ADVERTISEMENT

ലോകത്ത് പല മൃഗങ്ങളും കണ്ടെത്തപ്പെടുന്നതു വരെ മിത്തായി തുടർന്നു. പ്ലാറ്റിപ്പസ്, രാക്ഷസക്കണവ തുടങ്ങിയവയെല്ലാം ഇങ്ങനെയുള്ള ജീവികളായിരുന്നു. ഇത്തരം ജീവികളെക്കുറിച്ചു കേട്ടുകേൾവികളുണ്ടായിരുന്നെങ്കിലും കണ്ടെത്തപ്പെടാത്തതിനാൽ ശാസ്ത്രജ്ഞർ ഇവയുണ്ടെന്ന് വിശ്വസിച്ചിരുന്നില്ല. ഇതുപോലെയൊന്നാണ് ഒകാപി. സീബ്രയോടും കഴുതയോടും സാമ്യം തോന്നുന്ന ജീവി. എന്നാൽ യഥാർഥത്തിൽ ഒകാപ്പിക്ക് ഈ രണ്ടുജീവികളുമായും ബന്ധമില്ല. ജിറാഫിന്റെ കുടുംബത്തിൽപെട്ടതാണ് ഈ മൃഗം. ഇവയ്ക്ക് കൊമ്പുപോലുള്ള ചെറിയ ഘടനകളുണ്ട്. ഓസികോൺസ് എന്നാണ് ഈ കൊമ്പുകൾ അറിയപ്പെടുന്നത്.

1901 വരെ ഈ മൃഗത്തെ കണ്ടെത്തിയിരുന്നില്ല. മധ്യ ആഫ്രിക്കയിലെത്തിയ യൂറോപ്യൻ പര്യവേഷകർ ഇങ്ങനെയൊരു മൃഗത്തെപ്പറ്റി കേട്ടിരുന്നു. തദ്ദേശീയരായ നാട്ടുകാരായിരുന്നു ഇതിനെപ്പറ്റിയുള്ള കഥകൾ അവരുടെയരികിൽ എത്തിച്ചത്. എന്നാൽ മധ്യ ആഫ്രിക്കൻ മേഖല യൂറോപ്യൻമാർക്ക് അപ്പോഴേക്കും പരിചിതമായിരുന്നു. എന്നിട്ടും ഇങ്ങനെയൊരു മൃഗം അവർക്കു മുൻപിൽ വെട്ടപ്പെട്ടിട്ടില്ലാത്തതിനാൽ അവർ അതിനെപ്പറ്റി വിശ്വസിക്കാൻ തയാറായില്ല.

ഒകാപി (Photo: X/ @africaupdates)
ഒകാപി (Photo: X/ @africaupdates)

പൊതുവേ നിബിഡമായ ഉൾവനങ്ങളിൽ താമസിക്കുന്ന ജീവികളാണ് ഒകാപ്പികൾ. ഇവ ശാന്തമായും ഒറ്റയ്ക്കും ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ഒകാപി മനുഷ്രുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് അപൂർവമാണ്. ഇവയവശേഷിപ്പിക്കുന്ന കാൽപാടുകളിൽ നിന്നാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.1890ൽ മധ്യ ആഫ്രിക്കൻ മേഖലയിലെത്തിയ സർ ഹെന്റി സ്റ്റാൻലിയാണ് ഈ മൃ്ഗത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്. എന്നാൽ സ്റ്റാൻലിക്ക് കൃത്യമായ തെളിവുകളില്ലായിരുന്നു.

1901ൽ ഹാരി ജോൺസൺ എന്ന ഓഫിസർ ഒകാപ്പിയുടെ തലയോട്ടിയും ചർമവും തദ്ദേശീയരിൽ നിന്നു സംഘടിപ്പിച്ചു. പിന്നെയും ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞ് 2008ലാണ് ഒകാപ്പിയെ ജീവനോടെ കണ്ടെത്താനായത്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലാണ് ഒകാപ്പി കാണപ്പെടുന്നത്. ഒന്നരമീറ്റർ പൊക്കമുള്ള ഈ ജീവികൾക്ക് 200 മുതൽ 350 കിലോ വരെ ഭാരമുണ്ട്. സസ്യാഹാരികളായ ഈ ജീവികൾ വംശനാശഭീഷണി നേരിടുന്നവയാണ്. കോംഗോയിലെ ദേശീയനിയമം ഇവയ്ക്ക് സംരക്ഷണം ഏർപെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com