്യപരിശോധന തുടങ്ങിയ നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷമായിരിക്കും കൂട്ടിലെത്തിക്കുക.
രാജ്യത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന സുവോളജി പാർക്ക് ആണ് നായിഡു പാർക്ക്. റെഡ്പാണ്ട, ഹിമപ്പുലി പോലുള്ള വന്യജീവികളുടെ കാപ്റ്റീവ് ബ്രീഡിങ് ഇവിടെ വിജകരമായി നടപ്പാക്കുന്നു.
ലോകത്തെ ഏറ്റവും വലുപ്പമുള്ള കടുവ ഇനങ്ങളിലൊന്നാണ് സൈബീരിയൻ കടുവ. മറ്റ് കടുവകളിൽ നിന്ന് ശാരീരികപരമായി നിരവധി വ്യത്യാസങ്ങൾ ഉള്ളവയാണിവ. റഷ്യ, ചൈന എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണാനാകുക.