ചുവന്നുതുടുത്ത ചുണ്ടുകൾ’: ജീവികളെ ആകർഷിക്കും ഗേൾഫ്രണ്ട് കിസ്
Mail This Article
ചെടികൾക്കിടയിൽ ചുവന്നുതുടുത്ത ചുണ്ടുകൾ! ഒറ്റനോട്ടത്തിൽ എല്ലാവരും തെറ്റിദ്ധരിച്ചേക്കാം. അത് തന്നെയാണ് ഈ അപൂർവ ചെടിയുടെ പ്രത്യേകത. തെക്കേ അമേരിക്കയിലെ മഴക്കാടുകളുടെ പ്രിയങ്കരിയായ, പാലികൗറിയ എലാറ്റയുടെ ഇലകൾ മനുഷ്യന്റെ ചുണ്ടുകളോട് സൗമ്യമുള്ളവയാണ്. ഈ ചുവന്ന ഇലകൾക്കിടയിലാണ് പൂവ് ഉണ്ടാകുന്നത്. ചെറുജീവികളെ ആകർഷിക്കാനും അതുവഴി പരാഗണം നടത്താനും പൂവിന്റെ ആകൃതി ചെടിക്ക് സഹായകമാകുന്നുണ്ട്.
നേരത്തെ ഈ ചെടി സൈക്കോട്രിയ എലാറ്റ എന്നാണ് അറിയപ്പെട്ടിരുന്നത്. ഗേൾഫ്രണ്ട് കിസ് (Girlfriend kiss), ലാബിയോസ് ഡി പുട്ട (Labios De puta ) എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നുണ്ട്. പൂക്കളുടെ ആകൃതി കാരണം ഇതിനെ ഹോട്ട് ലിപ്സ് എന്നും വിളിക്കുന്നുണ്ട്. മെക്സികോ, കോസ്റ്റാറിക്ക, ഇക്വഡോർ, പനാമ, കൊളംബിയ എന്നീ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് വളരുന്ന ഉഷ്ണമേഖല സസ്യമാണ് പാലികൗറിയ എലാറ്റ.
പൊതുവെ പച്ചനിറത്തിലാണ് ഇലകളെങ്കിലും പൂക്കൾ ഉണ്ടാകുന്ന സമയം ഇലകൾ ചുവന്നുതുടുക്കും. ചുണ്ടിന്റെ ആകൃതിയിലാകും. പിന്നീട് ഇവയ്ക്കിടയിൽ പൂക്കൾ ഉണ്ടാകുന്നു. ഈ പൂക്കൾക്ക് സുഗന്ധം ഉള്ളതായി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിന്റെ ആകൃതിയാണ് ജീവികളെ ആകർഷിക്കുന്നത്. ഒന്ന് മുതൽ 4 മീറ്റർ വരെ ചെടികൾ വളരുന്നുണ്ട്.
മഴക്കാടുകളുടെ വ്യാപകനശീകരണം പാലികൗറിയ എലാറ്റയെയും ബാധിച്ചിട്ടുണ്ട്. ഈ ചെടികൾ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഇവയെ അതിന്റെ സ്വാഭാവിക പരിസ്ഥിതിയിൽ സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.