മനുഷ്യർ മാത്രമല്ല, ചെടികളും ചാരൻമാരെ വിടും! ഫംഗസിനെ കൊല്ലുന്ന കൊഴുപ്പ് കുമിളകൾ
Mail This Article
ലോകത്ത് പച്ചക്കറികളും പഴങ്ങളും പൂക്കളുമടങ്ങിയ വിളകളെ സ്വാഭാവികമായി ബാധിക്കുന്ന ഒരു രോഗമാണ് ഗ്രേ മോൾഡ്. ബോട്രിട്ടിസ് സിനേറ എന്ന ഫംഗസാണ് ഈ രോഗത്തിനു കാരണമാകുന്നത്. ലോകത്ത് ഭക്ഷ്യവിളകളെ ആക്രമിക്കുന്ന രണ്ടാമത്തെ ഏറ്റവും വ്യാപനമുള്ള രോഗമാണ് ഗ്രേ മോൾഡ്. ശതകോടിക്കണക്കിനു ഡോളർ നാശനഷ്ടമാണ് ഇതുമൂലം ആഗോള കൃഷിവിപണിയിലുണ്ടാകുന്നത്.
എന്നാൽ ഈയിടെ ഈ ഫംഗസിനെയും ഇതാക്രമിക്കുന്ന ചെടികളെയും നിരീക്ഷിച്ച ശാസ്ത്രജ്ഞർ വിചിത്രമായ ഒരു കാര്യം കണ്ടെത്തി. ഈ ഫംഗസിൽ നിന്നു രക്ഷപ്പെടാനായി ചെടികൾ ചില പ്രതിരോധമാർഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. അത്യന്തം കൗതുകകരമാണിത്.
തങ്ങളെ ബാധിക്കുന്ന ഫംഗസിലേക്ക് ചെറിയ കൊഴുപ്പുകുമിളകൾ അയയ്ക്കുകയാണ് ഇവ ചെയ്യുന്നത്. എംആർഎൻഎയുടെ രൂപത്തിൽ വിവരങ്ങൾ ഈ കുമിളകളിൽ ഉണ്ടാകും. എക്‌സ്ട്രാ സെല്ലുല്ലർ വെസിക്കിൾസ് എന്നാണ് ഈ കുമിളകൾ അറിയപ്പെടുന്നത്. ഇവ ഫംഗസിൽ എത്തിയ ശേഷം എംആർഎൻഎ സജീവമാകുകയും ഫംഗസിലെ ആന്തരിക ഘടനയെ ഇതു തകരാറിലാക്കുകയും ചെയ്യും. ഇത്തരത്തിൽ ഫംഗസിന്റെ വളർച്ചയും വ്യാപനവും തടയാൻ സസ്യങ്ങൾക്കു സാധിക്കും.
ചുരുക്കിപ്പറഞ്ഞാൽ ചാരൻമാരെ അയച്ച് എതിരാളികളായ രാജ്യത്ത് നശീകരണങ്ങൾ നടത്തുന്നതുപോലൊരു രീതിയാണ് ഇത്.എന്തുകൊണ്ടാണ് ഈ കുമിളകളെ ഫംഗസുകൾ സ്വീകരിക്കുന്നതെന്നത് അജ്ഞാതമായ കാര്യമാണ്. ഒരു പക്ഷേ ഇവ ആഹാരമെന്നു തെറ്റിദ്ധരിച്ചാകും കുമിളകളെ ശരീരത്തിലേക്കു പ്രവേശിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതിനകത്ത് തങ്ങൾക്ക് അപകടമുണ്ടാക്കുന്ന എംആർഎൻഎ ഉണ്ടെന്ന് ഇവയ്ക്ക് അറിയില്ലായിരിക്കും.
വളരെ മികവുറ്റ ഒരു പ്രതിരോധമാർഗമാണ് ഈ വിധത്തിൽ സസ്യങ്ങൾ നടപ്പിലാക്കുന്നത്. എംആർഎൻഎകൾ വളരെ ശേഷിയുള്ളവയാണ്. ഒരൊറ്റ എംആർഎൻഎയ്ക്ക് അനേകം പകർപ്പുകൾ ഫംഗസിന്റെ കോശങ്ങൾക്കുള്ളിൽ സൃഷ്ടിക്കാം. ഇത് ഈ രീതിയെ അത്യന്തം മൂർച്ചയുള്ളതാക്കുന്നു.
സസ്യങ്ങളുടെ ഈ കൗതുകകരമായ പ്രതിരോധരീതിയെക്കുറിച്ച് കൂടുതൽ പഠിക്കാനൊരുങ്ങുകയാണ് ശാസ്ത്രജ്ഞർ. ഫംഗസിനെ നശിപ്പിക്കാനുള്ള രാസവസ്തുക്കൾ വികസിപ്പിക്കുന്നതിൽ ഈ രീതികൾ പ്രയോജനകരമാകുമെന്നാണ് അവരുടെ വിശ്വാസം.