ലാഭം കൊയ്യുന്ന ലഹരി; കറുപ്പ് കൃഷിയിൽ അഫ്ഗാനിസ്ഥാനെ പിന്തള്ളി മ്യാൻമർ: പരാമർശവുമായി യുഎൻ റിപ്പോർട്ട്
Mail This Article
ഏഷ്യൻ രാജ്യവും ഇന്ത്യയുടെ അയൽരാജ്യവുമായ മ്യാൻമറിലാണ് ലോകത്ത് ഏറ്റവും കൂടുതൽ കറുപ്പ്കൃഷി നടക്കുന്നതെന്ന് യുഎൻ റിപ്പോർട്ട്. 2021ലെ പട്ടാള അട്ടിമറിക്കുശേഷം രാജ്യത്ത് സൈന്യവും വിമതരും തമ്മിലുള്ള ആഭ്യന്തര കലഹം രൂക്ഷമായതോടെ കറുപ്പിന്റെ ഉത്പാദനവും കൂടിയെന്നും റിപ്പോർട്ട് പറയുന്നു. മ്യാൻമറിൽ കാലങ്ങളായി കറുപ്പ്കൃഷിയുണ്ട്. രാജ്യത്തെ ഷാൻ സംസ്ഥാനത്താണ് ഇതു കൂടുതൽ. ഇവിടെ കറുപ്പുത്പാദനവുമായി ബന്ധപ്പെട്ട് ശക്തമായ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനും കറുപ്പും
ലോകത്തിന്റെ കറുപ്പ് ലഹരിമരുന്ന് (ഒപിയം) തലസ്ഥാനമെന്നാണ് അഫ്ഗാനിസ്ഥാൻ പണ്ട് അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. രണ്ട് പതിറ്റാണ്ടോളം ഇവിടത്തെ ഭരണത്തിൽ ശക്തമായി സ്വാധീനം ചെലുത്തി യുഎസ് നിലയുറപ്പിച്ചെങ്കിലും ഇതിൽ പറയത്തക്ക മാറ്റമൊന്നും വന്നില്ല. 2001ൽ യുഎസ് യുദ്ധത്തിനെത്തുന്നതിനു മുൻപ് ലോകത്തെ കറുപ്പ് ഉത്പാദനത്തിന്റെ 72 ശതമാനവും അഫ്ഗാനിലായിരുന്നു നടന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.പ്രതിവർഷം 36 ലക്ഷം കിലോഗ്രാം കറുപ്പായിരുന്നു ഇവിടെ ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്.
പ്രവിശ്യകളായ ഹെൽമന്തിലും ബഡാക്‌ഷാനിലുമായിരുന്നു ഈ കൃഷിയുടെ 96 ശതമാനവും. ലാഭകരമായതിനാൽ ഭക്ഷ്യവിളകളായ അരിക്കും ഗോതമ്പിനും പകരം ഹരിരുദ്, അമുദാര്യ നദിക്കരകളിലെ ഫലഫൂയിഷ്ടമായ പാടങ്ങളിൽ കർഷകർ കറുപ്പുചെടികൾ നട്ടുവളർത്തി. പട്ടിണി വേട്ടയാടുന്ന രാജ്യത്ത് ഭക്ഷണദൗർലഭ്യം കൂടുതലാകുന്നതിന് ഇതു വഴിവച്ചു.
2000ൽ താലിബാൻ കറുപ്പ്കൃഷി നിരോധിച്ച് ഉത്തരവിറക്കി. അക്കാലത്ത് കൃഷിയുടെ തോത് ഒന്നു കുറഞ്ഞു. എന്നാൽ അതിനു ശേഷം കൃഷി വൻതോതിൽ വ്യാപകമായി.2020ൽ മാത്രം കറുപ്പ് കൃഷിയിൽ 37 ശതമാനം വർധന രേഖപ്പെടുത്തി.രാജ്യത്തെ 34 പ്രവിശ്യകളിൽ 22ലും വൻതോതിൽ കറുപ്പ്കൃഷി നടക്കുന്നുണ്ടായിരുന്നു.അക്കാലത്ത് അഷറഫ് ഗനിയുടെ സർക്കാരാണ് അധികാരത്തിലെങ്കിലും കൃഷി നടന്ന പലസ്ഥലങ്ങളിലും താലിബാനു ശക്തമായ സ്വാധീനമുണ്ടായിരുന്നു.
2001 മുതൽ ലഹരി നശിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 9 ബില്യൻ യുഎസ് ഡോളറാണു അഫ്ഗാനിൽ ചെലവഴിച്ചത്. ഇക്കാലത്ത് കറുപ്പ് കൃഷി മാറ്റി കുങ്കുമപ്പൂവ് കൃഷിയിലേക്കൊക്കെ അഫ്ഗാൻ കർഷകർ പ്രവേശിച്ചെങ്കിലും താമസിയാതെ തിരിച്ചു വന്നു.2001ൽ 8000 ഹെക്ടർ കൃഷിയാണുണ്ടായിരുന്നതെങ്കിൽ 2020ൽ ഇതു രണ്ടേകാൽ ലക്ഷം ഹെക്ടറായി വർധിച്ചെന്നു കണക്കുകൾ പറയുന്നു. അഫ്ഗാനിലെ യുദ്ധപ്രഭുക്കളുടെ യഥേഷ്ട പിന്തുണയും ഇവർക്കുണ്ടായിരുന്നു. അവർക്ക് പോരടിക്കാനുള്ള പണത്തിൽ നല്ലൊരു പങ്ക് കറുപ്പിൽ നിന്നാണു ലഭിച്ചിരുന്നത്.
മറ്റു കൃഷികൾക്കൊന്നും കിട്ടാത്ത ലാഭവും താരതമ്യേന ഉറപ്പുള്ള ഫലങ്ങളുമാണ് കർഷകരെ കറുപ്പിലേക്കു തള്ളിവിടുന്നത്. വമ്പിച്ച തൊഴിലില്ലായ്മ മൂലം ജോലി കിട്ടാനുള്ള ബുദ്ധിമുട്ട് കൂടിയാകുമ്പോൾ യുവാക്കളുൾപ്പെടെ ഇതിലേക്ക് ആകൃഷ്ടരാകുന്നു.