കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും വളർത്തുനായയെ വലിച്ചെറിഞ്ഞു: ഉടമയായ യുവതിക്ക് ഒരു വർഷം തടവ്
Mail This Article
തന്റെ വളർത്തു നായയെ അതിക്രൂരമായി കൊല്ലാൻ ശ്രമിച്ചതിന് ഉടമയായ യുവതിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് ഓസ്ട്രേലിയൻ കോടതി. രണ്ടാം നിലയ്ക്ക് മുകളിൽ നിന്നും വളർത്തുനായയെ ഉടമയായ എമി ലിയ എന്ന 26കാരി താഴേക്ക് വലിച്ചെറിഞ്ഞു എന്ന് സംശയാതീതമായി തെളിഞ്ഞതിനാലാണ് കോടതി ശിക്ഷ വിധിച്ചത്. 2022 ഏപ്രിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഷിഹ് സു ഇനത്തിൽപ്പെട്ട 10 വയസ്സുള്ള പ്രിൻസസ് എന്ന നായയെയാണ് എമി യാതൊരു ദയയും കൂടാതെ താഴേയ്ക്ക് വലിച്ചെറിഞ്ഞത്.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്തിൽ സ്ഥിതിചെയ്യുന്ന വെസ്റ്റ് ഫീൽഡ് ഷോപ്പിങ് സെന്ററിന് സമീപമുള്ള കാർ പാർക്കിൽ മരണാസന്നയായ നിലയിൽ കിടന്ന നായയെ വഴിപോക്കരിൽ ഒരാൾ കണ്ടെത്തുകയായിരുന്നു. കാറിടിച്ചതാവാം എന്ന് കരുതി ഉടൻ തന്നെ നായക്ക് ചികിത്സയും നൽകി. ആന്തരിക രക്തസ്രാവവും തലച്ചോറിനും നട്ടെല്ലിനും ഗുരുതരമായ പരിക്കും സംഭവിച്ച നിലയിലായിരുന്നു നായയെ ആശുപത്രിയിലേയ്ക്ക് എത്തിച്ചത്. ആശുപത്രി അധികൃതർ നായയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന മൈക്രോചിപ്പിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഉടമയെ വിളിച്ചു വരുത്തി. ബോയ്ഫ്രണ്ടിനൊപ്പം ആശുപത്രിയിൽ എത്തിയ എമി നായയുടെ അവസ്ഥയെക്കുറിച്ചും ചികിത്സയ്ക്ക് വേണ്ടിവരുന്ന തുകയെക്കുറിച്ചും ആശുപത്രി അധികൃതരോട് വിശദമായി ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു.
കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം നായക്ക് ജീവൻ നിലനിർത്താൻ ബുദ്ധിമുട്ടാണെന്ന് അറിഞ്ഞതോടെ ദയാവധം നൽകാനായിരുന്നു എമി ആവശ്യപ്പെട്ടത്. അതുപ്രകാരം ഡോക്ടർ പ്രിൻസസിന് ദയാവധം നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പൊലീസ് ഉദ്യോഗസ്ഥർക്കു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് യഥാർത്ഥ സംഭവം വെളിവായത്. കാർ പാർക്കിംഗിന്റെ മുകൾ നിലയിൽ കാമുകനുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയായിരുന്നു എമി. കാമുകനെ പ്രകോപിപ്പിക്കാനെന്നവണ്ണം പല ആവർത്തി എമി പ്രിൻസസിനെ കയ്യിലെടുത്ത് ടെറസിന്റെ വശങ്ങളിലുള്ള മതിലിനു പുറത്തുകൂടി നടത്തുന്നതും കാണാം.
ഒരുതവണ നായയെ എടുത്ത് കാറിനരികിലേയ്ക്ക് മടങ്ങിപ്പോയ എമി വീണ്ടും തിരികെയെത്തി അതിനെ ദൂരേയ്ക്ക് വലിച്ചെറിയുകയായിരുന്നു. അതിനുശേഷം ഇരുവരും കാർ പാർക്കിൽ നിന്നും മടങ്ങുകയും ചെയ്തു. സംഭവത്തിന് ശേഷം താൻ ചെയ്ത പ്രവർത്തിയെക്കുറിച്ച് എമി തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കെട്ടിടത്തിന് മുകളിൽ നിന്നും നായയെ വലിച്ചെറിഞ്ഞുവെന്നും അത് മരിക്കുന്നത് നോക്കി നിന്നുവെന്നും ഈ കുറ്റബോധവും പേറി ജീവിക്കാനാവില്ലെന്നും ആയിരുന്നു പോസ്റ്റിലൂടെ ഇവർ വെളിപ്പെടുത്തിയത്. എന്നാൽ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ ഇൻസ്പെക്ടറോട് തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് മൂലമാണ് ഇത്തരം ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് എന്നായിരുന്നു എമിയുടെ വാദം. കേസ് പരിഗണിച്ച കോടതി ഈ വാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് മുൻകൂട്ടി പദ്ധതി തയ്യാറാക്കി മനപ്പൂർവമാണ് എമി പ്രിൻസസിനെ കൊലപ്പെടുത്തിയത് എന്ന് പ്രസ്താവിക്കുകയായിരുന്നു. നായയെ കൊലപ്പെടുത്തിയിട്ടും അതിൽ പശ്ചാത്താപം തോന്നാതെ അത് ഒളിച്ചു വയ്ക്കാനാണ് എമി ശ്രമിച്ചതെന്നും കോടതി കണ്ടെത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. എമിക്ക് 12 മാസം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. അടുത്ത പത്തു വർഷത്തേക്ക് മൃഗങ്ങളെ വളർത്തുന്നതിൽ നിന്നും യുവതിക്ക് വിലക്കും ഏർപ്പെടുത്തി.